Connect with us

Kerala

കൂടുതല്‍ സ്വതന്ത്രരെ പരീക്ഷിക്കാന്‍ സിപിഎം

Published

|

Last Updated

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ കളത്തിലിറക്കാന്‍ സി പി എം. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം ഇത്തവണയും പയറ്റാനാണ് നീക്കം. പൊതുരംഗത്ത് സജീവമായി നില്‍ക്കുന്നവരെയും സിനിമാരംഗത്ത് നിന്നും സി പി എം സ്ഥാനാര്‍ഥികളെ ഇറക്കും. പലരുമായും പ്രാഥമിക കൂടിയാലോചനകള്‍ തുടങ്ങി കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കായി 24ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യവും പരിഗണിക്കും. സിറ്റിംഗ് എം എല്‍ എമാരിലും സെക്രട്ടേറിയറ്റ് അംഗങ്ങളിലും ആരെല്ലാം മത്സരിക്കണമെന്നത് സംബന്ധിച്ച കൂടിയാലോചനകളും യോഗത്തിലുണ്ടാകും.
കഴിഞ്ഞ തവണ നാല് മണ്ഡലങ്ങളില്‍ അഞ്ഞൂറില്‍ താഴെ വോട്ടിന് തോറ്റതിനെ തുടര്‍ന്നാണ് എല്‍ ഡി എഫിന് അധികാരം നഷ്ടപ്പെട്ടത്. ഇത് കണക്കിലെടുത്ത് സ്ഥാനാര്‍ഥിനിര്‍ണയം കുറ്റമറ്റതാക്കാനാണ് നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലും ചാലക്കുടിയിലും നടത്തിയ മുന്നേറ്റം ഉദാഹരണമായി എടുത്തുകാണിച്ചാണ് സ്വതന്ത്രരെ രംഗത്തിറക്കുന്നത്. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള ചാലക്കുടിയില്‍ മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ മലയര്‍ത്തിയടിച്ചായിരുന്നു ഇന്നസെന്റിന്റെ വിജയം. ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയ്‌സ് ജോര്‍ജിനെയും പാര്‍ലിമെന്റിലെത്തിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.
സ്വതന്ത്രരായി ജയിച്ച സിറ്റിംഗ് എം എല്‍ എമാരില്‍ കെ ടി ജലീല്‍ തവനൂരിലും പി ടി എ റഹീം കുന്നമംഗലത്തും ജനവിധി തേടും. ഇതിന് പുറമെ മലപ്പുറം, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകളിലെല്ലാം സ്വതന്ത്ര പരീക്ഷണത്തിന്റെ സാധ്യത തേടുകയാണ് സി പി എം. ഘടകകക്ഷികള്‍ വര്‍ഷങ്ങളായി മത്സരിച്ച് തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രരെ നിര്‍ത്തുകയെന്ന ആലോചനയും സി പി എമ്മിന് മുന്നിലുണ്ട്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് വിട്ടുവന്ന് സി പി എം സ്വതന്ത്രരായി മത്സരിച്ച ഫിലിപ്പോസ് തോമസും വി അബ്ദുര്‍റഹ്മാനും നിയമസഭയിലേക്കും മത്സരിക്കും. താനൂര്‍ മണ്ഡലത്തില്‍ നിന്നാകും വി അബ്ദുര്‍റഹ്മാന്‍ ജനവിധി തേടുക. നടന്‍ മുകേഷ്, കലാഭവന്‍ മണി, സംവിധായകരായ ആഷിക് അബു, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയ പേരുകള്‍ സി പി എം പരിഗണിക്കുന്നുണ്ട്. ആഷിക് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്.

Latest