Connect with us

Kerala

ഇന്ത്യയിലെ നാളികേരോത്പാദനം 4.92 ശതമാനം കുറയും

Published

|

Last Updated

പാലക്കാട്: ഈ സാമ്പത്തിക വര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.92 ശതമാനം ഉത്പാദനത്തില്‍ കുറവുണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്. നാളികേര വികസന ബോര്‍ഡ് ഇന്ത്യയിലെ നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും നിര്‍ണയിക്കാന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്ത് നാളികേര ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒമ്പത് സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ജില്ലകളില്‍ നിന്നാണ് ഉത്പാദനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ 16.60 ശതമാനവും മലപ്പുറത്ത് 4.60 ശതമാനവും ഉത്പാദനം കുറയുമെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇടുക്കിയിലും കോട്ടയത്തും ഉത്്പാദനക്കുറവ് 50 ശതമാനത്തില്‍ കൂടുലാണ്. എന്നാല്‍ മറ്റു ജില്ലകളിലെ വര്‍ധനവ് കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനതലത്തില്‍ നാളികേരോത്പാദനം 8.37 ശതമാനം ഉയരുമെന്നാണ് സൂചന. സംസ്ഥാനത്തെ ഉത്പാദനക്ഷമത ഹെക്ടറില്‍ 8,118 നാളികേരമാണ്. കോഴിക്കോടാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരോത്പാദനമുള്ളത്.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്്പാദനത്തില്‍ നിന്ന് 1.06 ശതമാനം കുറവാണ് ഈ വര്‍ഷം ഉണ്ടാകുക. കന്യാകുമാരി ജില്ലയില്‍ 46.49 ശതമാനത്തിന്റെയും ഡിന്‍ഡിഗലില്‍ 38.67 ശതമാനത്തിന്റെയും കുറവ് കാണുമ്പോള്‍, പ്രധാന നാളികേരോത്പാദക ജില്ലയായ കോയമ്പത്തൂരില്‍ 61.20 ശതമാനത്തിന്റെയും തേനിയില്‍ 51.50 ശതമാനത്തിന്റെയും വര്‍ധനവ് കാണുന്നു. സംസ്ഥാനത്തെ ഉത്പാദനക്ഷമത ഹെക്ടറില്‍ 11537 നാളികേരമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്നത് കോയമ്പത്തൂര്‍ ജില്ലയിലാണ്.
കര്‍ണാടകത്തില്‍ 21.92 ശതമാനം ഉത്പാദന കുറവാണ് കണക്കാക്കുന്നത്. തുമക്കുരു, മാണ്ഡ്യ, മൈസൂര്‍, ചിക്കമഗഌരു എന്നീ ജില്ലകളിലെല്ലാം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം കുറവാണ്. തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളില്‍ കുറവ് 50 ശതമാനത്തില്‍ അധികമാണ്. എന്നാല്‍ ചിത്രദുര്‍ഗ ജില്ലയില്‍ 50 ശതമാനത്തിലും മുകളിലാണ് ഉത്പാദനം കണക്കാക്കുന്നത്. ഹെക്ടറില്‍ 6968 നാളികേരമാണ് സംസ്ഥാനത്തെ ഉത്പാദനക്ഷമത കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദനമുള്ള ജില്ല തുമക്കുരു ആണ്. ആന്ധ്രപ്രദേശില്‍ 31.12 ശതമാനമാണ് ഉത്പാദനത്തില്‍ ഈ വര്‍ഷം കുറവുണ്ടാവുക. ഒഡീഷയില്‍ ഈ വര്‍ഷം ഉത്പാദനത്തില്‍ 14.15 ശതമാനം കുറവുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്ത് പുരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാളികേര ഉത്പാദനം ഉള്ളത്. പശ്ചിമബംഗാളില്‍ ഉത്പാദനം 2014- 15 വര്‍ഷത്തേതിനേക്കാള്‍ 1.50 ശതമാനം വര്‍ധിക്കും എന്നാണ് ഫലങ്ങള്‍ തരുന്ന സൂചന.
ഏറിയ പങ്ക് തെങ്ങിന്‍ തോപ്പുകളിലും മഴയെ ആശ്രയിച്ചാണ് കൃഷി എന്നതുകൊണ്ടു തന്നെ മഴയുടെ കുറവ് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെ രോഗബാധയും ഉത്പദനക്കുറവിന് ഹേതുവാണ്. ഇന്ത്യയിലെ നാളികേരോത്പാദനം 2015-16ല്‍ പോയ വര്‍ഷത്തേക്കാള്‍ 4.92 ശതമാനം കുറയും എന്നതാണ് സൂചന.