ഖലീഫ ഫൗണ്ടേഷന്‍ 15 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ യമനിലെത്തിച്ചു

Posted on: February 20, 2016 3:08 pm | Last updated: February 23, 2016 at 9:43 pm

imageഅബുദാബി: ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഫൗണ്ടേഷന്‍ 15 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ യുദ്ധം താറുമാറാക്കിയ യമനിലെത്തിച്ചു. രണ്ട് വിമാനങ്ങളിലായാണ് യമനിന്റെ ഭാഗമായ സൊക്കോട്ര ദ്വീപില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചത്. ആദ്യ വിമാനത്തില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും ഇലക്ട്രിക് ജനറേറ്ററും ഉള്‍പെടെയുള്ള സാധനങ്ങളാണ് എത്തിച്ചത്. രണ്ടാമത്തെ വിമാനത്തിലായിരുന്നു ഭക്ഷ്യവസ്തുക്കള്‍ കയറ്റി അയച്ചത്. യുദ്ധം അവസാനിക്കാത്ത യമനി പ്രദേശങ്ങളില്‍ സാധാരണ ജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ക്കായി കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നാമധേയത്തിലുള്ള ഫൗണ്ടേഷന്‍ ജീവകാരുണ്യ വസ്തുക്കളെത്തിച്ച് മാതൃകയായിരിക്കുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി യമന്‍ സര്‍ക്കാര്‍ ഹൂത്തി വിമതരില്‍ നിന്ന് ഭീഷണി നേരിടുകയാണ്. യമനിലെ ഔദ്യോഗിക സര്‍ക്കാരിനെതിരെ യുദ്ധരംഗത്തുള്ള ഹൂത്തികളെ തുരത്താന്‍ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ റെസ്റ്റോറിംഗ് ഹോപ്പ് എന്ന പേരില്‍ സൈനിക നടപടികള്‍ നടന്നുവരികയാണ്. യു എ ഇ ഉള്‍പെടെയുള്ള രാജ്യങ്ങള്‍ യമനില്‍ ഹൂത്തികള്‍ക്കെതിരായി നിരവധി പോരാട്ടങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ നടന്ന യുദ്ധത്തില്‍ രാജ്യത്തിന് നൂറിലധികം ധീരജവാന്മാരെയാണ് നഷ്ടമായിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കള്‍ ഉള്‍പെടെയുള്ളവ അയക്കാന്‍ സൗമനസ്യം കാണിച്ച യു എ ഇ സര്‍ക്കാരിനോട് അതിയായ നന്ദിയുണ്ടെന്ന് സൊക്കോട്ര ദ്വീപ് അധികാരികള്‍ വ്യക്തമാക്കി.