Connect with us

International

ജെ എന്‍ യു: വി സിക്ക് നോം ചോംസ്‌കിയുടെ രൂക്ഷ വിമര്‍ശം

Published

|

Last Updated

ന്യൂയോര്‍ക്ക്: അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ എടുത്ത നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ ചിന്തകന്‍ നോം ചോംസ്‌കി. ക്യാമ്പസില്‍ പോലീസിനെ കയറ്റാന്‍ തീരുമാനിച്ച വി സിയുടെ നടപടി ശുദ്ധമണ്ടരത്തമായിരുന്നുവെന്ന് ചോംസ്‌കി പറഞ്ഞു.
ജെ എന്‍ യുവിലെ സംഭവവികാസങ്ങളില്‍ അമേരിക്കയിലെ പലരും ആശാങ്കാകുലരാണ്. അത്തരമൊരു സര്‍വകലാശാലയിലെ പ്രശ്‌നങ്ങളില്‍ സൂക്ഷ്മതയോടെ ഇടപെടാനുള്ള ബാധ്യത സര്‍ക്കാറിനും വി സിക്കുമുണ്ടായിരുന്നു. അത് അവര്‍ നിര്‍വഹിച്ചില്ല. ക്യാമ്പസില്‍ രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ നടന്നതിന് വിശ്വാസ്യയോഗ്യമായ ഒരു തെളിവും ലഭ്യമായിട്ടില്ലെന്നും വൈസ് ചാന്‍സിലര്‍ ജഗദീശ് കുമാറിന് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ചോംസ്‌കി വ്യക്തമാക്കി. നിയമപരമായി അനിവാര്യമല്ലാഞ്ഞിട്ടും എന്തിനാണ് ക്യാമ്പസില്‍ പോലീസിനെ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
പ്രശ്‌നം കൈകാര്യം ചെയ്ത രീതിയാണ് ഇത്ര വഷളാക്കിയത്. ക്യാമ്പസിലേക്ക് പോലീസിനെ വിളിച്ചു വരുത്തിയതാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധത്തിനിടയാക്കിയതെന്നും ചോംസ്‌കി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ താന്‍ പോലീസിനെ വിളിച്ചിട്ടില്ലെന്നാണ് വി സി പ്രതികരിക്കുന്നത്. നിയമപരമായ നടപടികള്‍ സ്വീകരിക്കാനുള്ള സഹകരണം നല്‍കുക മാത്രമാണ് ചെയ്തത്. അത് ചെയ്യാനുള്ള ബാധ്യതയുണ്ടെന്നാണ് കരുതുന്നതെന്നും വി സി പറഞ്ഞിരുന്നു.
ജെ എന്‍ യു സംഭവത്തില്‍ പ്രതിഷേധിച്ച് നോം ചോംസ്‌കി, ഒര്‍ഹാന്‍ പാമുക് ഉള്‍പ്പെടെയുള്ള 86 സാഹിത്യകാരന്‍മാരും ശാസ്ത്രജ്ഞരും പ്രതിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. ജെ എന്‍ യു വിഷയത്തില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചാണ് സംയുക്ത വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിരുന്നത്. ജനാധിപത്യപരമായി വിയോജിപ്പ് പുലര്‍ത്തുന്നവരോടുള്ള അസഹിഷ്ണുതയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ഥി സമരത്തിന് അക്കാദമിക വിചക്ഷണര്‍ നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒമ്പതിനാണ് അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന് കാണിച്ച് കന്‍ഹയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. ക്ലാസുകള്‍ ബഹിഷ്‌കരിച്ച് ജെ എന്‍ യുവിലെ വിദ്യാര്‍ഥി സമരം തുടരുകയാണ്.

---- facebook comment plugin here -----

Latest