Connect with us

International

ഇറാഖിലെ യുദ്ധം സുന്നികളും ശിയാക്കളും തമ്മിലല്ല: ഉന്നത ശിയാ പണ്ഡിതന്‍

Published

|

Last Updated

ആയത്തുല്ല ബശീര്‍ ഹുസൈന്‍ അല്‍നജാഫി

ബഗ്ദാദ്: ഇറാഖിലെ രക്തരൂക്ഷിതമായ സംഘര്‍ഷം സുന്നികളും ശിയാക്കളും തമ്മിലല്ലെന്നും മറിച്ച് ശിയാ, സുന്നി എന്നീ വിഭാഗങ്ങളിലെ ആളുകളെ ക്രൂരമായി കൊലചെയ്യുന്ന ഇസില്‍ ഭീകരവാദികള്‍ക്കെതിരാണെന്നും മുതിര്‍ന്ന ശിയാ പണ്ഡിതന്‍ ആയത്തുല്ല ബശീര്‍ ഹുസൈന്‍ അല്‍നജാഫി. ഇസില്‍ സംഘം ക്രൂരമായ ഭീകരവാദികളാണ്. എല്ലാവരെയും അവര്‍ കൊന്നുകൊണ്ടിരിക്കുന്നു. ഇറാഖിലെ സംഘര്‍ഷം ശിയാക്കളും സുന്നികളും തമ്മിലല്ല, മറിച്ച് ഇവര്‍ക്കെതിരെയാണ്. പാശ്ചാത്യന്‍ മാധ്യമങ്ങള്‍ ഇറാഖിലെ യുദ്ധത്തെ വംശീയ യുദ്ധമായി വികലമായി ചിത്രീകരിക്കുകയാണ്. യഥാര്‍ഥത്തില്‍ ശിയാക്കളും സുന്നികളും ഇവിടെ സഹോദരങ്ങളെ പോലെയാണ് കഴിയുന്നത്. ഈ രണ്ട് വിഭാഗവും യോജിച്ചാണ് ഇപ്പോള്‍ ഇസില്‍ ഭീകരവാദികള്‍ക്കെതിരെ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരുവിഭാഗവും യോജിച്ച് നടത്തിയ മുന്നേറ്റത്തിനിടെ ഇറാഖിലെ പല പ്രധാനപ്രദേശങ്ങളും മോചിപ്പിച്ചു. യുദ്ധ വേളയില്‍ രണ്ട് പ്രധാന ചുമതലകള്‍ പ്രതിരോധവും രാഷ്ട്ര മേധാവിത്വവുമാണ്. ഇതു രണ്ടും നിലവില്‍ സുന്നികളാണ് കൈവശം വെച്ചിരിക്കുന്നത്. ഭീകരവാദികള്‍ ഇറാഖിന്റെ ശത്രുക്കളാണ്. ഇതിനെ വംശീയ യുദ്ധമായി ചിതീകരിക്കുന്നവരുടെ താത്പര്യം രാജ്യത്തെ അസ്ഥിരപ്പെടുത്തലാണ്. ഈ യുദ്ധത്തില്‍ രണ്ട് ചേരികളാണ് ഉള്ളത്. ഒന്ന് ഇറാഖ് ജനതയും മറ്റൊന്ന് ഭീകരരും. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതില്‍ ചില വിദേശ ശക്തികളും കാര്യമായി പങ്കുവഹിക്കുന്നു. രാജ്യത്ത് നിലവിലുള്ള ജനാധിപത്യ സംവിധാനം തകര്‍ത്ത് പഴയ രാജഭരണം കൊണ്ടുവരികയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുന്നികളെ സംരക്ഷിക്കാനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇസില്‍ ഇറാഖിലെ നഗരങ്ങളില്‍ പ്രവേശിച്ചതെന്ന് സുന്നി സൈനിക കമാന്‍ഡര്‍ ശൈഖ് മുഹമ്മദ് മിഖ്‌ലിഫ് പറഞ്ഞു. പക്ഷേ ഇസില്‍ സുന്നികളുടെ ഭൂമി കൈവശപ്പെടുത്തി പതിനായിരക്കണക്കിന് പേരെ കൊന്നൊടുക്കി. ഇവരില്‍ സുന്നികളും ശിയാക്കളും ഉള്‍പ്പെടുന്നതായും അദ്ദേഹം പറഞ്ഞു.