Connect with us

Kerala

കോണ്‍ഗ്രസില്‍ സീറ്റ് ഉറപ്പിക്കാന്‍ സിറ്റിംഗ് എം എല്‍ എമാര്‍

Published

|

Last Updated

തിരുവനന്തപുരം:കൂടുതല്‍ തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്നതോടെ സീറ്റ് ഉറപ്പിക്കാന്‍ കോണ്‍ഗ്രസിലെ സിറ്റിംഗ് എം എല്‍ എമാര്‍ നെട്ടോട്ടത്തില്‍. ഗ്രൂപ്പുകള്‍ക്കപ്പുറത്ത് നിന്നൊരാള്‍ കെ പി സി സി പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ ഇത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എങ്ങിനെ പ്രതിഫലിക്കുമെന്നാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ ആശങ്ക. ചര്‍ച്ചകള്‍ തുടങ്ങും മുമ്പെ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാനദണ്ഡം കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡ് നീക്കം. ഇതിനിടെ, വട്ടിയൂര്‍ക്കാവ് മണ്ഡലം ഏറ്റെടുക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ നീക്കത്തിനെതിരെ സിറ്റിംഗ് എം എല്‍ എ. കെ മുരളീധരന്‍ രംഗത്തുവന്നു. വട്ടിയൂര്‍ക്കാവില്ലെങ്കില്‍ മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നാണ് മുരളീധരന്റെ ഭീഷണി.
സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ഹൈക്കമാന്‍ഡ് നിലപാട് ഇന്ന് വ്യക്തമാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി കേന്ദ്ര നേതൃത്വം ഇന്ന് ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ച നിര്‍ണായകമാണ്. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം ഏത് ദിശയിലാകുമെന്നതിന്റെ വ്യക്തമായ സൂചന ഇന്നുണ്ടാകും. കോണ്‍ഗ്രസിന്റെ സാന്നിധ്യം ദേശീയതലത്തില്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഭരണത്തുടര്‍ച്ചയെ അനിവാര്യമായാണ് ഹൈക്കമാന്‍ഡ് കാണുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ ചുമതല ഓരോ മുതിര്‍ന്ന നേതാക്കളെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഗുലാംനബി ആസാദിനാണ് കേരളത്തിന്റെ ചുമതല. അദ്ദേഹം പ്രാഥമിക ചര്‍ച്ചകള്‍ നടത്തി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാകും ഇന്നത്തെ കൂടിക്കാഴ്ച്ചകള്‍.
ജയസാധ്യത മാത്രമായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രധാന മാനദണ്ഡമെന്ന ഹൈക്കമാന്‍ഡ് സന്ദേശം മുതിര്‍ന്ന നേതാവ് എ കെ ആന്റണി വഴി കേരള നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. സിറ്റിംഗ് എം എല്‍ എമാരെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ വരെ ഈ നിര്‍ദേശം പ്രതിഫലിക്കും. കൂടുതല്‍ തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ നിന്നുയര്‍ന്നത് സിറ്റിംഗ് എം എല്‍ എമാരില്‍ ചിലരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ട്. 39 സീറ്റിലാണ് സിറ്റിംഗ് എം എല്‍ എമാരുള്ളത്. രണ്ട് മുതല്‍ എട്ടു തവണ വരെ എം എല്‍ എമാരായാണ് ഇവരില്‍ ഭൂരിഭാഗവും. 82 സീറ്റാണ് പാര്‍ട്ടിക്കുള്ളത്. സിറ്റിംഗ് എം എല്‍ എമാര്‍ എല്ലാവരും വീണ്ടും മത്സരിക്കട്ടെയെന്ന നിലപാടാണ് കഴിഞ്ഞ തവണ സ്വീകരിച്ചത്. ഇത്തവണയും അങ്ങനെ വേണമെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ളത്. എന്നാല്‍, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഇതിനോട് യോജിക്കുന്നില്ല. ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഹൈക്കമാന്‍ഡുമായി ഇന്ന് നടത്തുന്ന ചര്‍ച്ചയിലും സുധീരന്‍ ഈ നിലപാട് സ്വീകരിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വീണ്ടും മത്സരിക്കുമെന്ന് ഉറപ്പാണെന്നിരിക്കെ സുധീരന്റെ കാര്യത്തിലും ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. ഇതിനിടെ, വട്ടിയൂര്‍ക്കാവ് സീറ്റ് ഏറ്റെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന നീക്കത്തിനെതിരെ കെ മുരളീധരന്‍ ശക്തമായി രംഗത്ത് വന്നു. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിപ്പോള്‍ കെ മുരളീധരന് നല്‍കിയതാണ് വട്ടിയൂര്‍ക്കാവ് സീറ്റ്. ഇവിടെ നിന്ന് അദ്ദേഹം കഴിഞ്ഞ തവണ മികച്ച വിജയം നേടുകയും ചെയ്തു. രമേശ് ചെന്നിത്തലയും വി എം സുധീരനും ഒരുപോലെ വട്ടിയൂര്‍ക്കാവില്‍ കണ്ണുവെച്ചതാണ് മുരളീധരനെ പ്രകോപിപ്പിച്ചത്. വട്ടിയൂര്‍ക്കാവ് സീറ്റ് തന്നില്ലെങ്കില്‍ മത്സരിക്കാനുണ്ടാകില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. സിറ്റിംഗ് സീറ്റായ ഹരിപ്പാടിനേക്കാള്‍ സുരക്ഷിത സീറ്റാണ് വട്ടിയൂര്‍ക്കാവ് എന്ന് കണ്ടാണ് രമേശ് ചെന്നിത്തല ഇതില്‍ കണ്ണുവെച്ചിരിക്കുന്നത്. മണലൂര്‍ സീറ്റാണ് സുധീരന്‍ പരിഗണിക്കുന്നതെങ്കിലും കെ പി സി സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന മണ്ഡലം എന്ന നിലയില്‍ വട്ടിയൂര്‍ക്കാവ് കിട്ടിയാല്‍ കൊള്ളാമെന്ന് അദ്ദേഹത്തിനുണ്ട്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് കെ മുരളീധരന്റെ പ്രതിരോധം.

Latest