Connect with us

National

രാജ്യത്തെ 300 ഗ്രാമങ്ങളെ വികസിപ്പിക്കും; റൂര്‍ബന്‍ മിഷന്‍ പദ്ധതിക്ക് തുടക്കം

Published

|

Last Updated

ദോംഗര്‍ഗഢ് (ഛത്തീസ്ഗഢ്): മോദി സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന “റൂര്‍ബന്‍ മിഷന്”തുടക്കമായി. നാഗരിക വളര്‍ച്ചാ കേന്ദ്രങ്ങളായി രാജ്യത്തെ 300 ഗ്രാമങ്ങളെ വികസിപ്പികുകയാണ് പദ്ധതിയുടെ ലക്ഷ്യം. തന്റെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമൊപ്പമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി. ഗ്രാമങ്ങളില്‍ നഗരത്തിലെ സൗകര്യങ്ങള്‍ ഒരുക്കും. എന്നാല്‍ ഗ്രാമത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ മാറ്റം വരാതെ നോക്കും. ഗ്രാമ കൂട്ടായ്മകളുടെ അന്തസ്സത്ത നിലനിര്‍ത്തി തന്നെ അവയുടെ വികാസം സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
തിരഞ്ഞെടുക്കുന്ന 300 ഗ്രാമക്കൂട്ടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒരു ഗ്രാമവും അതിനോട് ചേര്‍ന്ന നാല് ഗ്രാമങ്ങളും ഒറ്റ യൂനിറ്റായി കണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ചെയ്യുക. ഇത്തരം നൂറ് കേന്ദ്രങ്ങള്‍ ഈ വര്‍ഷം തന്നെ വികസിപ്പിക്കും. ഇന്ത്യയെപ്പോലെ വിശാലമായ ഒരു രാജ്യത്ത് നിരവധി വിദൂരസ്ഥ ഗ്രാമങ്ങളുണ്ട്. ഇവയെ വളര്‍ച്ചാ കേന്ദ്രങ്ങളായി മാറ്റാതെ രാജ്യത്തിന്റെ സമഗ്ര വികസനം സാധ്യമല്ല. ഇത്തരം ഗ്രാമങ്ങളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ടാണ് ഇത് സാധ്യമാക്കേണ്ടത്- ഛത്തീസ്ഗഢിലെ ദോംഗര്‍ഗഢില്‍ മോദി പറഞ്ഞു. സ്വച്ഛ് ഭാരത് മുതല്‍ റൂര്‍ബന്‍ മിഷന്‍ വരെയുള്ള പദ്ധതികള്‍ പാവങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ്.
നഗരങ്ങളുടെ സമ്മര്‍ദം കുറച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി രമണ്‍ സിംഗ്, കേന്ദ്ര ഗ്രാമ വികസന മന്ത്രി ബീരേന്ദ്ര സിംഗ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.