Connect with us

National

ജാട്ട് സമുദായത്തിന് സംവരണം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: സംവരണമാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഹരിയാനയിലെ ജാട്ട് സമുദായക്കാരെ ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ്. ഇതുസംബന്ധിച്ച് രണ്ട് ദിവസത്തിനകം ചേരുന്ന ഉന്നതതല സമിതി തീരുമാനിക്കുമെന്നുമാണ് ഉറപ്പ്. ഇതേത്തുടര്‍ന്ന് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ജാട്ട് സമുദായ നേതാവ് ജയ്പാല്‍ സിംഗ് സാംഗ്‌വാന്‍ സമുദായാംഗങ്ങളോട് അഹ്വാനം ചെയ്തു. അതേസമയം, പ്രക്ഷോഭം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ല. പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും സാംഗ്‌വാന്‍ ഡല്‍ഹിയില്‍ പറഞ്ഞു. പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ജാട്ട് ദേശീയ നേതാവ് യശ്പാല്‍ മാലികും അറിയിച്ചു.
ഇന്നലെ ഹരിയാന സര്‍ക്കാര്‍ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ ജാട്ട് സമുദായ നേതാക്കള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ കൂടിക്കാഴ്ചയായിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. ഒപ്പം പ്രക്ഷോഭം അവസാനിപ്പിക്കാനും സമുദായ നേതാക്കളോട് ആഭ്യന്തരമന്ത്രി അഭ്യര്‍ഥിച്ചു. ഇതോടെ എട്ട് ദിവസമായി തുടരുന്ന പ്രക്ഷോഭത്തിന് അയവുവരുമെന്നാണ് കരുതുന്നത്.
ഹരിയാന നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ പാസ്സാക്കും. കാര്യങ്ങള്‍ പഠിക്കാന്‍ മുതിര്‍ന്ന കേന്ദ്ര മന്ത്രി ഉള്‍പ്പെട്ട സംഘത്തെ നിയോഗിക്കുമെന്നും കേന്ദ്ര സര്‍ലീസിലും സംവരണ സാധ്യത പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, സമുദായത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും പ്രതിഷേധക്കാര്‍ വീടുകളിലേക്ക് മടങ്ങണമെന്നും ഇന്നലെ ഉച്ചകഴിഞ്ഞു പുറത്തിറക്കിയ ഒറ്റവരി വാര്‍ത്താക്കുറിപ്പില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ഒ ബി സി സംവരണ പട്ടികയില്‍ സമുദായത്തെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ മാത്രമേ പ്രക്ഷോഭം പിന്‍വലിക്കുകയുള്ളൂവെന്ന് ജാട്ട് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
ജാട്ട് നേതാക്കള്‍ക്ക് പുറമെ ഹരിയാന സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് മന്ത്രി ഒ പി ധന്‍കര്‍, ബി ജെ പി നേതാവ് അനില്‍ ജെയിന്‍, ഡല്‍ഹി പോലീസ് കമ്മീഷന്‍ ബി സി ബസ്സി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍, കരസേനാ മേധാവി ജനറല്‍ ധല്‍ബീര്‍ സിംഗ് സുഹാഗ് തുടങ്ങിയവര്‍ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest