സീറ്റ് വിഭജനം: കേരള കോണ്‍ഗ്രസ് മാണി- ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ കലാപം

Posted on: February 20, 2016 5:37 am | Last updated: February 20, 2016 at 12:38 am
SHARE

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ കേരള കോണ്‍ഗ്രസ് മാണി- ജോസഫ് തമ്മിലുള്ള ചേരിപ്പോര് മൂര്‍ഛിച്ചു. തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് അര്‍ഹമായ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ജോസഫ് അനുകൂലികളായ നേതാക്കള്‍ കെ എം മാണിയുമായി ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസിന്റെ എട്ട് എം എല്‍ എമാരില്‍ ജോസഫ് വിഭാഗത്തിന് മൂന്നും മാണി വിഭാഗത്തിന് അഞ്ചും അംഗങ്ങളാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിലെ മൂന്ന് സിറ്റിംഗ് എം എല്‍ എമാര്‍ക്ക് സീറ്റുകള്‍ നല്‍കുന്നതിനോടൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുന്‍ ഇടുക്കി എം പിയുമായ ഫ്രാന്‍സിസ് ജോര്‍ജിന് പൂഞ്ഞാര്‍ അടക്കമുള്ള കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ സീറ്റ് നല്‍കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന സൂചനകള്‍ കേരള കോണ്‍ഗ്രസിലെ ഔദ്യോഗിക പക്ഷം ജോസഫ് വിഭാഗത്തെ അറിയിച്ചതോടെ സീറ്റ് വിഭജനത്തെ ചൊല്ലി പാര്‍ട്ടിയില്‍ ആഭ്യന്തരകലാപം ഉടലെടുത്തിരിക്കുകയാണ്.
അതേസമയം, പാര്‍ട്ടിയെ ഏതാണ്ട് പൂര്‍ണമായി വറുതിയിലാക്കിയ ജോസ് കെ മാണി എം പിയുടെ നേതൃത്വം അംഗീകരിക്കുന്നവരെ മാത്രം തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ മതിയെന്ന രഹസ്യ ആലോചന ഔദ്യോഗിക പക്ഷത്തിനുണ്ട്. ജോസഫ് വിഭാഗത്തിലെ പ്രമുഖരായ ഫ്രാന്‍സിസ് ജോര്‍ജ്, കടുത്തുരുത്തി എം എല്‍ എ മോന്‍സ് ജോസഫ് എന്നിവരെ ഒഴിവാക്കിക്കൊണ്ടുള്ള സീറ്റ് ചര്‍ച്ചകള്‍ അനൗദ്യോഗികമായി മാണി വിഭാഗം ആലോചിക്കുന്നു. ഈ രാഷ്ട്രീയ അപകടം മണത്തറിഞ്ഞ ജോസഫ് വിഭാഗം എന്തുവിലകൊടുത്തും തങ്ങള്‍ക്ക് അവകാശപ്പെട്ട സീറ്റുകള്‍ വാങ്ങിയെടുക്കുമെന്ന വാശിയിലാണ്. ഇക്കാര്യത്തില്‍ കെ എം മാണി പിടിവാശി കാട്ടിയാല്‍ പിളര്‍പ്പ് അടക്കമുള്ള നിര്‍ണായക തീരുമാനങ്ങളിലേക്ക് പോകുന്നതിന് മടിക്കേണ്ടെന്ന നിര്‍ദേശം ജോസഫ് വിഭാഗം നേതാക്കള്‍ കീഴ്ഘടങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു.
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കാന്‍ നിര്‍ബന്ധിതനായ കെ എം മാണിക്കൊപ്പം പി ജെ ജോസഫ് മന്ത്രിസ്ഥാനം രാജിവെക്കാന്‍ സന്നദ്ധനാകാതിരുന്നതോടെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത പരസ്യമായി മറനീക്കിയിരുന്നു. മാണി- ജോസഫ് വിഭാഗങ്ങള്‍ക്ക് നിരന്തരം തലവേദനയായിരുന്ന പി സി ജോര്‍ജ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്തുപോയതോടെയാണ് മാണി- ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത പരസ്യമായത്. എന്നാല്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് വിമതവേഷത്തില്‍ ആരും ഇതുവരെ രംഗത്ത് എത്തിയിരുന്നില്ല. റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ജോസ് കെ മാണി എം പി കോട്ടയത്ത് നടത്തിയ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം വെറും പ്രഹസനമായിരുന്നുവെന്ന അഭിപ്രായമാണ് ജോസഫ് വിഭാഗത്തിനുള്ളത്. പാര്‍ട്ടി കമ്മിറ്റികളില്‍ ആലോചിക്കാതെ തിരക്കിട്ട് പ്രഖ്യാപിച്ച ജോസ് കെ മാണിയുടെ സമരപ്രഖ്യാപനം ബാര്‍ കോഴക്കേസില്‍ മാണിക്ക് നഷ്ടപ്പെട്ട ഇമേജ് തിരികെപിടിക്കാനുള്ള തന്ത്രം മാത്രമായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. പി ജെ ജോസഫിന്റെ വിശ്വസ്തനും മുന്‍ എം എല്‍ എയുമായ പി സി ജോസഫ് നിരാഹാര സത്യഗ്രഹത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ഇതിനിടെ, കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകള്‍ക്കൊപ്പം ഏഴ് സീറ്റുകള്‍ അധികമായി യു ഡി എഫില്‍ ആവശ്യപ്പെടാനും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നു. മാണിയുമായി ഇടയുന്ന പി ജെ ജോസഫിന് കോണ്‍ഗ്രസിന്റെ ഉറച്ച പിന്തുണയുണ്ടെന്ന സൂചനകളുണ്ട്. ബാര്‍ കോഴക്കേസ് കെട്ടിച്ചമച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം കെ എം മാണിയെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന കടുത്ത അമര്‍ഷം ജോസ് കെ മാണി അടക്കമുള്ള നേതാക്കള്‍ക്കുണ്ട്. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്നുള്ള രാഷ്ട്രീയ സഖ്യങ്ങള്‍ സംബന്ധിച്ച അണിയറ നീക്കങ്ങളും രഹസ്യ ചര്‍ച്ചകളും ദൂതന്‍ന്മാര്‍ മുഖേന നടത്തിക്കഴിഞ്ഞതായും അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here