അധോലോക നേതാവ് കുമാര്‍ പിള്ള പിടിയില്‍

Posted on: February 19, 2016 1:22 pm | Last updated: February 19, 2016 at 1:22 pm
SHARE

KUMAR PILLAIസിംഗപ്പൂര്‍ സിറ്റി: അധോലോക നേതാവും ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയുമായ കുമാര്‍പിള്ള സിംഗപ്പൂരില്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കുമാര്‍പിള്ളയെ കസ്റ്റഡിയിലെടുത്തതെന്ന് സിംഗപ്പൂര്‍ പൊലീസ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കസ്റ്റഡിയിലുള്ളയാള്‍ കുമാര്‍ പിള്ള തന്നെയാണോ എന്ന് സി.ബി.ഐയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തിയശേഷം പ്രതിയെ ഇന്ത്യയിലെത്തിക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. മുംബൈയില്‍ നിരവധി കൊലപാതക, മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ വ്യാജ മേല്‍വിലാസത്തിലാണ് സിംഗപ്പൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. മുംബൈ പൊലീസ് കുമാര്‍പിള്ളയെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ സിംഗപ്പൂര്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു.

ഒളിവിലായിരുന്ന കുമാര്‍പിള്ളക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിലെ എല്‍.ടി.ടി.ഇയുമായി അടുപ്പം പുലര്‍ത്തിയിരുന്ന കുമാര്‍പിള്ളക്ക് യു.കെ, ശ്രീലങ്ക, സിംഗപ്പൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളിലെ തമിഴ് വംശജരുമായി ബന്ധമുണ്ടെന്നാണ് വിവരം.