രണ്ട് തീവ്രവാദികളെ കൂടി വധിച്ചു; കാശ്മീരില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു

Posted on: February 22, 2016 8:35 am | Last updated: February 22, 2016 at 6:05 pm
SHARE

pampore-attackശ്രീനഗര്‍: ജമ്മുകാശ്മീരിലെ പാംപോറില്‍ ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ അവസാനിച്ചു. രണ്ട് ഭീകരരെ കൂടി വധിച്ചതായി സെെനിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഭീകരവാദിയെ നേരത്തെ വധിച്ചിരുന്നു. രണ്ടുദിവസമായി തുടരുന്ന പോരാട്ടത്തില്‍ അഞ്ച് സെെനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയുമടക്കം ആറ്‌പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകീട്ടാണ് ഏറ്റമുട്ടല്‍ ആരംഭിച്ചത്. സി. ആര്‍.പി.എഫ് വാഹനവ്യൂഹത്തെ ഭീകരര്‍ ആക്രമിയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസായ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് കെട്ടിടത്തില്‍ താവളമടിച്ചാണ് ഭീകരര്‍ സി.ആര്‍.പി.എഫിനെതിരെ ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നില്‍ ലഷ്‌കറെ ത്വയ്ബയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വെടിവയ്പ്പ് ആരംഭിയ്ക്കുമ്പോള്‍ കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും ജീവനക്കാരുമടക്കം 100ലധികം പേരെ വിജയകരമായി ഒഴിപ്പിച്ചിരുന്നു. കനത്ത ആയുധശേഖരവുമായി പോരാട്ടത്തിനിറങ്ങിയ ഭീകരരെ തുരത്താന്‍ ഏറെ പ്രയത്‌നിക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.