Connect with us

International

ഇരട്ട കാര്‍ ബോംബ് സ്‌ഫോടനം:സിറിയയിലെ ഹോംസില്‍ 42 മരണം

Published

|

Last Updated

ദമസ്‌കസ്: സിറിയന്‍ നഗരമായ ഹോംസില്‍ രണ്ട് കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 42 പേര്‍ കൊല്ലപ്പെട്ടു. ഹോംസ് നഗരത്തിലെ അല്‍ അര്‍മാനിലേക്കുള്ള പ്രവേശനകവാടത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായതെന്ന് സന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇരട്ട ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടനയുടെ കണക്കുകള്‍ പ്രകാരം മരണ സംഖ്യ 46 ആണ്. കൊല്ലപ്പെട്ടവരില്‍ 28 സാധാരണക്കാരും ഉള്‍പ്പെടുന്നതായും സംഘടന കൂട്ടിച്ചേര്‍ത്തു.

സിറിയന്‍ സര്‍ക്കാറിന്റെ അധികാരത്തിന് കീഴിലുള്ള ഈ നഗരത്തിന് നേരെ ഇടക്കിടെ ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ മാസം നടന്ന മറ്റൊരു ഇരട്ട ബോംബാക്രമണത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമണത്തിന് ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസില്‍ തീവ്രവാദികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
സിറിയന്‍ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിന് കീഴിലുള്ള അലപ്പൊ പ്രവിശ്യയിലെ സൈനിക മുന്നേറ്റം ശക്തമാകുന്നതിനിടെയാണ് ഹോംസില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. അലപ്പൊയിലെ കിഴക്കന്‍ പ്രദേശങ്ങളിലെ 18 ഗ്രാമങ്ങള്‍ സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. റഷ്യന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെയായിരുന്നു സൈന്യത്തിന്റെ മുന്നേറ്റം. അലപ്പൊയിലെ നിരവധി ഗ്രാമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതായും ഇവിടുത്തെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അലപ്പൊയിലെ നിരവധി തന്ത്രപ്രധാന ഭാഗങ്ങള്‍ സിറിയന്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
അലപ്പൊയില്‍ സിറിയന്‍ സൈന്യം പ്രത്യാക്രമണം ആരംഭിച്ചതോടെ ഇവിടെ നിന്ന് 50,000ത്തിലധികം പേര്‍ പലായനം ചെയ്തു. തുര്‍ക്കി അതിര്‍ത്തിയിലെ താത്കാലിക അഭയാര്‍ഥി ക്യാമ്പുകളില്‍ ലക്ഷക്കണക്കിന് സിറിയക്കാരാണ് ദുരിതത്തില്‍ കഴിയുന്നത്.

Latest