മപ്രം കൊന്നാര് കുടിവെള്ള പദ്ധതി പുന:സ്ഥാപിച്ചില്ല; ജനം ദുരിതത്തില്‍

Posted on: February 20, 2016 12:00 pm | Last updated: February 20, 2016 at 12:00 pm
SHARE

എടവണ്ണപ്പാറ: ഒരാഴ്ചയോളമായി കത്തി നശിച്ച മപ്രം കൊന്നാരിലെ കുടിവെള്ള പദ്ധതി പമ്പ്ഹൗസ് പുന: സ്ഥാപിക്കാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. മപ്രം തടായി, തെക്കെമൂല കോളനി, വെട്ടുകാട് കോളനി, ചീടിക്കുഴി, പാലക്കുഴി, ചോലക്കര, പാഞ്ചീരി, വെട്ടത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ വെള്ളമില്ലാത്തതിനാല്‍ കഷ്ടപ്പെടുകയാണ്.
പമ്പ് ഹൗസ് പൂര്‍ണമായും കത്തി നശിച്ചതിനാല്‍ തൊട്ടടുത്തുള്ള സ്റ്റാഫ് റൂമിലാണ് പുതിയ പമ്പ് ഹൗസ് താത്കാലികമായി സ്ഥാപിക്കുന്നത്.
പൂര്‍ണമായും വയറിംഗ് ചെയ്യാതെ കണക്ഷന്‍ നല്‍കാനാവില്ലെന്നാണ് എടവണ്ണപ്പാറയിലെ ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നറിയിച്ചത്. എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കാതെ എന്‍ ഒ സി നല്‍കാനാവില്ലെന്നാണ് ഇലക്ട്രിസിറ്റി അധികൃതരുടെ വാദം. എന്നാല്‍ കോയമ്പത്തൂരില്‍ നിന്ന് ബ്രേക്കര്‍ നാളെ കൊണ്ടു വന്ന് പുന:സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രതീക്ഷ. ഇതിനിടെ ജല ക്ഷാമം രൂക്ഷമായ ഭാഗത്തേക്ക് മപ്രം ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയുടെയും മപ്രം യൂത്ത് കോണ്‍ഗ്രസിന്റെയും വകയായി വെള്ളമെത്തിക്കുന്നത് വലിയ ഒരു ആശ്വാസമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. മപ്രം കൊന്നാര് കുടിവെള്ള പദ്ധതിയുടെ കത്തിയ പമ്പ് ഹൗസ് പുന:സ്ഥാപിക്കുന്ന ജോലികളുടെ പുരോഗതി വിലയിരുത്താന്‍ വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഹാജറുമ്മ, വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം വാര്‍ഡ് മെമ്പര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു.