സ്‌കൂള്‍ പ്രവേശം: രജിസ്‌ട്രേഷന്‍ മാര്‍ച്ച് 13 മുതല്‍

Posted on: February 19, 2016 9:22 pm | Last updated: February 19, 2016 at 9:22 pm

SAUDI SCHOOLഅബുദാബി: അബുദാബി വിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴിലെ സ്‌കൂളുകളിലെ പുതിയ അധ്യായന വര്‍ഷത്തെ പ്രവേശനം മാര്‍ച്ച് 13 മുതല്‍ 17 വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എമിറേറ്റ് പരിധിയില്‍ 255 പൊതുസ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. സ്വദേശികളുടെ പ്രവേശനം 21 മുതല്‍ നടക്കുമെന്ന് അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍ ഓപറേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് സാലം അല്‍ ദാഹിരി വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ പ്രക്രിയ ഇലക്‌ട്രോണിക് വല്‍കരിച്ചതോടെ മൂന്ന് മിനിറ്റിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നും നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുവാന്‍ രക്ഷിതാക്കള്‍ വിദ്യാര്‍ഥികളുടെ ആവശ്യമായ രേഖകള്‍ കൈയില്‍ കരുതണമെന്നും അദ്ദേഹം പറഞ്ഞു.
രജിസ്‌ട്രേഷന് മുമ്പ് രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുമായി പോയി പേര് രജിസ്റ്റര്‍ ചെയ്യണം. ഇത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുവാന്‍ സഹായിക്കും. വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. എന്നാല്‍ വാര്‍ഷിക ഫീസ് 6,000 ദിര്‍ഹമാണ്. 255 സ്‌കൂളുകളില്‍ 1,30,428 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭ്യമാക്കും. സ്വദേശികള്‍ പഠിക്കുന്ന 186 സ്‌കൂളുകളില്‍ 2,38,632 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭ്യമാക്കും. ഒരു ക്ലാസില്‍ ഇരിക്കാവുന്ന വിദ്യാര്‍ഥികളുടെ എണ്ണവും വിദ്യാഭ്യാസ കൗണ്‍സില്‍ നിജപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസ മേഖലയായ കെ ജി വിഭാഗത്തില്‍ ഒരു ക്ലാസില്‍ 23 കുട്ടികളും പ്രൈമറി വിഭാഗത്തില്‍ 25 കുട്ടികളും സെക്കന്‍ഡറി വിഭാഗത്തില്‍ 30 കുട്ടികളുമാണ് ക്ലാസുകളുടെ ശേഷി.
വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാലയത്തിലെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായെങ്കില്‍ വീടിന് അടുത്തുള്ള വിദ്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ദാഹിരി വ്യക്തമാക്കി. കെ ജി വിഭാഗത്തില്‍ ഈ വര്‍ഷം ഡിസംബര്‍ 31ന് നാല് വയസ് പൂര്‍ത്തിയാകുന്ന വിദ്യാര്‍ഥികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ഡിസംബര്‍ 31ന് ആറ് മുതല്‍ എട്ട് വയസ് വരെ പൂര്‍ത്തിയാകുന്ന കുട്ടികളെ മാത്രമേ കെ ജി ഒന്നില്‍ പ്രവേശിപ്പിക്കുകയുള്ളു. അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.adec.ac.ae എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.