അബുല്‍ കലാം ആസാദ്: വിദ്യയുടെ ചക്രവര്‍ത്തി

Posted on: February 21, 2016 5:12 am | Last updated: February 21, 2016 at 10:14 am

abul kalam azadസ്വതന്ത്രഭാരതത്തിന്റെ പ്രഥമവിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബുല്‍കലാം ആസാദ് വിട ചൊല്ലിയിട്ട് നാളെ 58 വര്‍ഷം തികയുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അവിസ്മരണീയമായ പങ്ക് വഹിച്ച ദേശീയ നേതാവായിരുന്ന ആസാദിന്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ ശില്‍പ്പി, സ്വാതന്ത്ര്യത്തിന് മുമ്പ് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി കോണ്‍ഗ്രസ് പ്രസിഡന്റായ വ്യക്തി, ക്വിറ്റ് ഇന്ത്യാ സമരകാലത്തെ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്നീ പ്രത്യേകതകള്‍ സ്വന്തമാണ്. കവി, മതപണ്ഡിതന്‍, ദാര്‍ശനികന്‍, ബഹുഭാഷാ പണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, ഭരണതന്ത്രജ്ഞന്‍ തുടങ്ങിയ നിലകളിലും തിളക്കമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഒട്ടേറെ അപൂര്‍വതകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ തീഷ്ണ ബുദ്ധിയും മതേതര കാഴ്ചപ്പാടുകളും ഇന്ത്യയുടെ അഭിജാതമായ സമരയാത്രകള്‍ക്ക് തിളക്കമേകി.
അബുല്‍ കലാം മുഹ്‌യുദ്ദീന്‍ അഹമ്മദ് എന്നായിരുന്നു മുഴുവന്‍ പേര്. അഫ്ഗാനിസ്ഥാനിലെ ഹെരാട്ടിയിലെ പണ്ഡിത കുടുംബത്തില്‍ നിന്നും ഇന്ത്യയിലെത്തിയതാണ് ആസാദിന്റെ കുടുംബം. വീട്ടിലും തൊട്ടടുത്തുമുള്ള പള്ളിയിലും ആയിരുന്നു ആസാദിന്റെ വിദ്യാഭ്യാസം. ആദ്യം പിതാവും പിന്നീട് മറ്റ് മതപണ്ഡിതരുമാണ് ആസാദിനെ പഠിപ്പിച്ചത്. പേര്‍ഷ്യന്‍, ഉറുദു, അറബിക്, ഹിന്ദി എന്നീ ഭാഷകളില്‍ ആസാദ് പ്രാവീണ്യം നേടി. തത്വചിന്ത, ഗണിതശാസ്ത്രം, ശാസ്ത്രം, ലോകചരിത്രം എന്നിവ പഠിപ്പിക്കാന്‍ പ്രത്യേകം അധ്യാപകരെ നിയമിച്ചിരുന്നു. പഠനത്തില്‍ ഏറെ സമര്‍ഥനായിരുന്ന ആസാദ് പതിനാറാമത്തെ വയസ്സില്‍ നിസാമി കോഴ്‌സ് പൂര്‍ത്തിയാക്കിയതോടെ പരമ്പരാഗത വിദ്യാഭ്യാസം അവസാനിച്ചു. (ആസാദിന്റെ സമപ്രായക്കാര്‍ 25ാം വയസ്സിലാണ് ഇത് പൂര്‍ത്തിയാക്കിയത്.) 18ാം വയസ്സില്‍ സുലൈഖ ബീഗത്തെ വിവാഹം കഴിച്ചു. 1912-ല്‍ അബുല്‍കലാം സ്വന്തമായി ഒരു പ്രസ് വാങ്ങി, ജൂണ്‍ ഒന്നിന് അല്‍ ഹിലാല്‍ എന്ന ഉറുദു പത്രം ആരംഭിച്ചു. കുട്ടിക്കാലം തൊട്ടേ കവിത എഴുതുമായിരുന്ന അദ്ദേഹം ആസാദ് എന്ന തൂലികാ നാമത്തിലാണ് എഴുതി തുടങ്ങിയത്. പതിനഞ്ച് വയസ്സായപ്പോള്‍ തന്നെ ധാരാളം ഗസലുകള്‍ എഴുതിയിരുന്നു അദ്ദേഹം.
1914ല്‍ അല്‍ഹിലാല്‍ നിരോധിക്കപ്പെട്ടപ്പോള്‍ അല്‍ ബലാഗ് എന്ന പേരില്‍ മറ്റൊരു പത്രം തുടങ്ങി. 1920 ജനുവരിയില്‍ ഡല്‍ഹിയില്‍ വെച്ച് മഹാത്മ ഗാന്ധിയെ ആദ്യമായി കണ്ടു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. നിസ്സഹകരണ സമരവുമായി ബന്ധപ്പെട്ട് 1921 ഡിസംബറില്‍ ആസാദ് ജയിലിലായി. ജയില്‍ മോചിതനായ ശേഷം 1923 സെപതംബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനത്തില്‍ 35ാമത്തെ വയസ്സില്‍ അധ്യക്ഷത വഹിച്ചു. അങ്ങനെ ആസാദ് കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ആ സ്ഥാനം വഹിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണത്തിനര്‍ഹനായി. 1930ല്‍ ഉപ്പു നിയമം ലംഘിച്ചതിന് അറസ്റ്റിലായ അദ്ദേഹം മീററ്റ് ജയിലില്‍ ഒന്നരവര്‍ഷം തടവനുഭവിച്ചു. 1940ല്‍ രാംഗഡ് കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അധ്യക്ഷനായ അദ്ദേഹം 1946 വരെ ആ പദവിയില്‍ തുടരുകയും ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി കോണ്‍ഗ്രസ് പ്രസിഡന്റായ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച് ബ്രിട്ടീഷ് ക്യാബിനറ്റ് മിഷനുമായി കോണ്‍ഗ്രസ് നടത്തിയ കൂടിയാലോചനകളുടെ നേതൃത്വം വഹിച്ചതും ആസാദായിരുന്നു.
പല കാര്യങ്ങളിലും ഇതരകോണ്‍ഗ്രസ് നേതാക്കള്‍ ഗാന്ധിജിയുടെ അഭിപ്രായങ്ങളോട് വിയോജിച്ചപ്പോഴും ഗാന്ധിജിയാണ് ശരിയെന്ന വാദക്കാരനായിരുന്നു അബുല്‍ കലാം. ഹിന്ദു- മുസ്‌ലിം ഐക്യം നാടിന് അനിവാര്യമാണെന്ന് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യാനന്തരം വിഭജനം മുഹമ്മദാലി ജിന്നയുടെ നിര്‍ദേശത്തെ ഗാന്ധിജിയെ പോലെ അബുല്‍ കലാമും ശക്തിയുക്തം എതിര്‍ത്തു. വിഭജനത്തെത്തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങള്‍ക്കിടയിലും മതസൗഹാര്‍ദത്തിന് അദ്ദേഹം പ്രവര്‍ത്തിച്ചു. 1946 ജൂണ്‍ 16ന് ജിന്ന ഉയര്‍ത്തിയ ഇന്ത്യാ വിഭജനം എന്ന ആശയത്തെ ആസാദ് എതിര്‍ക്കുകയും പ്രവിശ്യകള്‍ക്ക് സ്വയം ഭരണം നല്‍കാനുള്ള മിഷന്റെ തീരുമാനത്തെ പിന്താങ്ങുകയും ചെയ്തു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഇടക്കാല മന്ത്രിസഭയില്‍ ആസാദ് വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രിയായി. ഇന്ത്യ വെട്ടിമുറിക്കപ്പെട്ടത് കണ്ട് വൃണിത ഹൃദയവുമായാണ് അദ്ദേഹം മന്ത്രിസ്ഥാനം ഏറ്റെടുത്തത്. പാക്കിസ്ഥാന് വേണ്ടിയുള്ള ജിന്നയുടെ ഡയറക്ട് ആക്ഷന്‍ ഡേ സമരം ഇന്ത്യ ഒട്ടാകെ വര്‍ഗീയ കലാപം ആളിക്കത്തിച്ചപ്പോള്‍ ബംഗാള്‍ മുതല്‍ ബീഹാര്‍ വരെ സഞ്ചരിച്ച് കലാപത്തിനറുതിയുണ്ടാക്കാന്‍ ശ്രമിച്ച ധീരദേശാഭിമാനിയാണ് അബുല്‍ കലാം ആസാദ്.
ഒടുവില്‍ പാക്കിസ്ഥാന്‍ യാഥാര്‍ഥ്യമായപ്പോള്‍ ഭാവിയില്‍ ആ രാജ്യം വീണ്ടും വിഭജിക്കപ്പെടുമെന്നും പട്ടാളഭരണത്തിന്റെ പിടിയിലാകുമെന്നും അദ്ദേഹം പ്രവചിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 1958 ഫെബ്രുവരി 22ന് അന്തരിക്കും വരെ ആ പദവിയില്‍ തുടര്‍ന്നു. യൂനിവേഴ്‌സിറ്റി എജ്യുക്കേഷന്‍ കമ്മീഷന്‍, സെക്കന്‍ഡറി എജ്യുക്കേഷന്‍ കമ്മീഷന്‍ എന്നിവ നിയമിച്ച അദ്ദേഹം യൂണിവേഴ്‌സിറ്റ് ഗ്രാന്റ്‌സ് കമ്മീഷന് രൂപം നല്‍കാന്‍ മുന്‍കൈ എടുത്തു. 1953-ല്‍ രൂപം കൊണ്ട യൂ ജി സിക്ക് 1956ല്‍ പാര്‍ലിമെന്റ് ഒരു ആക്ടിലൂടെ അംഗീകാരം നല്‍കി. ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ സ്ഥാപിച്ചതും അദ്ദേഹമാണ്. സംഗീതനാടക അക്കാദമി (1953), ലളിതകലാ അക്കാദമി (1956) എന്നിവ രൂപം കൊണ്ടതും കലാമിന്റെ ശ്രമ ഫലമായിട്ടായിരുന്നു. ഐ ഐ ടി ക്ക് പേര് നിര്‍ദേശിച്ചതും അതിന്റെ തുടക്കക്കാരനും ആസാദായിരുന്നു. വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ വിദ്യാഭ്യാസത്തോടൊപ്പം കലകള്‍ക്കും സാഹിത്യത്തിനും അദ്ദേഹം ഏറെ പ്രാധാന്യം നല്‍കി.
പ്രധാനമന്ത്രി നെഹ്‌റുവിന്റെ വിശ്വസ്തനും ഉപദേശകനുമായ ആസാദ് ദേശീയ നയങ്ങള്‍ രൂപവത്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സാര്‍വത്രിക പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആസാദ് നടപ്പിലാക്കി. 1952 ലും 1957 ലും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസാദ് നെഹ്‌റുവിന്റെ സാമ്പത്തിക-വ്യാവസായിക നയങ്ങളെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകള്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റുള്ളവര്‍ക്കും വേണ്ടി നയങ്ങള്‍ രൂപവത്കരിക്കുകയും ചെയ്തു. 1956ല്‍ ഡല്‍ഹിയില്‍ നടന്ന യുനസ്‌കോ ജനറല്‍ കോണ്‍ഫറന്‍സില്‍ ആസാദ് പ്രസിഡന്റായിരുന്നു.
ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരതരത്‌നം 1992ലാണ് മരണാനന്തരബഹുമതിയായി അദ്ദേഹത്തിന് നല്‍കിയത്. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും പൈതഗോറസിന്റെയുമൊക്കെ തലത്തിലുള്ള ചിന്തകളും ദര്‍ശനങ്ങളുമാണ് വിദ്യയുടെ ചക്രവര്‍ത്തി എന്നു വിളിക്കാവുന്ന അബുല്‍ കലാം ആസാദിന്റേത് എന്ന് പറഞ്ഞത് ഗാന്ധിജിയാണ്. 1958 ഫെബ്രുവരി 22 ന് ഇന്ത്യയുടെ ആ വീരപുത്രന്‍ അന്തരിച്ചു.