Connect with us

Gulf

വീട്ടുപടിക്കല്‍ തപാല്‍ എത്തിക്കാന്‍ എമിറേറ്റ്‌സ് പോസ്റ്റ് ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: വീട്ടുപടിക്കല്‍ തപാല്‍ എത്തിക്കാന്‍ സംവിധാനവുമായി എമിറേറ്റ്‌സ് പോസ്റ്റ് രംഗത്ത്. തുടക്കത്തില്‍ വില്ലകളിലാവും കത്ത് എത്തിക്കാന്‍ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് പ്രയത്‌നിക്കുക. കത്തുകള്‍ വീട്ടില്‍ എത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ഇതിനായി എമിറേറ്റ്‌സ് പോസ്റ്റ് അധികൃതര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ചാല്‍ ആവശ്യക്കാരുടെ വില്ലകളുടെ ഗെയ്റ്റില്‍ എമിറേറ്റ്‌സ് പോസ്റ്റിന്റെ തപാല്‍പെട്ടി സ്ഥാപിക്കും. വരുന്ന കത്തുകളും അയക്കാനുള്ള കത്തുകളും പ്രത്യേകം പ്രത്യേകം നിക്ഷേപിക്കാനുള്ള സംവിധാനത്തോടെയാണ് തപാല്‍പെട്ടി രൂപകല്‍പന ചെയ്തിരിക്കുന്നത്. വില്ലയിലെ താമസക്കാര്‍ക്കുള്ള കത്തുകള്‍ തപാല്‍പെട്ടിയില്‍ നിക്ഷേപിക്കുന്ന പോസ്റ്റ്മാന്‍ അയക്കാനുള്ള കത്തുകള്‍ ശേഖരിക്കുകയും ചെയ്യും. ആഴ്ചയില്‍ മൂന്നു ദിവസമാവും പോസ്റ്റ്മാന്‍ കത്തുകള്‍ തപാല്‍പെട്ടിയില്‍ നിക്ഷേപിക്കുകയും അയക്കാനുള്ളവ എടുത്തുകൊണ്ടുപോകുകയും ചെയ്യുക. “എന്റെ വീട്” എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. എമിറേറ്റ്‌സ് പോസ്റ്റിനെ കൂടുതല്‍ ജനകീയമാക്കാനും സേവനം കുറ്റമറ്റതാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട വില്ലകളിലെ താമസക്കാര്‍ക്കാവും ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാക്കുകയെന്ന് എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഇബ്‌റാഹീം ബിന്‍ കരം വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും ഉപകാരപ്രദവുമായ സേവനമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കത്തുകള്‍ വീട്ടില്‍ എത്തിക്കണമെന്ന് നിരവധി ഉപഭോക്താക്കളില്‍ നിന്ന് ആവശ്യം ഉയരുന്നത് പരിഗണിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്റെ വീട് പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സൗജന്യമായാവും തപാല്‍പെട്ടികള്‍ സ്ഥാപിച്ചുനല്‍കുക. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പോസ്റ്റ് ബോക്‌സുമായി ബന്ധപ്പെടാന്‍ സംവിധാനം, ഇ-ഷാര്‍ എന്ന പേരില്‍ കത്തുകള്‍ വന്നാല്‍ അവയെക്കുറിച്ച് അറിയിക്കാന്‍ എസ് എം എസ് സൗകര്യം എന്നിവയും ലഭ്യമാകും.
ആഴ്ചയില്‍ മൂന്നു ദിവസം തപാല്‍ ഉരുപ്പടികള്‍ ലഭിക്കേണ്ടവര്‍ 750 ദിര്‍ഹമാണ് ഇതിന് ഫീസായി നല്‍കേണ്ടത്. ആഴ്ചയില്‍ ആറുദിവസവും ലഭിക്കേണ്ടവരില്‍ നിന്ന് 1,250 ദിര്‍ഹമായിരിക്കും ഈടാക്കുക. സേവനം ലഭ്യമാക്കാന്‍ പ്രത്യേക അപേക്ഷ ഫോറം തപാല്‍ ഓഫീസുകളിലും സജ്ജമാക്കിയിട്ടുണ്ട്. എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് വഴിയും ഇതിനായി അപേക്ഷിക്കാവുന്നതാണെന്നും ബിന്‍കരം വിശദീകരിച്ചു.

 

Latest