സഹിഷ്ണുതാപ്രചാരണത്തിന് ആഹ്വാനം ചെയ്ത് മത സംവാദ സമ്മേളനം

Posted on: February 19, 2016 7:36 pm | Last updated: February 20, 2016 at 3:25 pm
ദോഹ മത സംവാദ സമ്മേളനത്തില്‍ പങ്കെടുത്തവര്‍
ദോഹ മത സംവാദ സമ്മേളനത്തില്‍ പങ്കെടുത്തവര്‍

ദോഹ: മതങ്ങള്‍ക്കിടയിലെ സാഹോദര്യവും മതാനുയായികള്‍ക്കിടയില്‍ സമാധാനം, സ്‌നേഹം, സ്ഥിരത എന്നിവയില്‍ സഹകരണം ആഹ്വാനം ചെയ്യാനുമുള്ള പ്രതിജ്ഞാബദ്ധതയില്‍ ഊന്നി പന്ത്രണ്ടാമത് ദോഹ മത സംവാദ സമ്മേളനത്തിന് സമാപ്തി. ബൗദ്ധികമായും സാമൂഹികപരമായും ഉള്ള തീവ്രവാദ പിന്തിരിപ്പന്‍ ഭാഷണങ്ങളെ സമ്മേളനം താക്കീത് ചെയ്യുന്നതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ‘മത അനുശാസനങ്ങളുടെ വെളിച്ചത്തില്‍ ആത്മീയ ബൗദ്ധിക സുരക്ഷ’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത മതനേതാക്കള്‍ പങ്കെടുത്തു.
സഹിഷ്ണുതയും വിജ്ഞാനത്തിന്റെ മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിന് യോജിച്ച മാധ്യമ, അക്കാദമിക് സ്രോതസ്സുകള്‍ വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അങ്ങനെ സ്രോതസ്സുകള്‍ രൂപപ്പെടുമ്പോള്‍ മതങ്ങള്‍ക്കെതിരെയുള്ള അപമാനവും അക്രമവും ചെറുക്കാം. മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യവും മതത്തെ അപമാനിക്കലും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാനും സാധിക്കും. മതങ്ങള്‍ക്കിടയില്‍ സംവാദങ്ങളിലും കൂട്ടായ പ്രവര്‍ത്തനത്തിന്റെ മൂല്യം പ്രചരിപ്പിക്കാനും താത്പര്യമുള്ള അന്താരാഷ്ട്ര- പ്രാദേശിക സംഘടനകള്‍ക്കിടയില്‍ യഥാര്‍ഥ പങ്കാളിത്തവും അനിവാര്യമാണ്.
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പുനര്‍വിശകലനം നടത്തണം. വിധ്വംസനത്തിന് ആഹ്വാനം ചെയ്യുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കണം. സഹിഷ്ണുത, സമാധാനം, കാരുണ്യം, മാനവികത തുടങ്ങിയവയില്‍ ഊന്നുന്നതായിരിക്കണം പാഠപുസ്തകങ്ങള്‍. വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രഭാഷണങ്ങളും ജനങ്ങള്‍ പരിശുദ്ധമെന്ന് കരുതുന്ന വിവിധ രൂപത്തിലുള്ള വെറുപ്പ് പ്രചരിപ്പിക്കുന്ന സങ്കേതങ്ങളും ഉപേക്ഷിക്കാന്‍ എല്ലാ വിഭാഗങ്ങളിലുമുള്ള മത പ്രതിനിധികളോടും സമ്മേളനം ആവശ്യപ്പെട്ടു.
ഇറാഖ്, സിറിയ, യമന്‍, ലിബിയ തുടങ്ങിയ ആഭ്യന്തര പോരാട്ടം ശക്തമായ രാഷ്ട്രങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും പ്രശ്‌നപരിഹാരത്തിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കാനും സമ്മേളനം ആഹ്വാനം ചെയ്തു. അവിടങ്ങളില്‍ സ്ഥിരതയും സുരക്ഷയും പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ട്. ഫലസ്തീന്‍ ജനതയോട് ഐക്യപ്പെടാനും അധിനിവേശത്തിന് അറുതിവരുത്താനും രാഷ്ട്രം നിര്‍മിച്ചെടുക്കാനുമുള്ള അവരുടെ അവകാശത്തെ പിന്തുണക്കാനും സമ്മേളനം ആഹ്വാനം ചെയ്തു.
നീതിന്യായ മന്ത്രി ഡോ. ഹസ്സന്‍ ബിന്‍ ലഹ്ദാന്‍ അല്‍ ഹസ്സന്‍ അല്‍ മുഹന്നദി ആണ് സമ്മേളനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. ദോഹ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത് ഡയലോഗി (ഡി ഐ സി ഐ ഡി)ന്റെ മൂന്നാമത് ദോഹ അവാര്‍ഡ് മൂന്ന് അന്താരാഷ്ട്ര സംഘടനകള്‍ക്കും രണ്ട് പ്രമുഖ വ്യക്തികള്‍ക്കും നല്‍കി. അഞ്ച് ഓപണ്‍ സെഷനുകളും ഒമ്പത് ചെറിയ ഗ്രൂപ്പുകളും സെമിനാറുകളും 108 പ്രബന്ധാവതരണങ്ങളും നടന്നു.