‘ഫുട്‌ബോള്‍ ഞങ്ങളുടെ ജീവനാഡി’

Posted on: February 19, 2016 7:24 pm | Last updated: February 20, 2016 at 3:25 pm
SHARE
യു എന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഹസന്‍ അല്‍ തവാദി പ്രസംഗിക്കുന്നു
യു എന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഹസന്‍ അല്‍ തവാദി പ്രസംഗിക്കുന്നു

ദോഹ: മധ്യ പൗരസ്ത്യ ദേശത്തിന്റെ ജീവനാഡിയാണ് ഫുട്ബാള്‍ എന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയുടെ പ്രഖ്യാപനം. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ദേശത്ത് എവിടെപ്പോയാലും നിങ്ങള്‍ക്ക് ഫുട്ബാള്‍ കാണാം. സ്റ്റേഡിയത്തിലായാലും തെരുവിലായാലും ബീച്ചിലായാലും റൗണ്ട് എബൗട്ടുകളില്‍ പോലും കാല്‍പ്പന്തു കളിക്കാരെ കാണും. ഫുട്ബാള്‍ ഇന്നാട്ടുകാര്‍ ജീവ വായു പോലെ ഇഷ്ടപ്പെടുന്നു. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക സുസ്ഥിര വികസനത്തിനുള്ള ഉപകരണം എന്ന നിലയില്‍ കായിക മാമാങ്കം ആതിഥ്യം വഹിക്കുന്നതിന്റെ പ്രാധാന്യം എന്ന വിഷയത്തിലായിരുന്നു യു എന്‍ ആസ്ഥാനത്തെ പ്രസംഗം.
ഫുട്ബാള്‍ മിഡില്‍ ഈസ്റ്റിലെ ഒന്നാം നമ്പര്‍ വിനോദമാണ്. സമൂഹങ്ങള്‍ക്കിടയില്‍ ഈ കളി വലിയ പങ്കു വഹിക്കുന്നു. വിവിധ രാജ്യങ്ങളും സാമൂഹിക വിഭാഗങ്ങളും മതങ്ങളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ മേഖലയില്‍ ഫുട്ബാളിനോടുള്ള കമ്പം പോലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന വേറൊന്നുമില്ല. ഫിഫ ലോകകപ്പ് 2022 പ്രഖ്യാപിക്കപ്പെട്ട നിമിഷം മുതല്‍ ഇതു ഖത്വറിന്റെതു മാത്രമല്ല മിഡില്‍ ഈസ്റ്റിന്റേതാണെന്ന വികാരമാണ് പുലര്‍ത്തി വരുന്നത്. ഈ മേഖലയില്‍ ഇത്തരമൊരു സംരംഭത്തിനു പറ്റിയ സമയവും ഇതാണെന്നു കരുതുന്നു.
സംഹാരത്തിന്റെയും തീവ്രവാദത്തിന്റെയും വിഭജനത്തിന്റെയും വാര്‍ത്തകള്‍ ആഘോഷിക്കപ്പെടുന്ന കാലമാണ്. വിവിധ വിശ്വാസക്കാര്‍ പരസ്പരം ഭയപ്പെടുന്നത് എങ്ങനെയെന്ന് മണിക്കൂറുകളെടുത്ത് നാം വിശദീകരിച്ചുകൊണ്ടിരിക്കുന്നു. ഇക്കാലത്ത് ഇതിനെതിരെയുള്ള ഒരു ആഖ്യാനത്തിന്റെ സാധ്യതയെയാണ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. അതിനു പ്രാധാന്യമുണ്ടെന്നു വിശ്വസിക്കുന്നു. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും പാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചു. വലിയ കായിക മാമാങ്കങ്ങള്‍ സുസ്ഥിരമായ മാറ്റത്തിനു വലിയ സഹായം നല്‍കുമെന്ന് മൂണ്‍ അഭിപ്രായപ്പെട്ടു. ലോക കപ്പുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികളും അവസരങ്ങളും എന്ന വിഷത്തില്‍ നടന്ന ചര്‍ച്ചയില്‍ എസ് സി ടൂര്‍ണമെന്റ് വിഭാഗം അസി. സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ഖാദര്‍ പങ്കെടുത്തു. ലോക കപ്പ് ടൂര്‍ണമെന്റുകള്‍ സംസ്‌കാരങ്ങളുടെ ആഘോഷമാക്കപ്പെടുന്നതില്‍ നിന്ന് 2022 ലോകകപ്പും വ്യത്യസ്തമാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം കഫു, യു എന്‍ അസി. സെക്രട്ടറി ജനറല്‍ ലക്ഷ്മി പുരി, യു എന്‍ വിമന്‍ ആക്ടിംഗ് മേധാവി വില്‍ഫ്രീഡ് ലെംകെ, ജര്‍മന്‍ പാരാലിംപ്യന്‍ വെറേന ബെന്റെലി തുടങ്ങി പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here