പള്ളിവളപ്പിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് വര്‍ഗീയ കലാപത്തിന് ശ്രമം; രണ്ട് പേര്‍ പിടിയില്‍

Posted on: February 20, 2016 12:16 am | Last updated: February 20, 2016 at 12:49 am

ചാവക്കാട്: പള്ളി വളപ്പിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമം. ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഇരപ്പുഴ സ്വദേശി പ്രശാന്ത്, കല്ലുങ്ങാട് സ്വദേശി ലയേഷ് എന്നിവരെ ചാവക്കാട് പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി പത്തോടെ കിഴക്കേങ്ങാട് ഹിളര്‍ പള്ളി വളപ്പിലേക്കാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മദ്യക്കുപ്പികള്‍ വലിച്ചെറിയുകയും പള്ളിയുടെ ചുറ്റുമതിലില്‍ മൂത്രമൊഴിക്കുകയും ചെയ്തത്. പിന്നീട് സംഘം പള്ളിക്കു മുന്നില്‍ വെച്ച് ഭീഷണി മുഴക്കുകയും ചെയ്തു. വിവരമറിഞ്ഞ് പരിസരവാസികള്‍ എത്തിയതോടെ സംഘം മുങ്ങി. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ ചാവക്കാട് എസ് ഐ. എം കെ രമേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഭവ സ്ഥലത്തെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അറിയിച്ചു. തുടര്‍ന്ന് രാത്രി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്തി മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി എസ് ഐ പറഞ്ഞു.