എണ്ണ വിലയിടിവ് പിടിച്ചുനിര്‍ത്താനുള്ള ശ്രമം വിജയിക്കുന്നു

Posted on: February 19, 2016 9:19 pm | Last updated: February 19, 2016 at 9:19 pm
SHARE

Untitled-1 copyഎണ്ണ വിലിയിടിവ് തടയാന്‍ റഷ്യയും സഊദി അറേബ്യയും കൈകോര്‍ത്തത് മേഖലയ്ക്കാകെ ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എണ്ണ വിലയില്‍ സുസ്ഥിരത കൈവരിക്കാന്‍ ആരുമായും യോജിപ്പിലെത്താമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗള്‍ഫ് സാമ്പത്തികരംഗത്ത് പടര്‍ന്ന കാര്‍മേഘം താമസിയാതെ ഒഴിഞ്ഞു പോകും.
റഷ്യ, സഊദി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഒരേ നിലപാട് സ്വീകരിക്കുന്നത് അപൂര്‍വമാണ്. മൂന്നും എണ്ണ സമ്പന്ന രാജ്യങ്ങളുമാണ്. ഒരു ആപത്ത് വന്നപ്പോള്‍ മൂവരും കൈ കോര്‍ത്തുവെന്നത് ചെറിയ കാര്യമല്ല. ഈ സഹകരണം സിറിയന്‍ പ്രശ്‌നത്തിലും ഉണ്ടായാല്‍, അമേരിക്കയുടെ സ്വാധീനം മേഖലയില്‍ ഗണ്യമായി കുറക്കാന്‍ സാധിക്കുമെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
റഷ്യയുടെയും സഊദിയുടെയും സംയുക്ത നീക്കത്തിന് സമാന്തരമായി ഇറാന്‍ വിദേശകാര്യമന്ത്രി ബിജാന്‍ സംഗനേ ഇറാഖ്, ഖത്വര്‍, വെനിസ്വേല രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. എണ്ണയുല്‍പാദനം കുറച്ചാല്‍ മാത്രമേ വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ കഴിയൂവെന്ന് ഏവര്‍ക്കും ബോധ്യമായി. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം ഉണ്ടായത്. (എണ്ണയുല്‍പാദനം കുറക്കുന്നതിന് അല്‍പം സാവകാശം വേണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, തത്ത്വത്തില്‍ വിയോജിപ്പില്ലെന്ന് വ്യക്തമാക്കുകയും ചെയതു.
തീരുമാനം പുറത്തുവന്നയുടന്‍, അസംസ്‌കൃത എണ്ണവില ലോകവിപണിയില്‍ 6.7 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ ദിവസം ബാരലിന് 34.35 ഡോളര്‍ രേഖപ്പെടുത്തി.
സഊദി അറേബ്യ, ഇറാന്‍, ഇറാഖ് രാജ്യങ്ങള്‍ ഒപെകില്‍ അംഗങ്ങളാണ്. റഷ്യ അംഗമല്ല. എന്നിട്ടും ഒപെക് രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ റഷ്യ സന്‍മനസ് കാട്ടി. ഇറാനും വിട്ടുവീഴ്ച ചെയ്തു. ആണവ സമ്പുഷ്ടീകരണം കാരണം ലോകരാജ്യങ്ങള്‍ ഏര്‍പെടുത്തിയിരുന്ന ഉപരോധം അവസാനിച്ചിട്ടേയുള്ളൂ. ഇറാന്റെ സാമ്പത്തിക ശേഷി മെച്ചപ്പെട്ടിട്ടില്ല. ഇതിനിടയില്‍ എണ്ണ ഉല്‍പാദനം കുറക്കുക എന്നത് ഇറാന് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നിട്ടും ഒപെകിലെ മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി ഉല്‍പാദനം കുറക്കാമെന്ന് സമ്മതിക്കുകയായിരുന്നു.
2014ല്‍ ബാരലിന് 118 ഡോളറായിരുന്നു. ചൈന ഉപഭോഗം കുറച്ചതും അമേരിക്ക ബദല്‍ മാര്‍ഗം തേടിയതും എണ്ണവിലയെ ബാധിച്ചു. 2015 അവസാനത്തോടെ ബാരലിന് 30 ഡോളറായി ചുരുങ്ങി.
ഇത് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക കെട്ടുറപ്പിനെ ബാധിച്ചു. മിക്ക രാജ്യങ്ങളും നികുതി ഏര്‍പെടുത്താനും ആഭ്യന്തര വിപണിയില്‍ എണ്ണവില കൂട്ടാനും തുടങ്ങി. പൊതുവെ, സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന കാലത്ത്, ഇത്തരം നടപടികള്‍ ജനങ്ങളെ നിരാശപ്പെടുത്തി. എണ്ണവില കൂടിയാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ക്ഷേമ പദ്ധതികളും നിര്‍മാണങ്ങളും പുനരാരംഭിക്കും. ഗള്‍ഫിലെ ലക്ഷക്കണക്കിന് വിദേശികള്‍ക്കും ഇത് ഗുണം ചെയ്യും. തൊഴിലാളികളെ പിരിച്ചുവിടുന്നത് കുറയും.

LEAVE A REPLY

Please enter your comment!
Please enter your name here