ഗള്‍ഫ് മേഖലയിലെ ആദ്യ സ്മാര്‍ട്ട് ലബോറട്ടറി ഖത്വറിലെ യൂനിവേഴ്‌സിറ്റിയില്‍

Posted on: February 19, 2016 7:43 pm | Last updated: February 19, 2016 at 7:43 pm

ദോഹ: ഗള്‍ഫ് മേഖലയിലെ സാമ്പത്തിക വിവര വിശകലനത്തിനുള്ള ആദ്യ സ്മാര്‍ട്ട് ലബോറട്ടറിയുമായി ഖത്വറിലെ കാര്‍ണീജി മെലന്‍ യൂനിവേഴ്‌സിറ്റി. ധനകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ഖത്വര്‍ സെക്യൂരിറ്റി മാര്‍ക്കറ്റ് അനലിറ്റിക്‌സ് റിസര്‍ച്ച് ആന്‍ഡ് ടീച്ചിംഗ് ലബോറട്ടറി (ക്യു സ്മാര്‍ട്ട് ലാബ്) പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ആഗോള വാണിജ്യ വിപണികളില്‍ നിന്ന് തത്സമയം വിവരങ്ങള്‍ സംഗ്രഹിക്കുന്ന വലിയ ഇന്ററാക്ടീവ് വിഷ്വല്‍ ഡാഷ്‌ബോര്‍ഡ് അടങ്ങിയതാണ് ക്യു സ്മാര്‍ട്ട് ലാബ്. വിവരങ്ങള്‍ തിരഞ്ഞെടുക്കാനും ചെറുതും വലുതുമായ വിണികളിലെ പ്രവണതകളെ വിശകലനം ചെയ്യാനും ലാബ് ഉപയോക്താക്കള്‍ക്ക് സാധിക്കും.
ദോഹയിലെയും ഗള്‍ഫ് മേഖലയിലെയും ധനകാര്യ സ്ഥാപനങ്ങളും ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങളും സംബന്ധിച്ച ഗവേഷണ പദ്ധതിയില്‍ നിന്നാണ് ക്യു സ്മാര്‍ട്ട് ലാബ് എന്ന ആശയം രൂപപ്പെട്ടത്. വിവരങ്ങളുടെ കൂമ്പാരമാണ് നമുക്ക് മുന്നില്‍ ഉള്ളത്. തരംതിരിച്ച് സംഗ്രഹ രൂപത്തില്‍ ലഭ്യമാകുന്നത് വിദ്യാര്‍ഥികള്‍ക്കും ഫാക്വല്‍റ്റികള്‍ക്കും ഏറെ ഉപകാരപ്പെടുമെന്ന് യൂനിവേഴ്‌സിറ്റി അസോ. ഡീന്‍ ജോണ്‍ ഒബ്രീന്‍ പറഞ്ഞു. അസി.പ്രൊഫസര്‍ ഫുആദ് ഫാറൂഖി, റിസര്‍ച്ച് അസി. സീഷന്‍ ഹനീഫ് എന്നിവര്‍ ചേര്‍ന്നാണ് ലാബ് വികസിപ്പിച്ചത്.
പാഠങ്ങള്‍ പ്രായോഗികതലത്തില്‍ അവതരിപ്പിക്കല്‍ ആയിരുന്നു പ്രാഥമിക ലക്ഷ്യം. ഖത്വര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളെ വിശകലനം ചെയ്ത് സ്മാര്‍ട്ട് ബീറ്റ തയ്യാറാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് ഒരു കോഴ്‌സ് ആയി വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. സ്മാര്‍ട്ട് ലാബ് വിശകലനത്തിന് വിദ്യാര്‍ഥികള്‍ക്ക് വലിയ സഹായമായി. അതേസമയം, കോഴ്‌സ് ആരംഭിക്കുന്നതിന് മുമ്പ് സ്മാര്‍ട്ട് ലാബ് വ്യവസായലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു.
കഴിഞ്ഞ വര്‍ഷം ഖത്വര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച വേള്‍ഡ് ഫെഡറേഷന്‍ ഓഫ് എക്‌സ്‌ചേഞ്ചസിന്റെ 55 ാമത് വാര്‍ഷിക സമ്മേളനത്തില്‍ സ്മാര്‍ട്ട് ലാബ് അവതരിപ്പിച്ചിരുന്നു. തത്‌സമയം സാമ്പത്തിക വിവരം സംഗ്രഹിക്കുന്ന രീതിയില്‍ ആറ് ആഴ്ചകള്‍ക്ക് ശേഷം യൂറോമണി ഖത്വര്‍ കോണ്‍ഫറന്‍സിലും ലാബ് അവതരിപ്പിച്ചു. മേഖലാതല പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് വിവിധ ആഗോള വിപണികളില്‍ പ്രതിഫലിക്കുന്നതെന്ന് നേരിട്ട് അറിയാന്‍ സാധിച്ചു.
സാമ്പത്തിക മേഖലയില്‍ മാത്രമല്ല സ്മാര്‍ട്ട് ലാബിന്റെ ഉപയോഗം. നവംബറില്‍ നടന്ന സിവില്‍ ഡിഫന്‍സ് എക്‌സിബിഷനിലും സമ്മേളനത്തിലും പങ്കെടുത്തിരുന്നു. അന്ന് ചുഴലിക്കൊടുങ്കാറ്റിന്റെ തത്‌സമയ സഞ്ചാരവും അത് പ്രതിരോധ മേഖലക്ക് നല്‍കുന്ന ജാഗ്രതാ സന്ദേശവുമെല്ലാം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിരുന്നു.