ശൈഖ് സായിദ് ബുക്ക് അവാര്‍ഡ്; സൃഷ്ടികള്‍ ക്ഷണിച്ചു

Posted on: February 19, 2016 9:27 pm | Last updated: February 19, 2016 at 9:27 pm
SHARE

logoഅബുദാബി: പത്താമത് ശൈഖ് സായിദ് ബുക്ക് അവാര്‍ഡിന് സൃഷ്ടികള്‍ ക്ഷണിച്ചു. യുവ എഴുത്തുകാരുടെ പുസ്തകങ്ങള്‍, പരിഭാഷകള്‍, സാഹിത്യ കൃതികള്‍ എന്നിവയാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കുക. അറബി സംസ്‌കാരത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്ന ബാലസാഹിത്യങ്ങള്‍ ഉള്‍പെടെ ഒമ്പത് വിഭാഗങ്ങളില്‍ നിന്നാണ് സൃഷ്ടികള്‍ സ്വീകരിക്കുക. സൃഷ്ടികള്‍ നല്‍കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേനെയോ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ഓഫീസിലോ നല്‍കേണ്ടതാണ്.
കര്‍ത്താവിന്റെ ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി, നാമനിര്‍ദേശ പത്രിക, സൃഷ്ടികളുടെ അഞ്ച് പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ഓഫീസില്‍ സമര്‍പിക്കണം.
എല്ലാ സൃഷ്ടികളും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചവയായിരിക്കണം. അന്താരാഷ്ട്രതലങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ച സൃഷ്ടികള്‍ സ്വീകാര്യമല്ല. ഇംഗ്ലീഷ്, അറബി, ഫ്രഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ സൃഷ്ടികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ഡോ. അലി ബിന്‍ തമീം, ഡോ. ഖലീല്‍ ശൈഖ് ജോര്‍ദാന്‍, മുഹമ്മദ് സഫറാനി സഊദി, മുഹമ്മദ് ബനീസ് മോറോക്കോ, കാദിം ജിഹാദ് ഹസ്സന്‍ ഫ്രാന്‍സ്, പ്രൊഫ. ജര്‍ഗന്‍ ബോസ് ജര്‍മനി, അബുല്‍ ഫസല്‍ മുഹമ്മദ് ബര്‍ദാന്‍ ഈജിപ്ത്, മസൂദ് ദാഹിര്‍ ലബനോന്‍, ഹബീബ അല്‍ ശംസി യു എ ഇ എന്നിവരുടെ നേതൃത്വത്തിലാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക. എട്ട് വിഭാഗങ്ങളിലായി ഏഴ് കോടി ദിര്‍ഹമാണ് സമ്മാനത്തുക.
ഓരോ വിഭാഗത്തിലേയും വിജയികള്‍ക്ക് 7,50,000 ദിര്‍ഹം സമ്മാനം ലഭിക്കും. കൂടാതെ മുഴുവന്‍ വിജയികള്‍ക്കും മെറിറ്റ് സര്‍ട്ടിഫിക്കറ്റും മെഡലും ലഭിക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വെച്ച് ഏറ്റവും വലിയ ബുക്ക് അവാര്‍ഡാണ് ശൈഖ് സായിദ് ബുക്ക് അവാര്‍ഡ്.

LEAVE A REPLY

Please enter your comment!
Please enter your name here