ജീവനെടുക്കുന്ന സെല്‍ഫി ഭ്രമം

Posted on: February 19, 2016 6:00 am | Last updated: February 18, 2016 at 11:25 pm
SHARE

ഗുരുതര വിപത്തായി മാറിയിരിക്കയാണ് സെല്‍ഫി ഭ്രമം. സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കര്‍ണാടക ഹുളിവാന ജില്ലയിലെ ഇറിഗേഷന്‍ കനാലില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ 20 അടി താഴ്ചയിലേക്ക് കാല്‍തെറ്റി വീണു മുങ്ങി മരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. റെയില്‍വേ ട്രാക്കില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ ചെന്നൈ പൂനമല്ലി അരിഗ് നഗര്‍ അണ്ണ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയില്‍ തട്ടി മരിച്ചത് രണ്ടാഴ്ച മുമ്പായിരുന്നു. നമ്മുടെ നാട്ടില്‍ തന്നെ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്കുമുകളില്‍ കയറി സെല്‍ഫിയെടുക്കാനുള്ള സാഹസിക ശ്രമത്തിനിടെ മൂന്ന് സ്‌കൂള്‍കുട്ടികളാണ് താഴെ വീണു ചിതറിെത്തറിച്ചത്. പാറക്കൂട്ടത്തിന് മുകളില്‍ നിന്നും സെല്‍ഫി പകര്‍ത്തുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീണ് ജീവന്‍ നഷ്ടമായത്, പാമ്പിനെ പിടിച്ചു സെല്‍ഫിയെടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റത് തുടങ്ങി എത്രയെത്ര ദുരന്തങ്ങളാണ് അടുത്തായി കേള്‍ക്കേണ്ടി വന്നത്.
ഇന്നെല്ലാവരും സെല്‍ഫിയുടെ പിന്നാലെയാണ്. സെല്‍ഫി ഭ്രമം ഉടലെടുത്തിട്ട് കാലമേറെയായിട്ടില്ലെങ്കിലും പെട്ടെന്ന് തന്നെ അത് ജനപ്രിയമായി മാറിയിട്ടുണ്ട്. നാട്ടിന്‍പുറത്തുകാര്‍ മുതല്‍ അന്താരാഷ്ട്ര നായകര്‍ വരെയുണ്ട് സെല്‍ഫി ഭ്രമക്കാരില്‍. സ്മാര്‍ട് ഫോണുകളുകളുടെ കുത്തൊഴുക്കും എടുത്ത ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം ലോകമെങ്ങുമെത്തിക്കാന്‍ കഴിയുന്ന സാധ്യതയുമാണ് സെല്‍ഫിക്ക് ഇത്രയധികം ജനപ്രീതി നേടിക്കൊടുത്തത്. യുവത്വത്തിന്റെ ഒരു ചാപല്യമല്ല ഇത്. മുതിര്‍ന്ന പ്രായക്കാരിലുമുണ്ട് സെല്‍ഫിയുടെ അടിമകള്‍. ബറാക് ഒബാമ, ബാന്‍ കി മൂണ്‍, എലിസബത്ത് രാജ്ഞി മുതല്‍ നരേന്ദ്ര മോദി വരെ സെല്‍ഫി ഭ്രമക്കാരാണല്ലോ. ഇന്ത്യക്കാരാണത്രെ സെല്‍ഫി ഭ്രമത്തില്‍ മുന്‍പന്തിയില്‍. വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടനുസരിച്ചു പോയ വര്‍ഷം ആഗോള തലത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അപകട മരണത്തിനിരയായവരില്‍ പകുതിയോളം ഇന്ത്യക്കാരാണ്.
നാര്‍സിസമെന്ന മാനസിക രോഗമാണ് സെല്‍ഫി ഭ്രമമെന്നാണ് മാനസിക വിദഗ്ധര്‍ പറയുന്നത്. തീവ്രമായി സ്വന്തത്തെ മാത്രം പ്രേമിക്കുന്ന പ്രവണത. ചില മന്ത്രിമാരും നേതാക്കളും എന്തു വന്നാലും അധികാരപദവി ഓഴിഞ്ഞുകൊടുക്കാതെ കടിച്ച് തൂങ്ങി നില്‍ക്കാറുണ്ട്. കേവല സാമ്പത്തിക താത്പര്യമല്ല ഇതിന് പിന്നില്‍. ഒരു തരം ഈഗോയുടെ പ്രേരണയാണിത്. ഇതേ നാര്‍സിസ്റ്റ് ഈഗോയാണത്രെ അനിയന്ത്രിത സെല്‍ഫി ഭ്രമം. നാര്‍സിസ്റ്റ് ഈഗോയുടെ ഉയര്‍ന്ന രൂപമാണിതെന്നാണ് ഓഹിയോ യൂനിവേഴ്‌സിറ്റിയില്‍ പഠനത്തിന്റെ കണ്ടെത്തല്‍. സെല്‍ഫി ഭ്രമം മനുഷ്യരുടെ സ്വഭാവത്തില്‍ വരെ മാറ്റം വരുത്തുന്നതായും പഠനത്തിന് നേതൃത്വം നല്‍കിയ ജെസി ഫോക്‌സ് പറയുന്നു.
സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതല്ല പ്രശ്‌നം, ആ തത്രപ്പാടിനിടയില്‍ സ്വന്തം സുരക്ഷയെക്കുറിച്ചു വിസ്മരിക്കുന്നതാണ്. പുതിയൊരു ട്രന്‍ഡ് എന്നതിലുപരി സെല്‍ഫി ഒരു തരം മാനസിക ഭ്രാന്തായി മാറിയപ്പോഴാണ് അപകടങ്ങളും മരണങ്ങളും വര്‍ധിച്ചത്. പല രാജ്യങ്ങളും ഇതിനെതിരെ ബോധവത്കരണം നടത്തി വരികയാണിപ്പോള്‍. റഷ്യയില്‍ അപകടകരമയ രീതിയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം പത്ത് പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ ബോധവത്കരണ ക്യാമ്പയില്‍ സംഘടിപ്പിക്കുകയുണ്ടായി. ‘സെല്‍ഫിയെടുക്കല്‍ നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയേക്കാം’ എന്ന ബാനറിലായിരുന്നു ക്യാമ്പയിന്‍, ഇതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത സെല്‍ഫികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ പ്രചരിപ്പിച്ചു. റെയില്‍വേ ട്രാക്കിലും ബില്‍ഡിംഗുകളുടെ മേല്‍ക്കൂരയില്‍ കയറിയും സെല്‍ഫിയെടുക്കുക, തോക്ക് കൈവശം വെച്ചും വന്യമൃഗങ്ങളോടൊപ്പവും ഇലക്ട്രിസിറ്റി ടവറിന് മുകളില്‍ കയറിയും സെല്‍ഫി എടുക്കുക തുടങ്ങിയവയാണ് അപടകരമായ സെല്‍ഫിക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. സെല്‍ഫി സേഫ്റ്റി ഗൈഡ് (സുരക്ഷിമായ സെല്‍ഫിക്ക് വഴികാട്ടി) എന്ന പേരില്‍ ഒരു പുസ്തകവും റഷ്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
പാരീസിലെ ഈഫല്‍ ടവര്‍, റോമിലെ ട്രേവി ഫൗണ്ടയിന്‍ തുടങ്ങിയവ പശ്ചാത്തലമായി വരുന്ന സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നത് യൂറോപ്യന്‍ യൂനിയന്‍ നിരോധിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ളതിനാല്‍ കുംഭമേളക്കിടെ സെല്‍ഫിയെടുക്കുന്നത് ഇന്ത്യയും നിരോധിക്കുകയുണ്ടായി. മുംബൈയിലെ ബാന്ദ്രയില്‍ കഴിഞ്ഞ മാസം സെല്‍ഫിയെടുക്കുന്നതിനിടെ കടലില്‍ വീണ് യുവതിയും രക്ഷിക്കാനിറങ്ങിയ യുവാവും മരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ 16 കേന്ദ്രങ്ങളില്‍ സെല്‍ഫിക്ക് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ഇതുവരെ ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടില്ല. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരോധമേര്‍പ്പെടുത്തുന്നതോടൊപ്പം സെല്‍ഫിയുടെ ഭവിഷ്യത്തിനെക്കുറിച്ചു ബോധവത്കരണവും സംഘടിപ്പിക്കേണ്ടതുണ്ട്. അപകടകാരികളായ പാമ്പിന്റെയും വന്യമൃഗങ്ങളുടെയും മറ്റും കൂടെ നിന്ന് സെല്‍ഫിയെടുക്കുന്ന സാഹസക്കാര്‍ എമ്പാടുമുള്ള സാഹചര്യത്തില്‍ ബോധവത്കരണം അനിവാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here