അത്‌ലറ്റിക് താരത്തിന്റെ പരിശീലനം ക്വാളിറ്റി ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്തു

Posted on: February 19, 2016 7:50 pm | Last updated: February 19, 2016 at 7:50 pm
SHARE
സ്‌പോണ്‍സര്‍ഷിപ്പ് തുകയുടെ ആദ്യ ഗഡു ക്വാളിറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര  പി ടി ഉഷക്ക് കൈമാറുന്നു
സ്‌പോണ്‍സര്‍ഷിപ്പ് തുകയുടെ ആദ്യ ഗഡു ക്വാളിറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര
പി ടി ഉഷക്ക് കൈമാറുന്നു

ദോഹ: ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവും ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ ജൂനിയര്‍ താരവുമായ ജിസ്‌ന മാത്യുവിനെ ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. ഒളിംപിക്‌സ് ലക്ഷ്യം വെച്ച് മികച്ച പരിശീലന സൗകര്യവും സാങ്കേതിക സഹായവും ഉറപ്പു വരുത്തുതിനുള്ളതാണ് സ്‌പോണ്‍സര്‍ഷിപ്പ് കരാറെന്ന് ഒളിംപ്യന്‍ പി ടി ഉഷയും ക്വാളിറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകരയും അറിയിച്ചു. നിലവാരമുള്ള പരിശീലന സൗകര്യങ്ങളും ഉപകരണങ്ങളും സാങ്കേതിക സഹായവും ജിസ്‌നക്ക് ഉറപ്പാക്കുമെന്ന് ഇരുവരും പറഞ്ഞു.
സാമ്പത്തിക പരാധീനതകള്‍ക്കിടയിലും മികച്ച രീതിയില്‍ പരിശീലനം നടത്തുന്ന പതിനേഴുകാരിയായ ജിസ്‌ന മാത്യു കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് യൂത്ത് ചാമ്പ്യന്‍ഷിപ്പിലും 400 മീറ്ററില്‍ രണ്ടാം സ്ഥാനത്തെത്തി. സ്‌കൂള്‍- യൂത്ത് മീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവതാരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് റിലെയില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ സീനിയര്‍ ടീമിലും അംഗമായിരുന്നു. കരാറനുസരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം നടത്താന്‍ ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ സൗകര്യമൊരുക്കും. കൂടുതല്‍ അന്താരാഷ്ട്ര മീറ്റുകളില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങളും കമ്പനി നല്‍കും.
സ്‌പോണ്‍സര്‍ഷിപ്പ് തുകയുടെ ആദ്യഗഡു കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫിസില്‍ വെച്ച് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകരയില്‍ നിന്നും പി ടി ഉഷ ഏറ്റുവാങ്ങി. റിയൊ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തില്‍ 17കാരിയായ ജിസ്‌നയും ഉണ്ടായിരിക്കുമെ്ന്ന് പി ടി ഉഷ പറഞ്ഞു. ജിസ്‌നയിലൂടെ ഇന്ത്യക്ക് ഒരു ഒളിംപിക് മെഡല്‍ എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ശംസുദ്ദീന്‍ ഒളകര പറഞ്ഞു. കോഴിക്കോട് ജില്ലയിലെ പൂവമ്പായി എ എം എച്ച് എസ് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ജിസ്‌ന കണ്ണൂര്‍ ആലക്കോട് സ്വദേശി മാത്യുവിന്റെയും ജെഷിയുടെയും മകളാണ്.