Connect with us

Gulf

രംഗകലക്ക് സാക്ഷിയാന്‍ ഡിസംബറില്‍ ഓപറ ഹൗസ് തുറക്കും

Published

|

Last Updated

ദുബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ രംഗകലയുടെ വേദിയായ സിഡ്‌നി ഓപറ ഹൗസ് പോലെ മികച്ച കലാകാരന്മാരുടെ പ്രകടനങ്ങള്‍ ഇനി ദുബൈ ഓപറ ഹൗസിലൂടെ കലാപ്രേമികള്‍ക്ക് ആസ്വദിക്കാം. ബുര്‍ജ് ഖലീഫക്ക് ശേഷം നഗരത്തിന്റെ അഭിമാനമാവാന്‍ പോകുന്ന ഓപറ ഹൗസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഡെവലപ്പര്‍മാരായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. ദുബൈ ഡൗണ്‍ ടൗണിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 2016 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ്. അറേബ്യന്‍ വാസ്തുശില്‍പ മാതൃകയില്‍ ഒരുങ്ങുന്ന ഇവിടെ 2,000 പേര്‍ക്ക് ഒരേ സമയം പരിപാടികള്‍ വീക്ഷിക്കാം.
മുഹമ്മദ് ബിന്‍ റാശിദ് ബോളിവാര്‍ഡില്‍ നിന്ന് പ്രവേശിക്കാവുന്ന രീതിയിലാണ് ഓപറ ഡിസ്ട്രിക് രൂപകല്‍പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയോട് അഭിമുഖമായാണ് ഇത്, സമീപത്തായി ബുര്‍ജ് പാര്‍ക്കും ദ ദുബൈ ഫൗണ്ടയിനുമുണ്ട്. ദുബൈ ക്രീക്കിലൂടെ ഒഴുകുന്ന അറേബ്യന്‍ ബോട്ടിന്റെ മാതൃകയിലാണ് ഓപറ ഹൗസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
തിയറ്ററായും ബാന്‍ക്വറ്റ് ഹാളായും ഫഌറ്റ് ഫ്‌ളോറായും രൂപാന്തരപ്പെടുത്താവുന്നതാണിത്. ഓപറ, സംഗീത പരിപാടി, നൃത്തം, നാടകം എന്നിവക്കൊപ്പം പ്രഭാഷണങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമെല്ലാമുള്ള നഗരത്തിലെ മുഖ്യ കേന്ദ്രമായി ഇത് മാറും. പരിപാടിയുടെ വൈവിധ്യത്തിനനുസരിച്ച് ഇവിടെ 1,940 മുതല്‍ 2,040 വരെ കാണികളെയാവും ഉള്‍കൊള്ളുക. വിവാഹം, പ്രദര്‍ശനം, റിസപ്ഷന്‍ പാര്‍ട്ടി തുടങ്ങിയവക്കും ഓപറ ഹൗസ് ഉപയോഗപ്പെടുത്താനാവും. ഒപേറ ഹൗസിലെ മുഖ്യ വേദിയിലെ ഗോപുരങ്ങള്‍ ഓര്‍ക്കസ്ട്രയുടെ ശബ്ദം പ്രതിധ്വനിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്.
സിഡ്‌നിയിലെ ഓപറ ഹൗസ് പോലെ ദുബൈ ഓപറയും പ്രസിദ്ധമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.