Connect with us

Gulf

കുടുംബ വിസക്ക് വീട്ടു വാടക കരാര്‍ നിര്‍ബന്ധം

Published

|

Last Updated

ദുബൈ:കുടുംബങ്ങളെ സന്ദര്‍ശക വിസയിലോ താമസവിസയിലോ കൊണ്ടുവരാന്‍ അപേക്ഷ സമര്‍പിക്കുന്നവര്‍ സ്വന്തം പേരിലുള്ള ടെനന്‍സി എഗ്രിമെന്റ് (വീട്ടുവാടക കരാര്‍) ഹാജരാക്കണമെന്ന നിയമം അധികൃതര്‍ കര്‍ശനമാക്കി. സ്വന്തം പേരിലുള്ള ഇത്തരം കരാറുകള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത രേഖ (ഈജാരി)യും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതിനും പുറമെ സ്വന്തം പേരിലുള്ള ജല-വൈദ്യുതി ബില്ലും താമസവിസക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ മൂന്നുമാസത്തെ ബേങ്ക് സ്റ്റേറ്റ്‌മെന്റിന്റെ പകര്‍പ്പുകൂടി സമര്‍പിക്കേണ്ടതുണ്ട്.
ഒരാളുടെ പേരില്‍ വാടകക്കരാറുള്ള വില്ലയിലും മറ്റും ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സൗകര്യത്തിനാണ് പുതിയ നിയമം കര്‍ശനമായതോടെ അന്ത്യമായിരിക്കുന്നത്. കുറഞ്ഞകാലത്തേക്ക് കുടുംബത്തെ കൊണ്ടുവരാനുദ്ദേശിക്കുന്നവരും നിയമം കര്‍ശനമായതോടെ വെട്ടിലായിരിക്കുകയാണ്. “ഒരു വില്ല, ഒരു കുടുംബം” എന്ന അധികൃതരുടെ നേരത്തെയുള്ള തീരുമാനം നടപ്പാക്കുകകൂടി ലക്ഷ്യംവെച്ചുള്ളതാണ് അധികൃതരുടെ വിട്ടുവീഴ്ചയില്ലാത്ത നിയമമെന്നറിയുന്നു.
പുതിയതായി വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമല്ല, നേരത്തെ വിസയെടുത്തവര്‍ക്കും നിയമം ബാധകമാണെന്ന നിലക്കുള്ള നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. നിയമം കര്‍ശനമായ ശേഷം കുടുംബ വിസയെടുത്ത ചിലരെ എമിഗ്രേഷന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി സ്വന്തം പേരിലുള്ള ടെനന്‍സി, ഈജാരി, ദിവ ബില്‍ എന്നിവ ഹാജരാക്കാനാവശ്യപ്പെട്ടതായി അനുഭവസ്ഥര്‍ പറയുന്നു. ആവശ്യമായ മുഴുവന്‍ രേഖകളോടെയും അപേക്ഷ നല്‍കി കുടുംബത്തിന് താമസ വിസയെടുത്ത തലശ്ശേരി കടവത്തൂര്‍ സ്വദേശി മൂസ സഖാഫി ഇത്തരമൊരനുഭവസ്ഥനാണ്.
എമിഗ്രേഷനില്‍ നിന്ന് വിളിച്ച് നിങ്ങള്‍ കുടുംബ വിസയെടുത്തിരുന്നോ എന്നും ഏതൊക്കെ രേഖകളാണ് അപേക്ഷയോടൊപ്പം സമര്‍പിച്ചിരുന്നതെന്നും ചോദിച്ചറിഞ്ഞ അധികൃതര്‍ അവയുടെ അസല്‍ ഹാജരാക്കണമെന്നാവശ്യപ്പെടുകയായിരുന്നു. അല്‍ തവാറില്‍ പ്രവര്‍ത്തിക്കുന്ന എമിഗ്രേഷന്‍ ഓഫീസില്‍ തന്റെ പേരിലുള്ള ഒറിജിനല്‍ രേഖകള്‍ സമര്‍പിച്ച് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ട ശേഷം അവയുടെ പകര്‍പ്പെടുത്ത് ഫയലില്‍ സൂക്ഷിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് മൂസ സഖാഫി വ്യക്തമാക്കി. തത്‌സമയം ഇതേ ആവശ്യത്തിനു വിളിച്ചുവരുത്തിയ മറ്റു പലരെയും അല്‍ തവാറിലെ എമിഗ്രേഷന്‍ ഓഫീസില്‍ കാണാനിടയായെന്നും അദ്ദേഹം പറഞ്ഞു.