Connect with us

Gulf

യു എ ഇയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നുവെന്ന് പഠനം

Published

|

Last Updated

അജ്മാന്‍: ജി സി സി രാജ്യങ്ങളില്‍ എണ്ണ വിലയിടിവ് സംഭവിച്ചെങ്കിലും മറ്റു മേഖലകളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതായി പഠനം. യു എ ഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ 20 ശതമാനത്തോളം തൊഴിലവസരങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഡക്‌സ് വെബ്‌സൈറ്റില്‍ (എം ഇ ഐ) പറയുന്നു.
തൊഴിലവസരങ്ങള്‍ സംബന്ധിച്ച് ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവയുടെ എണ്ണം ഈ വര്‍ഷം 45 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസത്തേക്കാള്‍ 20 ശതമാനത്തിന്റെ വര്‍ധനവാണിത്. അന്താരാഷ്ട്ര തലത്തില്‍ പെട്രോളിയത്തിന് വില കുറഞ്ഞിട്ടുണ്ടെങ്കിലും എണ്ണയിതര മേഖലയിലുണ്ടാകുന്ന തൊഴിലവസരങ്ങളുടെ വര്‍ധനവ് മാര്‍ക്കറ്റില്‍ ശുഭപ്രതീക്ഷയാണുണ്ടാക്കുന്നതെന്നാണ് മോണ്‍സ്റ്റര്‍ ഡോട്ട് കോം മാനേജിംഗ് ഡയറക്ടര്‍ സഞ്ചയ് മോദിയുടെ നിരീക്ഷണം.
മാര്‍ക്കറ്റിംഗ് മേഖലയിലാണ് അടുത്തിടെയായി കൂടുതല്‍ തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിലേക്കായി ദിവസവും ആയിരക്കണക്കിന് പേരാണ് അപേക്ഷിക്കുന്നത്. ഇന്നലെ ദുബൈയിലെ അല്‍ ഖൂസില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് നടന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആയിരത്തിലേറെപ്പേരാണ് എത്തിയത്. രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുമെന്നറിയിച്ചിരുന്ന സ്ഥലത്ത് അതിരാവിലെ തന്നെ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. തൊഴിലന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ബാഹുല്യം കാരണം പലരും ഉച്ചവരെ കാത്തിരുന്ന തിരിച്ച് പോകുകയാണുണ്ടായതെന്ന് തിരൂര്‍ സ്വദേശി അബ്ദുലത്വീഫ് പറഞ്ഞു.
ആരോഗ്യമേഖലയാണ് തൊഴിലവസരങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മേഖല. ഓണ്‍ലൈനില്‍ തൊഴില്‍ പോസ്റ്റ് ചെയ്യുന്ന ഈ മേഖലയില്‍ ഈ വര്‍ഷം 40 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.
തൊഴിലന്വേഷണങ്ങള്‍ വര്‍ധിച്ചതോടെ റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രവര്‍ത്തനവും കൂടുതല്‍ വ്യാപിച്ചിട്ടുണ്ട്.

Latest