ട്രംപും പോപ്പും

Posted on: February 22, 2016 5:21 am | Last updated: February 21, 2016 at 8:34 pm
SHARE

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ പ്രൈമറികള്‍ പുരോഗമിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും ആര് സ്ഥാനാര്‍ഥിയാകണമെന്ന് നിശ്ചയിക്കാനുള്ള വോട്ടെടുപ്പാണ് പ്രൈമറികളില്‍ നടക്കുന്നത്. അയോവയിലും ന്യൂഹാംഷയറിലും സൗത്ത് കരോലിനയിലും വോട്ടെടുപ്പ് പൂര്‍ത്തിയായി. ഈ വോട്ടെടുപ്പ് മഹാമഹവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഒരു രാജ്യത്തിന്റെ ഭരണത്തലവനെ കണ്ടെത്താനുള്ള പ്രാഥമിക വോട്ടെടുപ്പിന് ഇത്ര മാധ്യമ പരിഗണന കിട്ടുന്നത് എന്ത്‌കൊണ്ടാണ്? അമേരിക്കയില്‍ ദ്വികക്ഷി സമ്പ്രദായത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ നയപരമായി വല്ല വ്യത്യാസവുമുണ്ടോ? പ്രൈമറികളുടെ ഭാഗമായി നടക്കുന്ന സംവാദങ്ങള്‍ക്ക് അമേരിക്കയുടെ ഭാവി സമീപനങ്ങളില്‍ വല്ല സ്വാധീനവും ഉണ്ടാക്കാനാകുമോ? ഇന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ പ്രൈമറി സംവാദങ്ങളില്‍ പറഞ്ഞിരുന്ന മുഴക്കമുള്ള ആശയങ്ങള്‍ പ്രസിഡന്റ്പദത്തില്‍ രണ്ട് ഊഴം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ എത്രമാത്രം സഫലീകരിച്ചു? ഈ ചോദ്യങ്ങളെല്ലാം പ്രസക്തമാണ്. രാജ്യം അമേരിക്കയായതിനാലും ലോകം ഏകധ്രുവമായി തന്നെ നിലകൊള്ളുന്നതിനാലും ആഗോളക്രമം സംഘര്‍ഷഭരിതമായതിനാലും യു എസ് പ്രൈമറികളില്‍ നിന്നുള്ള വാക്കുകള്‍ക്ക് ലോകം കാതോര്‍ക്കുന്നുവെന്നതാണ് പൊതുഉത്തരം.
കോടീശ്വരനും അടിസ്ഥാനപരമായി ബിസിനസ്സുകാരനുമായ ഡൊണാള്‍ഡ് ട്രംപ് ആണ് റിപ്പബ്ലിക്കന്‍ ചേരിയില്‍ മുന്‍പന്തിയിലുള്ളത്. അയോവയില്‍ അദ്ദേഹത്തിന് ടെഡ് ക്രൂസിനോട് തോല്‍ക്കേണ്ടിവന്നെങ്കിലും ന്യൂഹാംഷെയറിലും സൗത്ത് കരോലിനയിലും ശക്തമായി തിരിച്ചുവന്നു. ഡെമോക്രാറ്റിക് ചേരിയില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റനാണ് മുന്നിലുള്ളത്. ചരിത്രത്തിലാദ്യമായി ഒരു വനിതയെ പ്രസിഡന്റ്പദത്തിലെത്തിക്കാന്‍ അമേരിക്കന്‍ ജനത തയ്യാറെടുത്തുകഴിഞ്ഞോ എന്ന് ഹിലാരി തന്നെ സംശയം പ്രകടിപ്പിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടി. അവര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടതിന് തെളിവായി ഈ പ്രസ്താവനയെ വിലയിരുത്തുന്നുണ്ട്. പരിഷ്‌കൃത ലോകത്തിന് ഒരു നിലക്കും സ്വീകാര്യമല്ലാത്ത ഭാഷയും സമീപനവും നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് അഭിപ്രായ സര്‍വേകളെല്ലാം മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ അമേരിക്കന്‍ ജനസാമാന്യം തീവ്രവലതുപക്ഷത്തേക്ക് അതിവേഗം അടുക്കുകയാണെന്ന നിഗമനത്തില്‍ എത്തേണ്ടിവരും. യുദ്ധോത്സുകതയിലും ആയുധ കിടമത്സരത്തിലും അഭിരമിക്കുന്നതാണ് ട്രംപിന്റെ മിക്ക നിലപാടുകളും. അദ്ദേഹം പറയുന്നു: ‘മുസ്‌ലിംകള്‍ അമേരിക്കന്‍ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മുസ്‌ലിംകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്. സന്ദര്‍ശനത്തിനെത്തുന്നവരെ പോലും വിലക്കണം. രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം കൂടുന്നത് അപകടകരമാണ്. ആളുകളെ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്‌ലിംകള്‍’. മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കാന്‍ അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ പണിയണം. ‘തീവ്രവാദി’കളുടെ ഫോണുകളിലെ രഹസ്യ സൂക്ഷിപ്പുകള്‍ തരാന്‍ വിസമ്മതിക്കുന്ന ആപ്പിള്‍ കമ്പനിയെ ബഹിഷ്‌കരിക്കണം. ഉത്തര കൊറിയയെ ഉടന്‍ ആക്രമിക്കണം. ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കണം. ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്നത് പ്രായോഗികമല്ല. ഇങ്ങനെ പോകുന്നു ട്രംപിന്റെ പ്രഖ്യാപനങ്ങള്‍.
ലോകമാകെ ട്രംപിനെ തള്ളിപ്പറയുന്നുണ്ട്. ആ നിരാസ ശ്രേണിയില്‍ ഏറ്റവും ശക്തമായത് മെക്‌സിക്കോ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേ പോപ്പ് ഫ്രാന്‍സിസ് നടത്തിയ പ്രതികരണമാണ്. അദ്ദേഹം പറഞ്ഞു: ‘പാലങ്ങള്‍ പണിയണമെന്ന് പറയുന്നതിന് പകരം മതില്‍ പണിയണമെന്ന് ആഹ്വാനം ചെയ്യുന്ന ട്രംപിനെ ക്രിസ്ത്യാനിയായി കാണാനാകില്ല. കുടിയേറ്റം തടയണമെന്ന് പറയുന്ന ട്രംപ് മതവിരുദ്ധനാണ്. വോട്ട് ചെയ്യാം, ചെയ്യാതിരിക്കാം. പക്ഷേ അദ്ദേഹം ക്രിസ്ത്യാനിയാണെന്ന് പറയാനാകില്ല’. പോപ്പിന്റെ വാക്കുകള്‍ ട്രംപിനെ ശരിക്കും പ്രകോപിപ്പിച്ചു. തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ പോപ്പിന് അധികാരമില്ലെന്നും ഇസില്‍ തീവ്രവാദികള്‍ വത്തിക്കാന്‍ ആക്രമിക്കുമ്പോള്‍ അദ്ദേഹത്തിന് താന്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാകുമെന്നും ട്രംപ് മറുപടി നല്‍കി. കുടിയേറ്റക്കാര്‍ക്ക് മേല്‍ ഒന്നാകെ ഭീകര മുദ്ര ചാര്‍ത്തുകയാണ് ട്രംപ്. എന്നുവെച്ചാല്‍ അമേരിക്കയില്‍ ശക്തിയാര്‍ജിക്കുന്ന വംശീയതയെ ആളിക്കത്തിക്കുക തന്നെ. ഇതാകട്ടേ അമേരിക്കയിലെ മാത്രം പ്രശ്‌നമല്ല. യൂറോപ്പിലും കുടിയേറ്റവിരുദ്ധത കത്തിനില്‍ക്കുകയാണ്. അഭയാര്‍ഥികളെ ആട്ടിയോടിക്കുന്നതില്‍ ജര്‍മനി വരെ അണി ചേരുകയാണ്. ഈ ഘട്ടത്തില്‍ പോപ്പ് നടത്തിയ ഇടപെടല്‍ ഇരകള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം അമൂല്യമാണ്. നബിനിന്ദാ കാര്‍ട്ടൂണ്‍ വരച്ച ഷാര്‍ളി ഹെബ്‌ദോക്കെതിരെ നടത്തിയ വിമര്‍ശവും മുതലാളിത്ത വ്യവസ്ഥയുടെ ചൂഷണങ്ങള്‍ക്കെതിരെയും ഗര്‍ഭഛിദ്രം പോലുള്ള അത്യാചാരങ്ങള്‍ക്കെതിരെയും കൈകൊണ്ട നിലപാടുകളും ക്യൂബ- യു എസ് ബന്ധത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളും പോപ്പ് ഫ്രാന്‍സിസിനെ വ്യത്യസ്തനാക്കുന്നുണ്ട്. കുടിയേറ്റം അനിവാര്യമായ യാഥാര്‍ഥ്യമാണെന്നും അത് അഭിമുഖീകരിച്ചേ തീരൂ എന്നുമുള്ള സന്ദേശമാണ് പോപ്പ് പങ്കുവെക്കുന്നത്. ഒപ്പം അമേരിക്ക പടച്ചുവിടുന്ന ഭീകരതാ നിര്‍വചനങ്ങളെയും അദ്ദേഹം വെല്ലുവിളിക്കുന്നു.