കെ സി ബി സിക്കെതിരെ കാനം: ഗോവയില്‍ മദ്യനിരോധനം ആവശ്യപ്പെടാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളി

Posted on: February 22, 2016 9:29 am | Last updated: February 22, 2016 at 9:29 am
SHARE

KANAM RAJENDRANതിരുവനന്തപുരം: കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സിലിനെ(കെ സി ബി സി)തിരെ വിമര്‍ശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മദ്യവര്‍ജനത്തെ എതിര്‍ക്കുന്നവര്‍ക്ക് പ്രത്യേക അജന്‍ഡ ഉണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതായി കാനം പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു കാനത്തിന്റെ വിമര്‍ശനം. സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കിയെന്ന കെ സി ബി സിയുടെ പ്രസ്താവന വസ്തുതാപരമല്ലെന്ന് കാനം പറഞ്ഞു. പാര്‍ട്ടി അത്തരത്തിലൊരു പ്രമേയം പാസാക്കിയിട്ടില്ല. ‘ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഏതെങ്കിലും അച്ചന്‍മാര്‍ പ്രമേയം കൊണ്ടുവന്നാലും അത് പാസാക്കേണ്ടത് ഞങ്ങളല്ലേ. 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അങ്ങനെയൊരു പ്രമേയം പാര്‍ട്ടി പാസാക്കിയിട്ടില്ല – കാനം പറഞ്ഞു.
മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് വേണ്ടതെന്ന നിലപാട് എങ്ങനെ വര്‍ഗീയമാകും. മദ്യനിരോധനം നടപ്പാക്കിയ ഒരിടത്തും അത് വിജയം കണ്ടിട്ടില്ല. കത്തോലിക്കാ സഭക്ക് ഭൂരിപക്ഷമുള്ള മിസോറാമില്‍ പോലും മദ്യനിരോധനം വിജയിച്ചിട്ടില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ മദ്യനിരോധനം നീക്കിയപ്പോള്‍ ഒരു പ്രമേയം പാസാക്കാന്‍ പോലും അവിടെ സഭ മുന്നോട്ടുവന്നിട്ടില്ല. ഗോവയിലാണ് ബാറുകളും കാസിനോകളും ഏറെയുള്ളത്. അവിടെ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ സഭക്ക് ധൈര്യമുണ്ടോയെന്നും കാനം ചോദിച്ചു. കാസിനോകള്‍ അടച്ചുപൂട്ടണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഇടതുപക്ഷമാണ്. അധികാരത്തിലെത്തിയാല്‍ കാസിനോകള്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞ ബി ജെ പി ഇപ്പോള്‍ മൗനം പാലിക്കുകയാണ്. ഈ സാഹചര്യം തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തത്. മദ്യനയം നടപ്പാക്കിയതിന് പിന്നാലെ സമാന്തര ലഹരി മാഫിയ സംസ്ഥാനത്ത് ശക്തിപ്രാപിക്കുകയാണ്. ഇതിനെതിരെ ഒരു പ്രമേയവും സഭ പാസാക്കുന്നില്ലെന്നും കാനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here