Connect with us

Ongoing News

ഇന്ത്യയും നേപ്പാളും ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പുതിയ ഭരണഘടന നിര്‍മാണത്തിന് ശേഷം ആദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലിയും പ്രധാനമന്ത്രി നേരേന്ദ്ര മോദിയും ചര്‍ച്ച നടത്തി.
ആറ് ദിവസത്തെ സന്ദര്‍ശനത്തിനാണ് കെ പി ശര്‍മ ഒലി ഇന്ത്യയിലെത്തിയത്. ഓലി അധികാരമേറ്റ ശേഷം ആദ്യമായി നടത്തുന്ന വിദേശ സന്ദര്‍ശനമാണിത്. 77 അംഗങ്ങളുള്ള പ്രതിനിധി സംഘവുമായിട്ടാണ് ഒലി കഴിഞ്ഞ ദിവസം ഉച്ചയോടെ ഡല്‍ഹിയിലെത്തിയത്. ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചു.
ഇന്ത്യയുമായി കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ അവസാനിച്ചുവെന്നും ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംവാദങ്ങള്‍ക്കും ആശയ ഐക്യത്തിനും അനുസരിച്ചിരിക്കും നേപ്പാളിന്റെ പുതിയ ഭരണഘടനയുടെ ഭാവിയെന്നും ആ രാജ്യത്തിന്റെ സമാധാനത്തിനും സുസ്ഥിരതക്കും സമഗ്ര വികസനത്തിനും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി മോദിയും പ്രതികരിച്ചു.
നേപ്പാളില്‍ പുതിയ ഭരണഘടന രൂപവത്കരണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. ഇന്ത്യയുമായി കുടുംബ, സാംസ്‌കാരിക ബന്ധം സൂക്ഷിക്കുന്ന മധേശി സമുദായം പുതിയ നേപ്പാള്‍ ഭരണഘടനയെ എതിര്‍ത്ത് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
ദശാബ്ധത്തോളം നീണ്ട സമരങ്ങള്‍ക്കൊടുവിലുണ്ടായ നേപ്പാള്‍ ഭരണഘടനാ പ്രഖ്യാപനം ആ രാജ്യത്തിന്റെ വിജയം തന്നെയാണെന്ന് മോദി പറഞ്ഞു. അതിലേക്ക് നയിച്ച രാഷ്ട്രീയ നേതൃത്വത്തെ അഭിനന്ദിക്കുന്നു. പക്ഷേ, അത് വിജയമാകണമെങ്കില്‍ തുടര്‍ സംവാദങ്ങളും അഭിപ്രായ ഐക്യവും ഉണ്ടാകേണ്ടതുണ്ടെന്നും ഒലിയുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും പൊതു അതിര്‍ത്തികള്‍ തീവ്രവാദ സംഘടനകളോ ക്രിമിനലുകളോ ഉപയോഗിക്കാന്‍ അനുവദിക്കരുത്. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജന്‍സികള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Latest