Connect with us

Gulf

അവശ പ്രവാസി പെൻഷൻ അഥവാ സംസ്ഥാന ബജറ്റ്

Published

|

Last Updated

ബജറ്റുകളിൽ അവശ ജനവിഭാങ്ങൾക്ക് വിവിധ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. പെൻഷൻ, ചികിത്സാ സഹയം, പുനരധിവാസം ഇങ്ങനെ. പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറുകൾ നൽകുന്ന പരിഗണന ഏതാണ്ട് ഇതേവിധമാണ്. പ്രവാസികളിൽ അവശരേറെയുണ്ട്. പുനരധിവാസവും ഇതര സഹായങ്ങളും യഥേഷ്ടം ആവശ്യമുള്ളവരുമുണ്ട്. അതുകൊണ്ടു തന്നെ ക്ഷേമ പദ്ധതികളും നീക്കി വെക്കുന്ന തുകകളും ഇനിയും ഉയർത്തണം. പക്ഷേ, പ്രവാസികൾ ക്ഷേമാശ്വാസം ആവശ്യമുള്ള വിഭാഗം മാത്രമാണ് എന്ന കാഴ്ചപ്പാടിലാണ് പ്രശ്നം. ഇതു ഒരു രാഷ്ട്രീയമുന്നണിയുട മാത്രം പ്രശ്നമല്ല, സർവ രാഷ്ട്രീയപ്പാർട്ടികളുടെയും പാർട്ടിയേതര സമൂഹത്തിന്റെയും പ്രശ്നമാണ്. ഒടുവിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവതരിപ്പിച്ച ബജറ്റും ഈ സാംപ്രദായിക ആശയം തന്നെ തുടർന്നു എന്നു മാത്രം.

പ്രവാസി മലയാളികളെക്കുറിച്ച് കേരളത്തിൻ്റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലുള്ളവർ പൊതുവേ വാചാലമാകുന്നതു വിടാം. തിരുവനന്തപുരം സി ഡി എസിലെ ഗവേഷകർ വർഷങ്ങളായി നടത്തി വരുന്ന പഠനങ്ങളിൽ ആധികാരികമായ സ്ഥിതി വിവരങ്ങളുണ്ട്. കേരളത്തിൽ ജീവിക്കേണ്ടവരും കേരളത്തിന് ഉപയോഗപ്പെടുത്തേണ്ടവരുമായിരുന്ന ബഹുവൈദഗ്ധ്യമുള്ള മനുഷ്യവിഭവങ്ങളെയാണ് സംസ്ഥാനം വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. അവരിൽ ബഹുഭൂരിഭാഗവും ഗൾഫ് നാടുകളിലാണ്. ഇതിൽ തന്നെയും യുവാക്കളാണ് കൂടുതൽ. 50നു മുകളിലുള്ളവർ അപൂർവം മാത്രവും. സംസ്ഥാനത്തിന്റെ സ്വന്തം മനുഷ്യവിഭവങ്ങളാണിവരൊക്കെയും. സാമൂഹിക വളർച്ചയിൽ മികവാർന്ന പങ്കു വഹിക്കാൻ കഴിമായിരുന്ന പ്രതിഭാത്വങ്ങൾ. ഗൾഫ് പ്രവാസം ഇല്ലായിരുന്നുവെങ്കിൽ എന്ന സാംപത്തികാധിഷ്ഠിത
വിലയിരുത്തലിനു അവധി നൽകി, മനുഷ്യവിഭവപരമായ അവലോകന ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ, നാടു നഷ്ടപ്പെടുത്തിയ മനുഷ്യരുടെ അളവിന്റെ ആഴം ബോധ്യപ്പെടും. അതു സംസ്ഥാനത്തു  ഇപ്പോൾ ലഭ്യമായ മനുഷ്യവിഭവത്തേക്കാൾ മികവിൽ ഏറെ ഉയരത്തിലുള്ളതായിരിക്കുമെന്നു വർഗീകരിച്ചെടുക്കാൻ കോംപ്ലിക്കേറ്റഡ് മെഷർമെൻ്റ് ടൂളുകളുടെ സഹായമൊന്നും വേണ്ടി വരില്ല, സാമാന്യ യുക്തി തന്നെ ധാരാളം.

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളൾക്കു നഷ്ടമായത് മികച്ച കേഡർമാരെയാണ്. പ്രവാസം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇന്നു പ്രവാസത്തുള്ള പലരും പാർട്ടികളുടെ തലപ്പത്തും നിയമനിർമാണസഭകളിലും മന്ത്രിസഭകളിൽ വരെ ഉണ്ടാകുമായിരുന്നവരുണ്ട്. രാഷ്ട്രീയേതര സാമൂഹിക പ്രസ്ഥാനങ്ങൾക്ക് എത്ര പ്രതിഭാധനരും നേതൃപ്രാധാന്യമുള്ളവരെയുമാണ് നഷ്ടപ്പെട്ടത്. ശാസ്ത്ര, സാങ്കേതിക, സാംപത്തിക രംഗത്ത് വൈദഗ്ധ്യമുള്ളവരും മികച്ച മാനേജ്മെന്റ് വ്യക്തിതത്വങ്ങളും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമെല്ലാം നാടിനാൽ നാടു കടത്തപ്പെട്ടിട്ടുണ്ട്. പ്രമുഖ മലയാളി വ്യവസായ ി എന്ന വിശേഷണത്തിനു വിധേയമാന്നവരിലെ മുൻനിരക്കാരിൽ എത്ര പേർ പ്രവാസികളാല്ലാത്തവരുണ്ട്. ഈ വിധം പ്രതിഭാ സംപന്നവും വിഭവധാരാളിത്തവുമുള്ള ഒരു സമൂഹം സ്വന്തമായുണ്ടെന്ന യാഥാർഥ്യത്തെ ഉൾകൊള്ളാവുന്ന ഒരു രാഷ്ട്രീയ ഉള്ളടക്കം പ്രവാസികളുടെ കാര്യത്തിൽ രൂപപ്പെട്ടു വന്നിട്ടില്ല. പ്രവാസികളായി മാറേണ്ടി വന്ന വിദ്യാസംപന്നരായ യുവത്വം നാടിന്റെ ഭാവിയിലേക്കു സംഭാവനകളർപ്പിക്കാൻ കഴിയുന്ന തലമുറയാണെന്ന ബോധ്യം രാഷ്ട്രീയ പരിപാടികളിൽ ഇടം പിടിച്ചിട്ടില്ല.

ഗൾഫ് മലയാളി മൈഗ്രൻസിന്റെ ഒരു സവിശേഷത തന്നെ താത്കാലികാടിസ്ഥാനത്തിൽ തൊഴിലിനായി ചേക്കേറിയവർ എന്നതാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലെ പ്രവാസത്തിൽ വലിയൊരു വിഭാഗം അവിടെ പൌരത്വം സ്വീകരിച്ച് സ്ഥിരതാമസത്തിനു ശ്രമിക്കുന്നവരാണ്. അതുകൊണ്ടു തന്നെ പതിവായി നാടുമായി ബന്ധം പുലർത്തുന്ന, ഗൾഫിൽ വളരെ സജീവമായി നിൽക്കുന്ന, മലയാളി കമ്യൂണിറ്റിയിൽ ഇടപെടുന്ന, ഇടയ്ക്കിടെ നാടു സന്ദർശിക്കുന്ന പ്രവാസി മലയാളി മനുഷ്യവിഭവങ്ങൾ ഇനി എപ്പോഴാണ് രാഷ്ട്രീയ ഉള്ളടകത്തിൽ ഒരു സമൂഹ പരിഗണനയിലേക്ക് കടത്തിയിരുത്തപ്പെടുക.

പുതിയ ബജറ്റിൽ, യുവാക്കളുടെ വിഭവ വികനസനത്തിന് കല, സംസ്കാരം, കായികം, വിദ്യാഭ്യാസം, തൊഴിൽ ഇങ്ങനെ പദ്ധതികൾ കാണാം. പൊതുവേ സാമൂഹിക, സാംസ്കാരിക പുരോഗതി ലക്ഷ്യംവെക്കുന്ന പരിപാടികളും ഫണ്ടുനീക്കി വെക്കലും കാണാം. അസഹിഷ്ണുതയിങ്ങനെ അതിരു കടക്കുന്ന കാലത്ത് മറ്റൊരു ദേശത്ത് ഒന്നായി വസിക്കുന്ന മലയാളികുളുടെ മാനവികവും സാംസ്കാരികവുമായ ചേർച്ചയെ പ്രോത്സാഹിപ്പിക്കന്ന ഒരു സാംസ്കാരിക സംഗമമെങ്കിലും നടത്തിക്കളയാം എന്ന ഒരു ഇത്തിരി ചെറിയ ആശയം പോലും പ്രവാസികൾക്കു മുന്നിലേക്ക് എച്ചിൽ പാത്രം പോലെയെങ്കിലും നീക്കി വെക്കാൻ മലയാളത്തിന്റെ രാഷ്ട്രീയ മനസ്സ് പാകപ്പെട്ടിട്ടില്ല. പ്രവാസി അയക്കുന്ന പണത്തിന്റെ കണക്കിൽ സംതൃപ്തികൊണ്ട് കാലമിനിയുമുരുളും വിഷു വരും വേനൽ വരും. ഭരണങ്ങൾ വരും, ബജറ്റുകളും.