പ്രിസം പദ്ധതിയിലൂടെ കോഴിക്കോട്ടെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് മികവിലേക്ക്

Posted on: February 19, 2016 1:46 pm | Last updated: February 19, 2016 at 1:46 pm
SHARE

NADAKAKVUകോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ അതിജീവന ഭീഷണി നേരിടുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വലിയ മാതൃകയായ പ്രിസം പദ്ധതി നഗരത്തിലെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് വെളിച്ചമാകുന്നു. നടക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് പിന്നാലെ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാരപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂള്‍, പുതിയങ്ങാടി ഗവ. എല്‍പി സ്‌കൂള്‍ എന്നിവയാണ് എ പ്രദീപ്കുമാര്‍ എം എല്‍ എയുടെ നേതൃത്വത്തിലുള്ള പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി ആധുനിക വത്ക്കരിക്കുന്നത്. ഇതില്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒഴികെയുള്ള മറ്റ് സ്‌കൂളുകളുടെ പ്രവൃത്തി ഇതിനകം തുടങ്ങിക്കഴിഞ്ഞു. എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നവീകരണം നടത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്.

എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.5 കോടി രൂപ ചെലവില്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കും. ഇതിന്റെ രൂപ രേഖ തയ്യാറായി. നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 23ന് പകല്‍ മൂന്നിന് നടക്കും. ഹൈസ്‌കൂള്‍ വിഭാഗം നിലവിലുള്ള ക്യാമ്പസില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന ക്യാമ്പസിലേക്ക് മാറ്റും. ഇതിനായി 50 ലക്ഷം രൂപ കോര്‍പറേഷനും നീക്കിവെച്ചിട്ടുണ്ട്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ഗ്യാലറി, മള്‍ട്ടിമീഡിയ തിയ്യേറ്റര്‍ എന്നിവ നേരത്തെ നിര്‍മിച്ചിരുന്നു. .മുമ്പ് 2000ത്തോളം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലായി 148 കുട്ടികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. എരഞ്ഞിപ്പാലം മുതല്‍ ചെലവൂര്‍ വരെ നീണ്ടുകിടക്കുന്ന പ്രദേശത്തുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഏക സര്‍ക്കാര്‍ ഹൈസ്‌കൂളാണിത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും, വിദ്യഭ്യാസവകുപ്പ് അധികൃതരുടെ അലംഭാവവുമാണ് സ്‌കൂളിന്റെ പിന്നാക്കാവസ്ഥക്ക് കാരണം. പ്രിസം പദ്ധതിയിലൂടെ ഉന്നത നിലവാരമുള്ള സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന തരത്തില്‍ സ്‌കൂളിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പി ടി എ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here