Connect with us

Alappuzha

അമൃത് പദ്ധതി രാജ്യത്തെ മുഴുവന്‍ ജില്ലകളിലും നടപ്പാക്കും: ജെ പി നദ്ദ

Published

|

Last Updated

ആലപ്പുഴ: ജീവന്‍ രക്ഷാ മരുന്നുകള്‍ 90 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്ന അമൃത് പദ്ധതി രാജ്യത്തെ എല്ലാ ജില്ലകളിലും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ജഗത്പ്രകാശ് നദ്ദ.ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളജില്‍ 150 കോടി രൂപയുടെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്കിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃത് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്‍കിയാല്‍ ബാക്കിയെല്ലാ ചെലവുകളും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹൃദ്രോഗം, അര്‍ബുദം എന്നിവക്കുളള മരുന്നുകള്‍, ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട ആന്തരിക ഉപകരണങ്ങള്‍ എന്നിവക്ക് 60 മുതല്‍ 90 ശതമാനം വരെ വിലക്കുറവ് അമൃത് പദ്ധതിയിലൂടെ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടു.രാജ്യത്ത് മരുന്നുവില ഉയരുമെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.ഇറക്കുമതി ചുങ്കം കൂടിയതിനാല്‍ അവശ്യമരുന്നുകളുടെ ക്രമാതീതമായി വര്‍ധിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.14,100 ച.മീറ്റര്‍ വിസ്തൃതിയിലാണ് ബ്ലോക്ക് നിര്‍മ്മിക്കുന്നത്.എയര്‍കണ്ടീഷന്‍ ചെയ്ത ഐസി യൂണിറ്റില്‍ 50 കിടക്കകളും 200 സാധാരണ കിടക്കകളുമുണ്ട്. കാര്‍ഡിയോളജി, കാര്‍ഡിയോ തെറാസിക് സര്‍ജറി, ന്യൂറോളജി, ന്യൂറോ സര്‍ജറി, യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി, പ്ലാസ്റ്റിക് സര്‍ജറി, എന്‍ഡോക്രിനോളജി എന്നിവക്കായി എയര്‍കണ്ടീഷന്‍ ചെയ്ത ഓപ്പറേഷന്‍ തിയേറ്ററുകളാണ് പുതിയ ബ്ലോക്കില്‍ സജ്ജീകരിക്കുക.പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജനയുടെ ഭാഗമായി നിര്‍മ്മിക്കുന്ന നാലു നില ബ്ലോക്കില്‍ നാല് ലിഫ്റ്റുകള്‍, എക്‌സ്‌റേ, സി.ടി സ്‌കാന്‍, എംആര്‍ഐ, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ലബോറട്ടറികള്‍, സിഎസ്എസ്ഡി തുടങ്ങിയ അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ആകെ അടങ്കലായ 150 കോടി രൂപയില്‍ 30 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. 18 മാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ അടിസ്ഥാന സൗകര്യ വികസന വിഭാഗമായ എച്ച്എല്‍എല്‍ ഇന്‍ഫ്രാടെക്ക് സര്‍വീസ് ലിമിറ്റഡിനാണ് (എച്ച്‌ഐടിഇഎസ്) നിര്‍മാണച്ചുമതല. സ്വാസ്ഥ്യ സുരക്ഷ യോജനയുടെ ഭാഗമായി നിലവാരം ഉയര്‍ത്തുന്ന ആശുപത്രികളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പണികള്‍ റെക്കോര്‍ഡ് വേഗത്തില്‍ ആദ്യം പൂര്‍ത്തീകരിച്ചതും എച്ച്എല്‍എല്ലിന്റെ അടിസ്ഥാന സൗകര്യ വികസന വിഭാഗമായിരുന്നു.സംസ്ഥാന ആരോഗ്യ മന്ത്രി ശ്രീ വിഎസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.കെ സി വേണുഗോപാല്‍ എംപി, ജി സുധാകരന്‍ എംഎല്‍എ, കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുനില്‍ ശര്‍മ്മ, എച്ച്എല്‍എല്‍ സിഎംഡി. ഡോ എം അയ്യപ്പന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംല ബീവി, ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എന്‍ ശ്രീദേവി പങ്കെടുത്തു.

---- facebook comment plugin here -----

Latest