ഈ രാജ്യസ്‌നേഹികളില്‍ നിന്ന് നമ്മെ ആര് രക്ഷിക്കും?

അര്‍ജുനന്‍ എന്ന സവര്‍ണ രാജകുമാരന്റെ യുദ്ധവിജയത്തിനു ഭീഷണിയായേക്കാവുന്ന എല്ലാ ഏകലവ്യന്മാരുടെയും പെരുവിരല്‍ അറുത്ത് ദക്ഷിണ വാങ്ങാന്‍ മടിയില്ലാത്ത ദ്രോണാചാര്യന്മാരെ വിദ്യാപീഠങ്ങളുടെ അഗ്രിമസ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് കേന്ദ്രആഭ്യന്തരമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പരിശ്രമിക്കുന്നത്. ദേശരക്ഷയുടെ പേരുപറഞ്ഞ് ദളിത്, ന്യൂനപക്ഷപിന്നോക്കവിഭാഗങ്ങളിലെ കുരുന്നു പ്രതിഭകളെ മുളയിലേ നുള്ളിക്കളയാനുള്ള പുറപ്പാടായി വേണം ഇതിനെ കാണാന്‍. ഈ കൂട്ടരെ നയിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയല്ല ഭരണഘടനയെക്കാള്‍ പവിത്രമായി ഇവര്‍ കരുതുന്ന മനുസ്മൃതിയാണ്.
Posted on: February 20, 2016 6:00 am | Last updated: February 20, 2016 at 12:03 am

രാജ്യസ്‌നേഹം തെമ്മാടികളുടെ അവസാനത്തെ അഭയസ്ഥാനമാണെന്നു പറഞ്ഞത് ഫ്രഞ്ചുചിന്തകന്‍ വാള്‍ട്ടയറായിരുന്നു. ഹിറ്റ്‌ലറും മുസോളിനിയും ഒക്കെയായിരുന്നു രാജ്യസ്‌നേഹത്തിന്റെ രഥം ജനങ്ങളുടെ നെഞ്ചത്തുകൂടെ ഉരുട്ടിക്കൊണ്ട് പതിനായിരങ്ങളെ കൊന്നൊടുക്കിയത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പര്യവസാനത്തോടെ യൂറോപ്പിലെ ജനങ്ങളില്‍ ഏറിയ പങ്കിനും അല്‍പ്പസ്വല്‍പ്പം ബുദ്ധി ഉദിക്കുകയും രാജ്യസ്‌നേഹം എന്ന ദുര്‍ഭൂതത്തിന്റെ തോളില്‍ നിന്നു താഴെയിറങ്ങി സഞ്ചരിക്കാനും തന്നെപ്പോലെ തന്റെ അയല്‍രാജ്യക്കാരനെയും സ്‌നേഹിച്ചു തുടങ്ങേണ്ടതിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കാനും തുടങ്ങി. ലോകത്ത് രാഷ്ട്രങ്ങളില്ലായിരുന്നെങ്കില്‍ അതിര്‍ത്തികളില്ലായിരുന്നെങ്കില്‍ മനുഷ്യനു ഒരിക്കലും സമാധാനം നഷ്ടമാകില്ലായിരുന്നു എന്നു ജോണ്‍ലെനന്‍ എന്ന ബീറ്റില്‍സ് ഗായകകവി പാടിയിട്ടുണ്ട്. അത്തരം കാല്‍പ്പനികസ്വപ്‌നങ്ങളെ മാറ്റിനിറുത്തിയാല്‍ തന്നെ, നിരായുധവത്ക്കരണത്തിനും യുദ്ധരഹിതലോകത്തിനും വേണ്ടിയുള്ള മുറവിളി ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും മുഴങ്ങുന്ന കാലമാണിത്. കാലത്തിന്റെ ഈ മണിമുഴക്കത്തോട് ആദ്യം പ്രതികരിക്കുന്നത് സ്വാഭാവികമായും ക്യാമ്പസുകളിലെ യുവപ്രതിഭകളായിരിക്കും. ജെ എന്‍ യു, ഹൈദരബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ അരങ്ങേറിയ സംഭവവികാസങ്ങളും അതിനോട് കേന്ദ്രഭരണകക്ഷി പ്രകടിപ്പിച്ച അപലപനീയമായ പ്രതികരണങ്ങളും വ്യാപകമായ അമര്‍ഷത്തിനും അസംതൃപ്തിക്കും കാരണമായിരിക്കുന്നു.
യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഈ സമയത്ത് വധശിക്ഷയുടെ ശരിതെറ്റുകള്‍ വിപുലമായ മാധ്യമവിചാരണകള്‍ക്കു വിഷയമായി. ഇതില്‍ പ്രധാനമായും പരിശോധിക്കപ്പെട്ടത് വധശിക്ഷയിലെ ശരിതെറ്റുകളായിരുന്നു. മുസ്‌ലിംകളും മറ്റ് ന്യൂനപക്ഷങ്ങളും പ്രതിയാക്കപ്പെടുന്ന കേസുകളില്‍ ഒരു നീതിയും മറ്റുള്ളവര്‍ക്കു മറ്റൊരു നീതിയും എന്ന ഇരട്ടത്താപ്പാണ് അന്നേറെ പരിശോധിക്കപ്പെട്ടത്. ഭരണകൂടം കുറ്റവാളിയായി മുദ്രകുത്തി തൂക്കിലേറ്റപ്പെട്ടവര്‍ പില്‍ക്കാലത്ത് വീരനായക പരിവേഷത്തോടെ പുനരവതരിക്കുന്നത് ചരിത്രത്തില്‍ അത്ര അപൂര്‍വമല്ല. സോക്രട്ടറീസും ജീസസ് ക്രൈസ്റ്റും പോലും അവരുടെ കാലത്തെ ഭരണകൂടങ്ങളുടെ ദൃഷ്ടിയില്‍ കുറ്റവാളികളായിരുന്നു. അത്രയൊന്നും പിന്നോട്ട് പോകേണ്ടാ. മഹാത്മഗാന്ധിയുടെ വധം ആസൂത്രണം ചെയ്തവര്‍ക്കും കുറ്റവാളിയെന്ന നിലയില്‍ തൂക്കിലേറ്റിക്കൊന്ന നാഥുറാംവിനായക്‌ഗോഡ്‌സേക്കും വീരനായകപദവി കല്‍പ്പിച്ചു നല്‍കുകയും ഗോഡ്‌സേക്ക് അമ്പലം പണിയുകയും ചെയ്തവരാല്‍ താങ്ങി നിറുത്തപ്പെട്ട ഒരു സര്‍ക്കാറിന്റെ ആഭ്യന്തരമന്ത്രിയാണ് താനെന്ന കാര്യമെങ്കിലും രാജ്യദ്രോഹം ആരോപിച്ച് യുവാക്കളെ തല്ലിച്ചതക്കാന്‍ ക്യാമ്പസുകളിലേക്കു പോലീസുകാരെ അഴിച്ചുവിടുന്നതിനു മുമ്പ് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഓര്‍ക്കേണ്ടതായിരുന്നു. ഗാന്ധിജിയെ രാജ്യദ്രോഹിയായും ഗോഡ്‌സെയെ രാജ്യസ്‌നേഹിയായും മുദ്രകുത്തുന്ന ആര്‍ എസ് എസ്, ബി ജെ പി പ്രഭൃതികള്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടത്തിയ വിദ്യാര്‍ഥികളെ വേട്ടയാടുന്നത് ‘ചാരിത്ര്യപ്രസംഗ’ത്തിനു തുല്യമെന്നു കരുതേണ്ടി വരും.
ഇത്തരം വേട്ടയാടലുകളും അതിനെ സാധൂകരിക്കുന്നതിനു വേണ്ടി നിയമപുസ്തകത്തില്‍ എഴുതിച്ചേര്‍ത്ത വകുപ്പുകളും ഇന്ത്യന്‍ ഭരണഘടനയോട് ഒരു തരത്തിലും നീതിപുലര്‍ത്തുന്നവയല്ല. ദേശരക്ഷയുടെ പേരുപറഞ്ഞ് ദളിത്, ന്യൂനപക്ഷപിന്നാക്കവിഭാഗങ്ങളിലേ കുരുന്നു പ്രതിഭകളെ മുളയിലെ നുള്ളിക്കളയാനുള്ള പുറപ്പാടായി വേണം ഇതിനെ കാണാന്‍. ഈ കൂട്ടരെ നയിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയല്ല ഭരണഘടനയേക്കാള്‍ പവിത്രമായി ഇവര്‍ കരുതുന്ന മനുസ്മൃതിയാണ്. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കാന്‍ വിധിയെഴുതിയ സുപ്രീം കോടതി ജഡ്ജി പോലും തന്റെ വിധിയെ ന്യായീകരിക്കാന്‍ മനുസ്മൃതി ഉദ്ധരിക്കുകയുണ്ടായി. മനുസ്മൃതി അടിത്തറയും ഭഗവത്ഗീത മേല്‍ക്കൂരയുമായ ഒരു സാമൂഹിക സംവിധാനമാണ് ഇവര്‍ സ്വപ്‌നം കാണുന്നതെന്നു തോന്നുന്നു. അതല്ലെ അവരുടെ ഒരാചാര്യന്‍ പറഞ്ഞത് ഭഗവത് ഗീതയെ ഇന്ത്യയുടെ ദേശീയഗ്രന്ഥമായി അംഗീകരിക്കണമെന്ന്. തങ്ങളുടെ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരത്തിനു തടസ്സമായി വര്‍ത്തിക്കുന്നത് ആധുനിക ദര്‍ശനങ്ങള്‍ക്കു വേരോട്ടമുള്ള ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളാണെന്നിവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലാശാലകളെ കലാപഭൂമികളാക്കുക എന്ന ലക്ഷ്യത്തോടെ എ ബി വി പി പലയിടത്തും അഴിഞ്ഞാട്ടം നടത്തുന്നത്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള എണ്ണായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജെ എന്‍ യുവില്‍ കേവലം പത്തോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നു ഒരു അഫ്‌സല്‍ഗുരു അനുസ്മരണം നടത്തിയതിനെയാണ് ഇപ്പോള്‍ ഒരു വലിയ രാജ്യദ്രോഹപ്രവൃത്തിയായി ചിത്രീകരിക്കാന്‍ നോക്കുന്നത്. ഇവരുടെ ഇടയില്‍ ഇരച്ചുകയറി പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ചവര്‍ എ ബി വി പിക്കാരായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അതൊന്നും മുഖവിലക്കെടുക്കാതെ തങ്ങള്‍ക്കനഭിമതരായ വിദ്യാര്‍ഥികളെ പടിയടച്ചു പിണ്ഡം വെക്കാനാണ് കേന്ദ്ര ഭരണകൂടം ഇപ്പോള്‍ പോലീസിനെ ഉപയോഗിച്ച് പരിശ്രമിക്കുന്നത്.
വി പി സിംഗിന്റെ ഭരണകാലത്ത് കുടത്തില്‍ നിന്നു തുറന്നുവിട്ട മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന ഭൂതം ഈ രാജ്യത്തെ വരേണ്യവര്‍ഗത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അര്‍ജുനന്‍ എന്ന സവര്‍ണ രാജകുമാരന്റെ യുദ്ധവിജയത്തിനു ഭീഷണിയായേക്കാവുന്ന എല്ലാ ഏകലവ്യന്മാരുടെയും പെരുവിരല്‍ അറുത്ത് ദക്ഷിണ വാങ്ങാന്‍ മടിയില്ലാത്ത ദ്രോണാചാര്യന്മാരെ വിദ്യാപീഠങ്ങളുടെ അഗ്രിമസ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് കേന്ദ്രആഭ്യന്തരമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പരിശ്രമിക്കുന്നത്. തങ്ങളുടെ പരിശ്രമങ്ങള്‍ക്കു മോലൊപ്പു ചാര്‍ത്താന്‍ സര്‍വഥാ യോഗ്യനായ ഒരു ‘പിന്നാക്കവിഭാഗ’ക്കാരനെ പ്രധാനമന്ത്രിക്കസേരയില്‍ ഇരുത്താനും അവര്‍ക്കവസരം ലഭിച്ചു എന്നത് ചരിത്രനിയോഗം. അല്ലെങ്കില്‍ തന്നെ ഇന്ത്യാ ചരിത്രത്തിലുടനീളം ഈ സമ്പന്നമുന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടി വിശ്വസ്തമായ കാര്യസ്ഥപണി ചെയ്തുപോന്നിരുന്നത് പിന്നാക്ക വര്‍ഗക്കാരില്‍ നിന്നുയര്‍ന്നുവന്ന അഞ്ചാംപത്തി നേതാക്കളായിരുന്നല്ലൊ.
ആര്‍ക്കും എവിടെയും ഏതു വേഷവും കെട്ടി ഏതുതരം ആള്‍മാറാട്ടവും നടത്തി എന്തതിക്രമവും കാണിക്കാനുള്ള ലൈസന്‍സാണോ ഇവര്‍ വിഭാവനം ചെയ്യുന്ന രാഷ്ട്രീയപ്രവര്‍ത്തനം? ഫെബ്രുവരി 14നു ആംആദ്മി എന്നെഴുതിയ തൊപ്പി ധരിച്ച് ഡല്‍ഹിയിലെ സി പി എം ഓഫീസിനെതിരെ നടത്തിയ അതിക്രമം ഈ സംശയം ബലപ്പെടുത്തുന്നു. ഡല്‍ഹി ഭരിക്കുന്നത് ആംആദ്മി പാര്‍ട്ടി. ഡല്‍ഹിയിലെ പോലീസിനെ ഭരിക്കുന്നത് രാജ്‌നാഥ്‌സിംഗ്. ഒരു വെടിക്കു രണ്ട് പക്ഷി. സി പി എം ഓഫീസ് ആക്രമവും നടക്കും, ആംആദ്മി തൊപ്പി ധരിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യാം.
പോലീസും പട്ടാളവും ഒന്നും ജനങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയല്ല ജനങ്ങളെ ഭയപ്പെടുത്താന്‍ വേണ്ടിയാണെന്ന പ്രതീതി സൃഷ്ടിക്കലാണ് എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങളും ചെയ്യുന്നത്. അമ്പലത്തിലെ ആറാട്ടു മുതല്‍ അങ്ങാടിമുക്കിലെ അന്തിച്ചന്തവരെ ഉദ്ഘാടനം ചെയ്യാന്‍ മുന്നിലും പിന്നിലും പോലീസ് വണ്ടിയുമായി പാഞ്ഞെത്തുന്ന മന്ത്രിമാര്‍ക്കു മുന്നിലോ ഭരണനിര്‍വഹണ കേന്ദ്രങ്ങള്‍ക്കു മുമ്പിലോ നടത്തുന്ന പ്രതിഷേധസമരങ്ങളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടിയാണോ വര്‍ഷാവര്‍ഷം കൂടുതല്‍ തീവ്രമായ ദേശരക്ഷാ നിയമങ്ങള്‍ ഉണ്ടാക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ദേശവാസികള്‍ക്കു നല്‍കാന്‍ കഴിയാത്ത എന്തു ദേശരക്ഷയാണ് ഇത്തരം കരിനിയമങ്ങള്‍ വഴി ദേശത്തിനു ലഭിക്കാന്‍ പോകുന്നത്?
രാജ്യത്തിന്റെ ഭരണച്ചെലവുകളില്‍ ഏറിയ പങ്കും ചെലവഴിക്കപ്പെടുന്നത് സൈന്യത്തിന്റെ ശക്തി കൂട്ടാന്‍ വേണ്ടിയാണ്. ഭക്ഷണം, വിദ്യാഭ്യാസം, പാര്‍പ്പിടം, കുടിവെള്ളം, ശുദ്ധവായു ഇതിനൊക്കെ സൈനികശേഷി വര്‍ധിപ്പിക്കുന്നതിന്റെ നൂറിലൊരംശം പരിഗണന പോലും ലഭിക്കുന്നില്ല. അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നുള്ള അതിക്രമിച്ചു കടക്കലിനെ പ്രതിരോധിക്കുന്നതിലും ഏറെ പ്രാധാന്യത്തോടെ സ്വന്തം രാജ്യത്തിലെ പാര്‍ശ്വവത്കൃത ജനങ്ങള്‍ക്കെതിരെ സൈനികശക്തി പ്രകടിപ്പിക്കുന്നു. മണിപ്പൂരിലും നാഗാലാന്‍ഡിലും രാജ്യസുരക്ഷയുടെ പേരു പറഞ്ഞ് സാധാരണ ജനത്തിന്റെ ജീവിതത്തില്‍ സൈന്യം നടത്തുന്ന അന്യായ ഇടപെടലുകളുടെ ചരിത്രം നമുക്കറിയാം. കാശ്മീരില്‍ പട്ടാളം നടത്തുന്ന അതിക്രമങ്ങള്‍ എത്രകാലമാണ് നമുക്കു കണ്ടില്ലെന്നു നടിച്ച് മുന്നോട്ടു പോകാനാകുക? അഫ്‌സല്‍ഗുരുവിനു നല്‍കിയ വധശിക്ഷയെ പരസ്യമായി അപലപിക്കുന്ന കാശ്മീരിലെ പി ഡി പി എന്ന രാഷ്ട്രീയ പാര്‍ട്ടി ബിജെ പിയുടെ സഖ്യകക്ഷിയായി തുടരുന്നതിലെ വിരോധാഭാസവും വിലയിരുത്തേണ്ടതുണ്ട്. പി ഡി പി അനുകൂലികളായ വിദ്യാര്‍ഥികള്‍ക്കും സ്വാധീനമുള്ള ജെ എന്‍ യു ക്യാമ്പസില്‍ അവര്‍ രക്തസാക്ഷി മുദ്രകുത്തിയ വ്യക്തിയുടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കാന്‍ ഏതാനും വിദ്യാര്‍ഥികള്‍ ഒത്തുകൂടിയതിനെ ഇത്ര വലിയ രാജ്യദ്രോഹപ്രവര്‍ത്തിയായി ചിത്രീകരിക്കുന്നതിനു പിന്നില്‍ ചില ഗൂഢാലോചനകള്‍ സംശയിക്കാവുന്നതാണ്. തങ്ങളെ അനുകൂലിക്കുന്നവര്‍ രാജ്യസ്‌നേഹികള്‍, എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികള്‍ ഇത്തരം ഒരു വിഭജനത്തിലൂടെ ക്യാമ്പസുകളെ അരാഷട്രീയവത്കരിക്കുക. അരാഷ്ട്രീയവത്കരണം എല്ലാ സമഗ്രാധിപത്യഭരണകൂടങ്ങളുടെയും ലക്ഷ്യമാണ്.
ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കു മാത്രം പ്രവേശം ലഭിക്കാറുള്ള ജെ എന്‍ യു പോലുള്ള കേന്ദ്രസര്‍വകലാശാലകളെ രാഷ്ട്രീയവിമുക്തമാക്കി കേവലം പ്രൊഫഷനലിസത്തില്‍ മാത്രം താത്പര്യമുള്ള ഭാഗ്യാന്വേഷികളുടെ സങ്കേതമാക്കുക.സമുന്നത ജീവിതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ വിചക്ഷണന്മാര്‍ അലങ്കരിച്ചിരുന്ന വൈസ്ചാന്‍സലര്‍ പദവികളിലും മറ്റും ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളെ പ്രതിഷ്ഠിക്കുക. ഇതുവഴി യുവാക്കളില്‍ സഹജമായ ആദര്‍ശപ്രതിബദ്ധതയെ തകര്‍ത്തു തരിപ്പണമാക്കുക.
ഇന്ത്യയിലേറ്റവും കൂടുതല്‍ രാഷ്ട്രീയപ്രബുദ്ധത പുലര്‍ത്തിയിരുന്ന സര്‍വകലാശാലയായിരുന്ന ജെ എന്‍ യു. കഴിഞ്ഞ ഒരു ദശകമായി അധികാരത്തിന്റെ ഇരുമ്പ്ദണ്ഡുപയോഗിച്ച് അതില്ലാതാക്കുന്നതില്‍ ഭരണകൂടങ്ങള്‍ അസാമാന്യ വിജയം കൈവരിച്ചു. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട കനയ്യകുമാര്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗത്തിന്റെ പ്രതിനിധിയായി മത്സരിച്ചുകൊണ്ടാണ് യൂനിയന്‍ പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കിയത്. 2008 വരെ എസ് എഫ് ഐ പുലര്‍ത്തിയിരുന്ന മേധാവിത്വത്തിനു ബദലായി ഉയര്‍ന്നു വന്നത് കൂടുതല്‍ ഇടതുപക്ഷാഭിമുഖ്യം പുലര്‍ത്തുന്ന സി പി ഐ എം എല്‍, മാവോയിസ്റ്റ് വിദ്യാര്‍ഥി സംഘങ്ങളാണ്. ഇടതുപക്ഷപ്രസ്ഥാനങ്ങളിലെ ഭ്രാന്തുപിടിച്ച ചേരിതിരിവ് ഇന്ത്യന്‍ ക്യാമ്പസുകളെ അരാഷ്ട്രീയവത്കരിക്കുകയാണ്. രാജ്യാന്തര പഠനവിഭാഗത്തിലെ ഈ മൂന്നാംവര്‍ഷ വിദ്യാര്‍ഥി, തിരഞ്ഞെടുപ്പ് തലേന്ന് നടത്തിയ പ്രസംഗപാടവം ഒന്നുകൊണ്ട് മാത്രമാണ് ജെ എന്‍ യു വിദ്യാര്‍ഥികളുടെ നേതൃത്വത്തിലേക്കുയര്‍ന്നത്. ഇങ്ങനെയൊരാള്‍ പാക് അനുകൂല മുദ്രവാക്യം വിളിച്ച് ജയിലിലേക്കു പോകും എന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും വിശ്വസിക്കാനാകില്ല.
പോലീസും പട്ടാളവും മാത്രമല്ല വേണ്ടിവന്നാല്‍ തെരുവുഗുണ്ടകളെയും ഇറക്കി ഏതു ഭരണകൂടവിരുദ്ധപ്രക്ഷോഭങ്ങളെയും നേരിടാന്‍ പ്രാപ്തി നേടിയിരിക്കുന്നു തങ്ങളെന്നു തെളിയിക്കുകയായിരിക്കാം ഇവരുടെ ലക്ഷ്യം. പോലീസുകാര്‍ നിരപരാധികള്‍ക്കു മേല്‍ കൈത്തരിപ്പു തീര്‍ക്കുന്നത് ഒരു വാര്‍ത്തയൊന്നുമല്ല. എന്നാല്‍ നിയമം പഠിച്ചവരെന്ന് അവകാശപ്പെടുന്ന ഒരു പറ്റം കറുത്തകുപ്പായധാരികള്‍ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഒരു ചെറുപ്പക്കാരന്റെ മേല്‍ ചാടിവീണ് അക്രമിക്കുന്നത് ലോകം കണ്ടു. ഈ കാഴ്ച ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു കിട്ടി വേണ്ടത്ര മര്‍ദനം. കുറേ രാജ്യസ്‌നേഹികള്‍ ! ഇവരൊക്കെയല്ലേ നാളെ ഈ രാജ്യം ഭരിക്കാന്‍ വരുന്നത്. ജനകീയ പോരാട്ടങ്ങളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള പ്രധാനതന്ത്രം ഭയപ്പെടുത്തലാണെന്ന് പുരാതനകാലം മുതല്‍ ഭരണാധികാരികള്‍ മനസ്സിലാക്കിയിരുന്നു.
സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ഒക്കെ സായുധസൈന്യങ്ങളെ അണിനിരത്തി അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും ഭരണാധികാരികള്‍ക്കു മുമ്പില്‍ സല്യൂട്ട് ചെയ്യുന്നതും പതാകാവന്ദനം നടത്തുന്നതുമൊക്കെ സൈന്യം അവരെ തീറ്റിപ്പോറ്റുന്ന ജനങ്ങള്‍ക്കു നല്‍കുന്ന ആദരവിന്റെ പ്രതീകാത്മക ആവിഷ്‌കാരം ആണെന്നുമൊക്കെയാണ് നമ്മളിതുവരെ മനസ്സിലാക്കിയിരുന്നെങ്കില്‍ നമുക്കു തെറ്റി. സ്വന്തം സൈനിക ശക്തിയും ആയുധശേഷിയും ശത്രുരാജ്യങ്ങളെ ബോധ്യപ്പെടുത്തുക എന്നൊരു ലക്ഷ്യവും ഇത്തരം അഭ്യാസപ്രകടനങ്ങള്‍ക്കുണ്ട്. അതും തെറ്റാണ്. ഇതൊന്നും കണ്ടാല്‍ ഭയപ്പെടുന്നവരല്ല ശത്രുരാജ്യങ്ങള്‍. അവരും ഇത്തരം കവാത്തുകളൊക്കെ നടത്തി സ്വന്തം നാട്ടുകാരെ ഞെട്ടിക്കാറുണ്ട്. ഇത്തരം ചില ഞെട്ടിക്കല്‍ പ്രകടനമാണ് രാജ്യസ്‌നേഹം എന്നു മനസ്സിലാക്കി നമ്മളൊക്കെ മിണ്ടാതെയിരുന്നുകൊള്ളണം. ആരാണ് രാജ്യസ്‌നേഹികള്‍, ആരാണ് രാജ്യദ്രോഹികള്‍ ഇതൊക്കെ ഞങ്ങള്‍ തീരുമാനിക്കും. അതിനാല്‍ കരുതിയിരിക്കുക നമ്മളില്‍ ആര്‍ക്കുമേലും ഭരണകൂടത്തിന്റെ ദൃഷ്ടികള്‍ പതിയുകയും രാജ്യദ്രോഹിയെന്നു ചാപ്പകുത്തപ്പെടുകയും ചെയ്‌തേക്കാം. അതൊഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങളെ സമീപിക്കൂ. ഞങ്ങള്‍ നിങ്ങള്‍ക്കു രാജ്യസ്‌നേഹിയെന്ന സാക്ഷിപത്രം നല്‍കാം. ഒരു മിസ്‌കോളെങ്കിലും അടിച്ച് ഞങ്ങളുടെ അംഗത്വം നേടൂ. ഭാരത് മാതാ കീ ജയ് ! ഇന്നലെ ഹൈദരബാദ്, ഇന്ന് ജെ എന്‍ യു, നാളെ ….….?

കെ സി വര്‍ഗീസ്, ഫോണ്‍-9446268581
,