Connect with us

International

ട്രംപിനെതിരെ മാര്‍പാപ്പ: മതില്‍ കെട്ടുന്നവര്‍ ക്രിസ്ത്യാനികളല്ല

Published

|

Last Updated

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ. മെക്‌സിക്കയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നവര്‍ക്ക് എതിരെ നടത്തിയ ട്രംപിന്റെ പരാമര്‍ശങ്ങളാണ് മാര്‍പാപ്പയുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുന്നവര്‍ ക്രിസ്ത്യാനികളല്ലെന്ന് മാര്‍പ്പാപ്പ പറഞ്ഞു. മെക്‌സിക്കയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാന്‍ മതില്‍കെട്ടണമെന്നും ആത്മാഭിമാനമുള്ള ക്രിസ്ത്യാനിയാണ് താനെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, മനുഷ്യര്‍ക്കിടയില്‍ പാലം പണിയാതെ മതിലുകെട്ടാനാണ് ലരും ശ്രമിക്കുന്നതെന്നും ഇവര്‍ ക്രിസ്ത്യാനികളല്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു. അഭയാര്‍ഥികളോട് മനുഷ്യത്വ പരമായ സമീപനം അമേരിക്ക സ്വീകരിക്കണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

മെക്‌സിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനുശേഷം വത്തിക്കാന്‍ സിറ്റിയിലേക്ക് മടങ്ങവെയാണ് മാര്‍പാപ്പ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ എത്തിയത്. താന്‍ മെക്‌സിക്കന്‍ ഗവണ്‍മെന്റിന്റെ ഉപകരണമല്ലെന്നും, അത്തരത്തിലുളള നിങ്ങളുടെ മുന്‍വിധികളെ ഉപേക്ഷിക്കണമെന്നും, ജനങ്ങള്‍ തീരുമാനിക്കട്ടെ ഞാന്‍ ആര്‍ക്കൊപ്പമാണെന്നും മാര്‍പാപ്പ പറഞ്ഞു.അതേസമയം ട്രംപിനു വോട്ട് ചെയ്യണമോ എന്ന ചോദ്യത്തിന് മാര്‍പാപ്പയാകട്ടെ മറുപടി നല്‍കിയതുമില്ല.

എന്നാല്‍ ഒരു മതനേതാവിനും തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നും, ക്രിസ്ത്യാനി ആണെന്നതില്‍ താന്‍ അഭിമാനിക്കുന്നുമെന്നുമാണ് ട്രംപ് മാര്‍പാപ്പയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തീവ്രവാദികള്‍ വത്തിക്കാന്‍ സിറ്റി ആക്രമിച്ചാല്‍ ഒരുപക്ഷേ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നെങ്കില്‍ എന്ന് മാര്‍പാപ്പ പറഞ്ഞേനെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പരസ്യങ്ങളിലും, ചടങ്ങുകളിലും നേരത്തെ ട്രംപ് അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്ക് എതിരെ രംഗത്തുവന്നിരുന്നു. ക്രിമിനലുകളെയും, ബലാത്സംഗികളെയുമാണ് മെക്‌സിക്കോ അമേരിക്കയിലേക്ക് കയറ്റിവിടുന്നത്. അവര്‍ നല്ല മനുഷ്യരെയൊന്നും അമേരിക്കയിലേക്ക് കയറ്റിവിടുന്നില്ലെന്നും വ്യക്തമാക്കിയ ട്രംപ് താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ മെക്‌സിക്കോയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ വലിയ മതില്‍ പണിയുമെന്നും നേരത്തെ പറഞ്ഞിരുന്നു.