Connect with us

International

മുശര്‍റഫിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട്

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇസ്‌ലാമാബാദിലെ ഒരു പ്രാദേശിക കോടതിയാണ് ലാല്‍ മസ്ജിദ് പണ്ഡിതനായിരുന്ന അബ്ദുല്‍റാശിദ് ഗാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുശര്‍റഫിനെതിരെ വാറണ്ട് നല്‍കിയിരിക്കുന്നത്. 2007ല്‍ സൈനിക അടിച്ചമര്‍ത്തലുകള്‍ക്കിടെയായിരുന്നു ഗാസി കൊല്ലപ്പെട്ടത്. അടുത്ത മാസം 16ന് മുമ്പായി പര്‍വേസ് മുശര്‍റഫിനെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഈ കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് സ്ഥിരമായി ഇളവ് നല്‍കണമെന്ന് മുശര്‍റഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളിക്കളയുകയായിരുന്നു. എന്നാല്‍ കോടതി വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് 55 തവണ ഇതിനകം വാദം കേള്‍ക്കല്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും മുശര്‍റഫ് കോടതിയില്‍ ഹാജരായിട്ടില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇത് നാലാം തവണയാണ് കോടതി ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.
മുശര്‍റഫിന്റെ ഉത്തരവ് പ്രകാരം 2007ല്‍ സൈന്യം പള്ളിയില്‍ അതിക്രമിച്ചുകയറി നടത്തിയ നടപടികളെ തുടര്‍ന്നായിരുന്നു ഗാസിയുടെ മരണം. ഈ കേസില്‍ അതുകൊണ്ട് മുശര്‍റഫിനും പങ്കുണ്ടെന്നും ഇദ്ദേഹത്തെയും കേസില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഗാസിയുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.
ബലൂച് ദേശീയ നേതാവ് നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ മറ്റൊരു കേസുണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസം രാജ്യത്തെ ഭീകരവിരുദ്ധ കോടതി മുശര്‍റഫിനെ കുറ്റവിമുക്തനാക്കി.
1999ല്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ പുറത്താക്കി രക്തരഹിത സൈനിക അട്ടിമറിയിലൂടെ അധികാരത്തിലേറിയ ആളാണ് മുശര്‍റഫ്. 2008ല്‍ അധികാരം നഷ്ടപ്പെട്ടതോടെ ദുബൈയിലേക്ക് രക്ഷപ്പെട്ടു. ബേനസീര്‍ ഭൂട്ടോയുടെ വധം ഉള്‍പ്പെടെയുള്ള മറ്റു ചില കേസുകളിലും മുശര്‍റഫിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

Latest