കൊച്ചിക്ക് കരുത്തായി സ്മാര്‍ട്ട് സിറ്റി

Posted on: February 21, 2016 12:09 am | Last updated: February 21, 2016 at 12:09 am
SHARE

smart cityകൊച്ചി: കേരളവും അറബ് നാടുകളുമായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബന്ധത്തിന് ഊഷ്മളതയും കരുത്തും പകരാന്‍ സ്മാര്‍ട്ട് സിറ്റിക്ക് കഴിയുമെന്ന് യു എ ഇ മന്ത്രിയും ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി. സാങ്കേതിക വിദ്യയുടെ ശക്തിയില്‍ കേരളത്തെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ മികവിലേക്ക് നയിക്കാന്‍ സ്മാര്‍ട്ട് സിറ്റിക്ക് കഴിയും. കേരളം ആഗോള വിജ്ഞാനകേന്ദ്രമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു എ ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. യു എ ഇയിലെ ഇന്ത്യന്‍ സമൂഹത്തില്‍ പകുതിയോളം വരുന്ന മലയാളികള്‍ നാടിന്റെ വികസനത്തില്‍ ഗണ്യമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. യു എ ഇയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പദ്ധതികളിലൊന്നാണ് സ്മാര്‍ട്ട് സിറ്റിയെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യവികസനം, സാക്ഷരത, സാങ്കേതിക മുന്നേറ്റം, ഇന്റര്‍നെറ്റ് വ്യാപനം എന്നിവയില്‍ കേരളം കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ സ്മാര്‍ട്ട് സിറ്റിയെ ആഗോള ലക്ഷ്യസ്ഥാനങ്ങളിലൊന്നാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാരായ കെ ബാബു, വി കെ ഇബ്‌റാഹിംകുഞ്ഞ്, പ്രൊഫ. കെ വി തോമസ് എം പി, എം എല്‍ എമാരായ ബെന്നി ബഹന്നാന്‍, ഡൊമിനിക് പ്രസന്റേഷന്‍, വി പി സജീന്ദ്രന്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, വ്യവസായ, ഐ ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ല കലക്ടര്‍ എം ജി രാജമാണിക്യം, ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ എസ് സുഹാസ്, സ്മാര്‍ട്ട് സിറ്റി ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവും എം കെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി, അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, അബ്ദുല്ല അല്‍ ഷരാഫി, സ്മാര്‍ട്ട് സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹഫീസ്, സി ഇ ഒ ബാജു ജോര്‍ജ്, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഡവലപ്‌മെന്റ് കമ്മീഷണര്‍ ഡോ. എ എന്‍ സഫീന, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഐ ബി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ വി കെ മാത്യൂസ്, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യിദ്ദീന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ച്ചടങ്ങില്‍ പങ്കെടുത്തു.
സ്മാര്‍ട്ട്‌സിറ്റി രണ്ടാം ഘട്ടത്തിന്റെ കോ ഡെവലപ്പര്‍മാരെ ചടങ്ങില്‍ ആദരിച്ചു. സാന്‍ഡ്‌സ് ഇന്‍ഫ്രാബില്‍ഡ് എം ഡി മുഹമ്മദ് ഷാറൂണ്‍, ജെംസ് എഡ്യൂക്കേഷന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി എന്‍ രാധാകൃഷ്ണന്‍, ഹോളിഡേ ഗ്രൂപ്പ് ചെയര്‍മാന്‍ സി സി തമ്പി, പ്രസ്റ്റീജ് ഗ്രൂപ്പ് കേരള വൈസ് പ്രസിഡണ്ട് തങ്കച്ചന്‍ തോമസ്, മാരാട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ എം കെ മാരാട്ടുകളം, എല്‍ട്ടണ്‍ ടെക്‌നോളജീസ് ചെയര്‍മാന്‍ ബി ആര്‍ അജിത് എന്നിവരെയാണ് മുഖ്യമന്ത്രിയും യു എ ഇ മന്ത്രിയും ചേര്‍ന്ന് ആദരിച്ചത്. എം ഡി ബാജു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സ്മാര്‍ട്ട്‌സിറ്റി ടീമിനെയും ആദരിച്ചു.
ചലച്ചിത്രതാരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി നയിച്ച കലാപരിപാടികള്‍ ഉദ്ഘാടനച്ചടങ്ങിന് മിഴിവേകി. വിവിധ തരത്തിലുള്ള കലാ പരിപാടികള്‍ക്ക് പുറമെ രണ്ട് നാടുകളുടെയും ചരിത്ര സവിശേഷതകള്‍ സമന്വയിപ്പിച്ച ഡിജിറ്റല്‍ അവതരണം സദസിന് അപൂര്‍വ വിരുന്നായി.