ഉത്തര കൊറിയ യുദ്ധത്തിന് ഉത്തരവിട്ടെന്ന് ദക്ഷിണ കൊറിയ

Posted on: February 19, 2016 8:30 am | Last updated: February 19, 2016 at 1:13 pm

north koreaസിയൂള്‍: ദക്ഷിണ കൊറിയക്ക് നേരെ ആക്രമണം നടത്താന്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. അടുത്തിടെ ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണാനന്തരം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വസ്ഥത വര്‍ധിച്ചിരുന്നു. ഇതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കിം ജോംഗ് ഉന്നിന്റെ ചാര സംഘടനകള്‍ ദക്ഷിണ കൊറിയക്കെതിരെ സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിവിധ ആക്രമണങ്ങള്‍ നടപ്പാക്കാന്‍ പ്രവര്‍ത്തി ആരംഭിച്ചതായി ദക്ഷിണ കൊറിയയുടെ നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസ് അധികൃതരോട് വിശദീകരിച്ചു. ദക്ഷിണ കൊറിയക്ക് നേരെ നേരത്തെയും ഉത്തര കൊറിയ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍ വടക്കന്‍ കൊറിയയില്‍ വളരെ രഹസ്യമായി നടക്കുന്നതെന്താണെന്ന് ഇപ്പോഴും സ്ഥിരീകരിക്കാനായിട്ടില്ല. എന്നാല്‍ ആക്രമണത്തിനൊരുങ്ങിയെന്ന വാര്‍ത്ത എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തോട് അധികൃതര്‍ പ്രതികരിച്ചില്ല. മാധ്യമങ്ങളോട് ഇത് സംബന്ധിച്ച് സംസാരിക്കാന്‍ അനുമതിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഉത്തര കൊറിയക്കെതിരെ രംഗത്തുള്ള സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെയായിരിക്കും ഉത്തര കൊറിയ ലക്ഷ്യമിടുകയെന്നും പറയപ്പെടുന്നു.
ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളെ തുടര്‍ന്ന് അമേരിക്കയും അതൃപ്തി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം യു എസ് ജറ്റ് വിമാനങ്ങള്‍ ദക്ഷിണ കൊറിയയുടെ ആകാശത്ത് പറക്കുകയും ചെയ്തു. ഉത്തര കൊറിയക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ നീക്കമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തി. ഉത്തര കൊറിയയുടെ ഏത് നീക്കത്തെയും തടയാനും പ്രതിരോധിക്കാനും സജ്ജമാണെന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.
നിലവില്‍ എഫ് 22 യു എസ് യുദ്ധവിമാനങ്ങള്‍ ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിട്ടുണ്ട്. ഇതെത്ര കാലമെന്നൊന്നും അമേരിക്ക വിശദീകരിച്ചിട്ടില്ല. ദക്ഷിണ കൊറിയയുമായി ഉത്തര കൊറിയ കൊമ്പുകോര്‍ക്കുന്ന സമയങ്ങളിലെല്ലാം അമേരിക്ക അവരുടെ യുദ്ധവിമാനങ്ങള്‍ ഈ ഭാഗത്ത് വിന്യസിക്കാറുണ്ട്.
ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണത്തിന്റെ പേരില്‍ ആ രാജ്യത്തിനെതിരെ ശക്തവും ഫലപ്രദവുമായ ഉപരോധം ഏര്‍പ്പെടുത്താന്‍ യു എന്‍ രക്ഷാസമിതി മുന്നോട്ടുവരണമെന്ന് അടുത്തിടെ ദക്ഷിണ കൊറിയ ആവശ്യപ്പെട്ടിരുന്നു.