വ്യാജ ത്വരീഖത്തുകാരുടെ മുഖംമുടി വലിച്ചെറിഞ്ഞ് പെരുവയല്‍ മുഖാമുഖം

Posted on: February 20, 2016 11:16 am | Last updated: February 20, 2016 at 11:16 am

പെരുവയല്‍: കേരളത്തിലെ വ്യാജ ത്വരീഖത്തുകാരുടെ കള്ളത്തരങ്ങളും, പൊള്ളത്തരങ്ങളും തെളിവുസഹിതം അവതരിപ്പിച്ചും, യഥാര്‍ഥ ത്വരീഖത്തെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്ത് പെരുവയലില്‍ നടത്തിയ മുഖാമുഖം പരിപാടി വ്യാജത്വരീഖത്തുകാരുടെ മുഖംമുടി വലിച്ചെറിയുന്നതായി.
ശരീഅത്ത് നിയമങ്ങളും അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും പരിപൂര്‍ണമായും പാലിച്ചുകൊണ്ട് മാത്രമേ ത്വരീഖത്തിലേക്കും, അതിന് ശേഷം ഹഖീഖത്തിലേക്കും എത്തിപ്പെടാന്‍ സാധിക്കുകയുള്ളൂ എന്നും പണ്ഡിതന്മാര്‍ക്ക് ശരീഅത്ത് മാത്രമെ അറിയൂ എന്നും ത്വരീഖത്ത് എന്തെന്ന് അവര്‍ക്ക് അറിയുകയില്ല എന്നുമുള്ള വ്യാജ ത്വരീഖത്തുകാരുടെ വാദം തങ്ങളുടെ പൊള്ളത്തരങ്ങള്‍ പണ്ഡിതര്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുമെന്ന ഭീതിമൂലമാണ്. വിഷയാവതരണങ്ങളിലൂടെയും വിവിധ വ്യാജ ത്വരീഖത്ത് വക്താക്കളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കൊടുത്തും അലവി സഖാഫി കൊളത്തൂരും, അബ്ദുര്‍റശീദ് സഖാഫി ഏലംകുളവും വ്യാജത്വരീഖത്തുകാരുടെ തനിനിറം വെളിച്ചെത്തുകൊണ്ടുവരികയായിരുന്നു.
സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം അബ്ദുല്ലത്വീഫ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് മുദര്‍രിസ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, കെ പി. ബീരാന്‍ മുസ്‌ലിയാര്‍, എം പി ഹസൈനാര്‍ മുസ്‌ലിയാര്‍, ടി പി മുഹമ്മദ് കാമില്‍ സഖാഫി, യൂസുഫ് അഹ്‌സനി കാവനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ സി മൂസ സഖാഫി സ്വാഗതവും കണ്‍വീനര്‍ കെ ഗൗസ് മുഹ്‌യിദ്ദീന്‍ സഖാഫി നന്ദിയും പറഞ്ഞു.