Connect with us

Gulf

ആക്‌സിസ് ബേങ്ക് മേഖലയില്‍ സാന്നിധ്യം ശക്തമാക്കും

Published

|

Last Updated

ആക്‌സിസ് ബേങ്ക് ഗ്രൂപ്പ് എക്‌സിക്യൂട്ടീവും റീട്ടെയില്‍
ബേങ്കിംഗ് വിഭാഗം തലവനുമായ രാജീവ് ആനന്ദ്
വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ജി സി സി മേഖലയില്‍ സാന്നിധ്യം ശക്തമാക്കുമെന്ന് ആക്‌സിസ് ബേങ്ക് ഗ്രൂപ്പ് എക്‌സിക്യൂട്ടീവും റീട്ടെയില്‍ ബേങ്കിംഗ് വിഭാഗം തലവനുമായ രാജീവ് ആനന്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2016-17 സാമ്പത്തിക വര്‍ഷം യു എ ഇ ഉള്‍പെടെയുള്ള ജി സി സി മേഖലയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപംനല്‍കിയിരിക്കുന്നത്. നിലവില്‍ ദുബൈയിലും അബുദാബിയിലും ബേങ്കിന് പ്രാതിനിധ്യ ഓഫീസുണ്ട്. ജി സി സി മേഖലയിലെ ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
600 കോടി ഡോളറാണ് ബേങ്കിന്റെ ബാലന്‍സ് ഷീറ്റ്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബേങ്കിംഗ് സ്ഥാപനമാണ്. 300 കോടി ഡോളറാണ് ബേങ്കിന്റെ നിക്ഷേപം. 20 ലക്ഷത്തോളം ഉപഭോക്താക്കളാണ് ബേങ്കിന്റെ ഇന്റെര്‍നെറ്റ് സൗകര്യങ്ങള്‍വഴി ഇടപാട് നടത്തുന്നത്. ജി സി സിയില്‍ 41 എക്‌സ്‌ചേഞ്ചുകളും 15 ബേങ്കുകളുമായി ആക്‌സിസ് ബേങ്കിന് ഇടപാടുകളുണ്ട്. ഇന്ത്യയില്‍ 790 മേഖലകളില്‍ ആക്‌സിസ് ബേങ്കിന് സാന്നിധ്യമുണ്ടെന്നും രാജീവ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കൂടുതല്‍ ഡിജിറ്റല്‍ സൗകര്യങ്ങളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നതെന്ന് ജി സി സി മേഖലക്കായുള്ള തലവനും ദുബൈ ഡി ഐ എഫ് സിയിലെ ബേങ്ക് ശാഖയുടെ സി ഇ ഒയുമായ ജേക്കബ്ബ് നൈനാന്‍ വ്യക്തമാക്കി. കഴിഞ്ഞ എട്ടു വര്‍ഷമായി ബേങ്കിന്റെ സാന്നിധ്യം ജി സി സി മേഖലയിലുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ബേങ്കിന് 26 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

 

Latest