Connect with us

Kerala

കേരളത്തെ സ്മാര്‍ട്ടാക്കി സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ഐ ടി സ്വപ്‌ന പദ്ധതിക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സാക്ഷാത്കാരം. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം കൊച്ചിയില്‍ പ്രൗഢഗംഭീരമായ ചടങ്ങില്‍ നടന്നു. സ്മാര്‍ട്ട് സിറ്റി മന്ദിരത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, യു എ ഇ മന്ത്രിയും ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബൈ ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഹമ്മദ് ബിന്‍ ബയാത്, ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന, വ്യവസായ, ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പത്മശ്രീ എം എ യൂസുഫലി, സ്മാര്‍ട്ട് സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ്, സ്മാര്‍ട്ട് സിറ്റി കൊച്ചി സി ഇ ഒ ബാജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
സ്മാര്‍ട്ട് സിറ്റിയുടെ സാക്ഷാത്കാരത്തോടെ കേരളത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. കേരളത്തിലെ യുവാക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജീവിതമാര്‍ഗം തേടി പോയിരുന്നുവെങ്കില്‍ ഇനി ലോകം കേരളത്തിലേക്ക് വരുന്ന കാഴ്ചയാണ് കാണാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 90,000 പേര്‍ക്ക് നേരിട്ട് ജോലി നല്‍കുന്ന പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നതോടെ ജോലിക്കും താമസത്തിനും വിനോദത്തിനുമുള്ള കേന്ദ്രമായി സ്മാര്‍ട്ട് സിറ്റി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതില്‍ ദുബൈ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും എടുത്ത താത്പര്യത്തിന് സംസ്ഥാനത്തിന് കൃതജ്ഞതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ- യു എ ഇ ബന്ധത്തില്‍ പുതിയൊരു നാഴികക്കല്ലാകും സ്മാര്‍ട്ട് സിറ്റിയെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദേശം പ്രസ് സെക്രട്ടറി വേണു രാജാമണി തത്സമയ സംപ്രേഷണത്തിലൂടെ വായിച്ചു.

---- facebook comment plugin here -----

Latest