Connect with us

Articles

ശൈഖ് രിഫാഈ: ആധ്യാത്മികതയും ദര്‍ശനങ്ങളുടെ സൗന്ദര്യവും

Published

|

Last Updated

ഇസ്‌ലാമിലെ ആധ്യാത്മിക താഴ്‌വരയില്‍ വലിയൊരു ജനസഞ്ചയത്തിന്റെ ഹൃദയത്തുടിപ്പായി മാറിയ നാല് ആത്മീയ ഗുരുക്കളുണ്ട്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജിലാനി (റ), ശൈഖ് അഹ്മ്മദല്‍ കബീറുര്‍രിഫാഇ(റ), ശൈഖ് ഇബ്‌റാഹീമുദ്ദസൂഖി(റ), ശൈഖ് അഹമ്മദല്‍ ബദവി (റ). ഇസ്‌ലാമിക ചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി(റ)യെ പോലെ തന്നെ, അദ്ദേഹത്തിന് സമകാലികനായി ജീവിച്ച് നിര്‍ജീവമായി കിടന്ന മുസ്‌ലിം സാമൂഹിക പരിസരം സജീവമാക്കുകയും, മനുഷ്യരാശിയെ അവിശ്വാസത്തിന്റെയും അസാന്മാര്‍ഗികതയുടെയും നീര്‍ച്ചുഴിയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്ത “ഖുത്തുബു”മാരില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന മഹാവ്യക്തിത്വമായിരുന്നു ശൈഖ് അഹമ്മദുല്‍ കബീറുര്‍രിഫാഈ (റ).
ശൈഖ് രിഫാഈ(റ)നെ കുറിച്ച് ചിന്തിക്കുമ്പോള്‍ നാല് കാര്യങ്ങള്‍ കടന്നുവരുന്നു. ഒന്ന്, 78 വര്‍ഷകാലത്തെ മഹാനുഭാവന്റെ ജീവചരിത്രം. രണ്ട്, ശൈഖില്‍ നിന്നും പ്രകടമായ അത്ഭുത ദൃഷ്ടാന്തങ്ങള്‍. മൂന്ന്, രിഫാഈ(റ) വ്യക്തിപ്രഭാവം, നാല്, മഹാനുഭാവന്റെ ദര്‍ശന സൗന്ദര്യം. ഇവയില്‍ മൂന്ന് കാര്യങ്ങള്‍ കേരളീയ സാഹചര്യത്തില്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. രിഫാഈ മാല ഈ മൂന്ന് കാര്യങ്ങളിലും സമ്പുഷ്ടമായിരുന്നു. നാലാമത്തേത് മഹാനുഭാവന്റെ ദര്‍ശന സൗന്ദര്യം സാധാരണക്കാര്‍ക്ക് എത്തിപ്പെടാവുന്നതല്ല. ഉന്നതരായ പണ്ഡിതര്‍ക്കും ആരീഫീങ്ങള്‍ക്കും മാത്രമേ അതിന്റെ ആത്മരഹസ്യം കണ്ടെത്താന്‍ കഴിയൂ.
ഇറാഖിലെ യൂഫ്രട്ടീസ്-ടൈഗ്രീസ് സംഗമസ്ഥാനമായ ബത്വാഇഹിലെ ഉമ്മു അബീദ ഗ്രാമത്തില്‍ ഹസന്‍ എന്ന ഉള്‍പ്രദേശത്ത് സമുന്നത പണ്ഡിതനായ അബുല്‍ ഹസന്‍ അലി(റ)ന്റെയും ഉമ്മുല്‍ഫള്ല്‍ ഫാത്തിമ അന്‍സാരിയ്യ(റ) ന്റെയും മകനായി ഹിജ്‌റ 500 മുഹര്‍റം (ക്രിസ്താബ്ദം 1106 സെപ്തംബര്‍) മാസത്തില്‍ സുല്‍ത്താനുല്‍ ആരിഫീന്‍ ശൈഖ് അബുല്‍ അബ്ബാസ് അഹമ്മദുല്‍ കബീറുര്‍രിഫാഈ (റ) ജനിച്ചു.
ആത്മീയലോകത്തെ ഉന്നത മഹാത്മാക്കളുടെ കുടുംബത്തില്‍ ആത്മീയത നിറഞ്ഞ അന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്നു എന്ന് മാത്രമല്ല, ബാല്യത്തില്‍ തന്നെ അത്തരം വിഷയങ്ങളില്‍ വളരെ തത്പരനുമായിരുന്നു. അദ്ദേഹത്തിന്റെ മാതുലനായ ശൈഖ് മന്‍സ്സൂറുസ്സാഹിദും ശൈഖ് അലിയ്യുല്‍ വാസിത്വിയും ആത്മീയഗുരുക്കളായിരുന്നു എന്നും ഇവരില്‍ നിന്നും മഹാനുഭാവന്‍ സ്ഥാനവസ്ത്രം സ്വീകരിച്ചു എന്നും ചരിത്ര ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. 28 വയസ്സ് പ്രായമായപ്പോഴേക്കും ബസറയിലേയും വാസിത്വിലെയും ശൈഖുമാരുടെ ആധ്യാത്മിക തത്പരരോട് ശൈഖ് മന്‍സൂര്‍ (റ) സ്മര്യപുരുഷനെ അംഗീകരിക്കണമെന്ന് നിര്‍ദേശിച്ചു. അങ്ങനെ ശൈഖ് റിഫാഈ (റ) സ്വന്തം പ്രദേശത്ത് പര്‍ണശാലയും ദര്‍സും ഒന്നിച്ചുതുടങ്ങി.
വിജ്ഞാനം ഈമാനിന്റെ വര്‍ധനവിനും ഇമാന്‍ ആരാധനയുടെ വര്‍ധനവിനും ആരാധന ഇലാഹീസാമീപ്യത്തിനും എന്ന സൂഫി ചിന്തകളുടെ അടിസ്ഥാനതത്വം പൂര്‍ണമായി പ്രയോഗവത്കരിച്ചു കാണിച്ച മഹാനുഭാവന്‍ ത്വരീഖത്തിന്റെ ശൈഖുമാര്‍ക്കെല്ലാം വ്യക്തമായ മാതൃകയാണ്. ത്വരീഖത്തിന്റെ ഉന്നത മേഖലയില്‍ വിരാചിക്കുമ്പോഴും ശരീഅത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു എന്ന് രിഫാഈ മാലയില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ദീനിനെതിരെ നിന്ന ഒരു ചക്രവര്‍ത്തിയെ ദീനനുകൂലിയാക്കാന്‍ കഴിഞ്ഞുവെന്ന് മാലയിലെ 18-ാം വരി സൂചിപ്പിക്കുന്നത് തന്നെ ശരീഅത്തിന്റെ പ്രയോക്തതക്കു ഉദാഹരണമാണെങ്കില്‍ സാധാരണക്കാര്‍ക്കിടയിലെ ശൈഖിന്റെ പ്രയത്‌നം എത്രമാത്രമായിരുന്നിരിക്കും.!
വിശ്വാസാദാര്‍ഢ്യം, അന്വേഷണത്വര, വിജ്ഞാനദാഹം ആരാധനയിലുള്ള അതിയായ ഉത്സാഹം, തുടങ്ങിയ വിശേഷണങ്ങള്‍ കൗമാര പ്രായത്തില്‍ തന്നെ പ്രകടമായിരുന്ന ശൈഖ് അവര്‍കളില്‍, ലോകപരിത്യാഗവും ആദര്‍ശ പ്രതിബദ്ധതയും ഉത്കൃഷ്ടസവിശേഷതകളായി രിഫാഈ മാലയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജീവിതം ഇലാഹിനുള്ള ആരാധനയില്‍ ബന്ധിതമായിരുന്നു. നിസ്‌കാര വിഷയത്തില്‍ ഏറെ സുക്ഷ്മത പുലര്‍ത്തിയിരുന്നുവെന്നും ത്വരീഖത്തിന്റെ പേരില്‍ നിസ്‌കാരം ഉപേക്ഷിക്കുന്നതിന് ആത്മീയ ശാസ്ത്രത്തില്‍ ഇടമില്ലെന്നും മാലയുടെ വരികള്‍ മനസ്സിലാക്കിത്തരുന്നു. ഇസ്‌ലാമിക ശരീഅത്തില്‍ പ്രകടവും സ്വാഭാവികവുമായ പരിധിയിലും പരിഗണനയിലും തെറ്റായ കാര്യങ്ങള്‍ തന്റെ സദസ്സിലും സമീപത്തും തെറ്റാണെന്ന് മഹാന്‍ വിധിച്ചു. എല്ലാറ്റിനും പുറമേ അവിടുന്ന് തുറന്ന് പ്രഖ്യാപിച്ചത് തന്റെ ജീവിതം തിരുനബി (സ) യുടെ മാര്‍ഗത്തില്‍ അധിഷ്ഠിതമാണെന്നാണ്. മാലയിലെ വരികള്‍ തന്നെ ഇതിന് തെളിവാണ്. “എല്ലാ വലികളും ഓരോ നബിവയ്യില്‍ ഞാനെന്റെ സീബാവാ ത്വബഖാത്തില്‍ എന്നോവര്‍”. ഓരോ അദ്യാത്മിക പുരുഷന്മാര്‍ക്കും ഒരു സ്വഭാവഗുണമുണ്ടെങ്കിലും എന്റെ മാര്‍ഗം എല്ലാ അര്‍ഥത്തിലും പുണ്യപ്രവാചകന്റേത് തന്നെയാകുന്നു എന്നര്‍ഥം. എന്നാല്‍, ഇന്ന് ശരീഅത്തു വിധിവിലക്കുകള്‍ സമൂഹത്തിലെ സാധാരണക്കാര്‍ക്ക് മാത്രമായി നീക്കിവെക്കാനാണ് വ്യാജ ത്വരീഖത്തുകാര്‍ ശ്രമിക്കുന്നത്. ഇതിന് രിഫാഈ ശൈലിയില്‍, എന്നല്ല ശരിയായ ഒരു ത്വരീഖത്തിലും ഒരു പിന്തുണയും ലഭിക്കുന്നില്ല. നബി(സ) പാരമ്പര്യവും പൈതൃകവും ശൈഖ് അവര്‍കളുടെ ജീവിതത്തില്‍ പ്രകാശിതമായിരുന്നു. മുസ്‌ലിംകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക, കുടുംബബന്ധം പുലര്‍ത്തുക, രഹസ്യം സൂക്ഷിക്കുക, അഗതികള്‍ക്കു ഭക്ഷണവും വസ്ത്രവും നല്‍കുക, കരാര്‍ പാലിക്കുക, രോഗികളെ സന്ദര്‍ശിക്കുക, മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുക്കുക തുടങ്ങിയ സത്‌സ്വഭാവ പ്രകടനത്തിലൂടെ ശിക്ഷ്യന്മാരെ ത്വരീഖത്തിന്റെ വിശാലത ശീലിപ്പിക്കുകയായിരുന്നു ശൈഖ് അവര്‍കള്‍. തന്റെ ഒരു നിമിഷം പോലും അല്ലാഹുവിന്റെ മാര്‍ഗത്തിലല്ലാതെ ചെലവഴിച്ചുകൂടാ എന്ന് നിര്‍ബന്ധമായിരുന്നു. സൃഷ്ടികളോടുള്ള സ്‌നേഹവും വാത്‌സല്യവും സ്രഷ്ടാവിലേക്ക് അടുക്കാനുള്ള ഒരു വഴിയാണ് എന്ന് മഹാനുഭാവന്‍ പറയുമായിരുന്നു. ജീവജാലങ്ങളോട് മുഴുവന്‍ അനുകമ്പയും സ്‌നേഹകാരുണ്യങ്ങളും നിറഞ്ഞൊഴുകുന്ന നിര്‍മലമായ മനസ്സിന്റെ ഉടമയായ ശൈഖ്, അല്ലാഹുവിനെക്കുറിച്ചും അവന്‍ സൃഷ്ടികള്‍ക്കു നല്‍കിയ ആത്മാവിനെക്കുറിച്ചും മൂല്യബോധത്തോടെ ചിന്തിക്കുന്നവര്‍ക്കേ മനുഷ്യേതര ജന്തുക്കളുടെ പ്രാധാന്യം മനസ്സിലാകൂ എന്ന് ലോകത്തെ പഠിപ്പിച്ചു. ഏത് പ്രവര്‍ത്തി ചെയ്യാനാണ് താങ്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് ഒരിക്കല്‍ സന്തത സഹചാരിയായ ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു. വിശ്വാസികള്‍ക്ക് ആനന്ദവും സന്തോഷവും പകരുന്ന കര്‍മം എന്നതായിരുന്നു മറുപടി. തന്റെ സ്വത്ത് അപഹരിച്ചവരെയും മോഷണത്തിന് വീട്ടില്‍ വന്നവരെയും അനുയായികളാക്കി മാറ്റിയെടുത്തത് പ്രബോധന മേഖലയിലെ വേറിട്ട ഒരു രീതിയായിരുന്നു.
ആയിരക്കണക്കിന് ശിഷ്യഗണങ്ങള്‍ക്ക് മതാധ്യാപകനും ആത്മീയഗുരുവും ജീവിതവഴികാട്ടിയുമായിരുന്ന ശൈഖവര്‍കള്‍ ശരീഅത്തിലും ത്വരീഖത്തിലും അവര്‍ക്ക് ക്ലാസെടുത്തിരുന്നു. ആധ്യാത്മിക വിജ്ഞാനത്തിന്റെ ഉള്‍പ്പൊരുള്‍ അറിയാവുന്ന അഗാധപാണ്ഡിത്യമുള്ള വലിയ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ശൈഖവര്‍കളുടെ ദര്‍സുകള്‍ക്ക് കഴിഞ്ഞു. ഇവക്ക് പുറമേ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, തര്‍ക്കശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നിവയിലെല്ലാം ആ തൂലിക ചലിച്ചിട്ടുണ്ട്. തന്റെ വിജ്ഞാന വൈപുല്യം കാരണമാണ് ജനങ്ങള്‍ അദ്ദേഹത്തെ കബീര്‍ എന്ന് ആദരിച്ചു വിളിക്കാന്‍ തുടങ്ങിയത് എന്ന് ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നു.
രിഫാഈ(റ)ന്റെ ബാല്യകാലം തന്നെ വളരെ അസാധാരണ സംഭവം കൊണ്ട് തിളക്കമാര്‍ന്നതായിരുന്നു. ആകൃഷ്ട സ്വഭാവക്കാരനായതുകൊണ്ട് ഒട്ടേറെ മഹല്‍ വ്യക്തിത്വങ്ങള്‍ ശൈഖുമായി അടുക്കാന്‍ കാരണമായി. സഹചാരി ആയി മാറിയ ശൈഖ് മക്കിയ്യുല്‍ വാസിത്വി (റ) പറയുകയുണ്ടായി. ഞാന്‍ ശൈഖ് അവര്‍കളുമായി ഒരു രാത്രിയില്‍ താമസിച്ചു. ആ ഒറ്റ രാത്രിയില്‍ മാത്രം നബി (സ)യുടെ പാവന സ്വാഭാവങ്ങളില്‍ നാല്‍പതോളം ഞാന്‍ മഹാനുഭാവനില്‍ കണ്ടു. ഒരേ സമയം രണ്ടു തരം ആഹാര സാധനങ്ങള്‍ കഴിക്കുമായിരുന്നില്ല. വര്‍ഷങ്ങളോളം ശൈഖ് അവര്‍കള്‍ക്ക് സേവനം ചെയ്ത ഒരു സേവകന്‍ പറയുകയുണ്ടായി. ഇക്കാലയളവിനുള്ളില്‍ തന്റെയടുക്കല്‍ എന്തെങ്കിലും ആവശ്യവുമായിവരുന്ന ആരെയും ശൈഖവര്‍കള്‍ മടക്കി അയച്ചിരുന്നില്ല. അനേക ലക്ഷണങ്ങളെ ആത്മിയോന്നതിയിലേക്കുയര്‍ത്തി, ആധ്യാത്മിക ശിക്ഷണ രംഗത്ത് ഒരു സാമ്രാജ്യം കെട്ടിപ്പെടുത്ത ശൈഖ് അഹ്മദുല്‍ കബീര്‍ അരിഫാ ഈ (റ) ഹിജ്‌റ 578 ജമാദുല്‍അവ്വല്‍ 12ന് ഈ ലോകത്തോട് വിടപറഞ്ഞു.