സിക വൈറസ്: വേലിയും വിള തിന്നുകയാണോ?

സിക വൈറസ് മൂലം മൈക്രോസെഫാലി എന്ന തല ചെറുതാകുന്നതും ജനിതക വൈകല്യങ്ങള്‍ ഉണ്ടാകുന്നതുമായ രോഗത്തിന് മാരക രാസപഥാര്‍ഥങ്ങളും ഉത്തരവാദിയാണെന്ന് പുതിയ കണ്ടുപിടിത്തം. കൊതുകിന്റെ കൂത്താടികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പൈറിപ്രോക്‌സിഫെന്‍ എന്ന രാസപദാര്‍ഥം മൈക്രോസെഫാലിക്ക് കാരണമാകുന്നുവെന്നാണ് അര്‍ജന്റീനയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. 2014 മുതല്‍ ബ്രസീലില്‍ വിതരണത്തിനായുള്ള ശുദ്ധജലത്തില്‍ ഈ മാരക രാസവസ്തു ഉപയോഗിക്കുന്നുണ്ട്. മൊണ്‍സാന്റോയുടെ ജപ്പാന്‍ പങ്കാളിയായ സുമിറ്റോമോ കമ്പനിയാണ് പൈറിപ്രോക്‌സിഫെന്‍ എന്ന ലാര്‍വിസൈഡ് നിര്‍മാതാക്കള്‍.
ഡോ. സി എം ജോയി
Posted on: February 19, 2016 6:00 am | Last updated: February 18, 2016 at 11:21 pm
SHARE

zikaപിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ തലക്ക് സാധാരണയില്‍ കുറഞ്ഞ വലുപ്പവും അസാധാരണ ആകൃതിയും; കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യവും വരുന്നത് സിക വൈറസ് പനിയുടെ തുടര്‍ച്ചയാണെന്ന തിരിച്ചറിവ് ബ്രസീലിനെ ആശങ്കയിലാക്കി. 4000ത്തിലധികം ഇത്തരം കുഞ്ഞുങ്ങളുടെ ജനനം ആ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. രോഗം ബാധിച്ച പ്രസവിക്കാനിരിക്കുന്ന ആയിരക്കണക്കിന് യുവതികള്‍ വിവിധ രാജ്യങ്ങളിലുണ്ട്.
1940ല്‍ ബ്രസീല്‍ സര്‍ക്കാര്‍ പാസാക്കിയ നിയമമനുസരിച്ച് ഗര്‍ഭം അലസിപ്പിക്കുന്നത് കുറ്റമാണ്. എന്നാല്‍, നിയമപരമായ ഗര്‍ഭം അലസിപ്പിക്കലാണ് രോഗാതുരമായ കുഞ്ഞുങ്ങളുടെ ജനനത്തെക്കാള്‍ നല്ലതെന്ന് വിദഗ്ധര്‍ വിലയിരുത്തിയിരിക്കുന്നു. ഇതിനായി നിയമം പൊളിച്ചെഴുതണം. അതല്ലെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന് ജനിതക വൈകല്യമുണ്ടെങ്കില്‍ അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് നിയമപരിരക്ഷയുണ്ട്. ഈ നിയമമോ, 2012ല്‍ പാസാക്കിയ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറ് ഇല്ലാത്ത അവസ്ഥയില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ വ്യവസ്ഥയുള്ള നിയമമോ കണക്കിലെടുത്ത് സിക രോഗം ബാധിച്ച ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കേണ്ടിവരും. ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കുന്ന പുതിയ നിയമം പാര്‍ലിമെന്റില്‍ കൊണ്ടുവന്നാല്‍ പാസാകാന്‍ ഇന്നത്തെ അവസ്ഥയില്‍ വലിയ ബുദ്ധിമുട്ടാണ്. കാരണം, ഗര്‍ഭം അലസിപ്പിക്കുന്നതില്‍ എതിര്‍പ്പുള്ള പാര്‍ട്ടികള്‍ നിയമനിര്‍മാണ സഭയിലുണ്ട്. അതുകൊണ്ട് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം പരിഗണിച്ചുള്ള ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിക്കാനിടയില്ല. ഈ സാഹചര്യത്തില്‍ സിക വൈറസ് രോഗം ബാധിക്കുമെന്നതിനാല്‍, രോഗം വന്ന സ്ഥലങ്ങളിലെ സ്ത്രീകള്‍ ഗര്‍ഭിണികളാകാതെ നോക്കുക മാത്രമാണ് ചെയ്യാന്‍ കഴിയുക. സിക വൈറസ് പരത്തുന്ന ഈഡിസ് ഈജിപ്തി എന്ന കൊതുക് മുട്ടയിട്ട് പെരുകുന്നത് തടയുകയും കൊതുകു കടി കൊള്ളുന്നത് കുറക്കുകയുമാണ് സിക വൈറസ് രോഗം വരാതിരിക്കാനുള്ള ഏക പോംവഴി. രോഗപ്രതിരോധത്തിനുള്ള വാക്‌സിന്റെ അഭാവവും ഇനിയും വാക്‌സിന്‍ കണ്ടുപടിച്ച് പരീക്ഷിച്ചുനോക്കി വിജയം കണ്ടെത്തുന്നതുവരെ കാത്തിരിക്കാനും കഴിയാത്തതിനാല്‍ രോഗം വരാനുള്ള സാധ്യത ഒഴിവാക്കുകയാണ് ഉത്തമം.
സിക വൈറസ് മൂലം മൈക്രോസെഫാലി (നവജാത ശിശുക്കളുടെ തല 32 സെ. മീ ചുറ്റളവില്‍ താഴെ) എന്ന തല ചെറുതാകുന്നതും ജനിതക വൈകല്യങ്ങള്‍ ഉണ്ടാകുന്നതുമായ രോഗത്തിന് മാരക രാസപഥാര്‍ഥങ്ങളും ഉത്തരവാദിയാണെന്ന് പുതിയ കണ്ടുപിടിത്തം. കൊതുകിന്റെ കൂത്താടികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പൈറിപ്രോക്‌സിഫെന്‍ എന്ന രാസപദാര്‍ഥം മൈക്രോസെഫാലിക്ക് കാരണമാകുന്നുവെന്നാണ് അര്‍ജന്റീനയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. 2014 മുതല്‍ ബ്രസീലില്‍ വിതരണത്തിനായുള്ള ശുദ്ധജലത്തില്‍ ലാര്‍വിസൈഡ് ആയി ഈ മാരക രാസവസ്തു ഉപയോഗിക്കുന്നുണ്ട്. ലോകവിത്തു ഉത്പാദകരായ മൊണ്‍സാന്റോയുടെ ജപ്പാന്‍ പങ്കാളിയായ സുമിറ്റോമോ രാസപദാര്‍ഥനിര്‍മാണ കമ്പനിയാണ് പൈറിപ്രോക്‌സിഫെന്‍ എന്ന ലാര്‍വിസൈഡ് നിര്‍മാതാക്കളെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കുടിവെള്ളത്തിലൂടെ എത്തുന്ന ഈ ലാര്‍വിസൈഡാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡിങ്കിപ്പനിയും മഞ്ഞപ്പനിയും ജപ്പാന്‍ ജ്വരവും ചിക്കുന്‍ ഗുനിയയും പരത്തിയ ഈഡിസ് ഈജിപ്തി തന്നെയാണ് സിക വൈറസ് പനിയും പരത്തുന്നത് എന്നതിനാല്‍ ലോക രാജ്യങ്ങള്‍ അതീവ ആശങ്കയിലാണ്. 2015ല്‍ മാത്രം ബ്രസീലില്‍ 16,49, 008 ഡിങ്കി പനി ബാധിതരെ ചികിത്സിച്ചു. അതുകൊണ്ട് തന്നെ പനിയും വ്യാപകമാകുമെന്നതില്‍ തര്‍ക്കമില്ല. കടുത്ത പനിയും സന്ധിവേദനയും തലച്ചോര്‍ വേദനയും തൊലി ചൊറിഞ്ഞ് തടിക്കുകയും ചെങ്കണ്ണുമാണ് സിക വൈറസ് പനിയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍. ആറേഴ് ദിവസം രോഗലക്ഷണങ്ങള്‍ കാണിച്ചതിന് ശേഷം, രോഗത്തിന് ശമനമുണ്ടാകുന്നു. അതുകൊണ്ട് തന്നെ സിക രോഗം വന്നതായി പോലും പലരും അറിയില്ല. 2016 ഫെബ്രുവരി മാസത്തിലാണ് സിക രോഗം ലൈംഗിക ബന്ധത്തിലൂടെയും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാവുന്നതാണെന്ന് മനസിലാകുന്നത്. പുരുഷന്റെ ശുക്ലത്തിലൂടെ സിക വൈറസ് പകരുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സിക വൈറസ് കണ്ടെത്തിയ രാജ്യങ്ങളില്‍ താമസിച്ച പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസുകളിലും രോഗം സ്ഥിരീകരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ലൈംഗിക ബന്ധത്തിലൂടെ സ്തീകളില്‍ നിന്നും പുരുഷനിലേക്ക് രോഗം പകര്‍ന്നതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. സിക വൈറസ് ആര്‍ എന്‍ എ വഴി മൈക്രോ സെഫാലി(ചെറിയ തലയുള്ള ഗര്‍ഭസ്ഥ ശിശു) ഉള്ള അമ്മയില്‍ നിന്നും കുട്ടികളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രോഗം പ്രതിരോധിക്കാനുള്ള ഒരു മരുന്നും ഇതുവരെ പരീക്ഷിച്ച് വിജയിപ്പിക്കാനായിട്ടില്ലെന്നതാണ് വസ്തുത. ഇതാണ് ജനങ്ങളില്‍ ആശങ്കയുളവാക്കുന്നത്. മഞ്ഞപ്പനിക്ക് 1930ല്‍ വാക്‌സിന്‍ കണ്ടെത്തിയിരുന്നു. 2010ലാണ് ഡിങ്കിപ്പനിക്ക് എതിരായ വാക്‌സിന്‍ നിര്‍മിക്കാനായത്. 2016 ഫെബ്രുവരി മാസത്തില്‍ പല മരുന്ന് നിര്‍മാണ കമ്പനികളും അവകാശപ്പെടുന്നത് സിക വൈറസ് വാക്‌സിന്‍ ജന്തുക്കളില്‍ പരീക്ഷണത്തിന് തയ്യാറാക്കി വരുന്നുവെന്നാണ്. ബ്രസീല്‍, എന്‍ സാവഡോര്‍, കൊളംബിയ, ജമൈക്ക, പോര്‍ട്ടോറിക്ക എന്നീ രാജ്യങ്ങളില്‍ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നത് അവിടങ്ങളിലെ സര്‍ക്കാറുകള്‍ വിലക്കിയിട്ടുണ്ട്. 1947ലാണ് റിസസ് എന്ന ഒരിനം കുരങ്ങില്‍ നിന്നും സിക വൈറസ് ലോകത്ത് ആദ്യമായി വേര്‍തിരിച്ചെടുക്കുന്നത്. ഉഗാണ്ട, നൈജീരിയ എന്നിവിടങ്ങളില്‍ സിക വൈറസ് പനി ബാധിച്ച മനുഷ്യരില്‍ നിന്ന് വൈറസിനെ വേര്‍തിരിച്ചെടുക്കുന്നത് 1954ലാണ്. 1951 മുതല്‍ 1981 വരെയുള്ള കാലഘട്ടങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഈജിപ്ത്, സീയാറലിയോണ്‍, ടാന്‍സാനിയ, ഉഗാണ്ട എന്നിവിടങ്ങളിലും ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും സി ക വൈറസ് കണ്ടെത്തിയിരുന്നു. 2016 ജനുവരിയിലാണ് അമേരിക്കയില്‍ സിക വൈറസ് ആദ്യമായി കണ്ടത്. ഇന്ന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ന്യൂസിലാന്‍ഡ്, യു കെ, കാനഡ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ ജനങ്ങളെ സിക വൈറസ് കണ്ടെത്തിയ രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരം വിലക്കിയിട്ടുണ്ട്. ഇന്ന് ആഫ്രിക്ക, അമേരിക്ക, ഏഷ്യ, പെസഫിക് എന്നീ ഭൂകണ്ഡങ്ങളിലെ സിക വൈറസ് ചെന്നെത്തിയിട്ടുണ്ട്. സിക വൈറസ് പരത്തുന്ന ഈഡിസ് കൊതുകകള്‍ക്ക് 400 മീറ്ററിലധികം പറക്കാനാകില്ല എന്നിരിക്കിലും കൊതുകിനെ ഇന്ന് ലോകവ്യാപകമായി കണ്ടുവരുന്നുണ്ട്. കൊതുകിന് വാഹനങ്ങളിലൂടെയും ചെടികളിലൂടെയും യാത്ര ചെയ്യാനാകും. ചെടികള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഈഡിസ് കൊതുക് അതൊടൊപ്പം മറ്റു രാജ്യങ്ങളിലെത്താവുന്നതാണ്. രോഗബാധിതരായ മനുഷ്യരുടെ രക്തം കുടിക്കുന്ന കൊതുകുകളില്‍ സിക വൈറസ് ചെന്നെത്തുന്നു. മനുഷ്യര്‍ ഒരു രാജ്യത്ത് നിന്ന് മറ്റു രാജ്യങ്ങളിലെത്തുമ്പോള്‍ കൊതുക് നിരവധി തവണ കടിക്കാനിടയായാല്‍ വൈറസ് ബാധയുണ്ടാകാം. യാത്ര ചെയ്യുന്ന രോഗബാധിതരാണ് സിക രോഗം രാജ്യാന്തരമായി പരത്തുന്നതിന് കാരണമായിട്ടുള്ളത്. ഈഡിസ് കൊതുകുകള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. ആയതിനാല്‍, മഴ പെയ്യാത്ത രാജ്യങ്ങളില്‍ ചെളിക്കുഴികളിലും മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും വര്‍ധിക്കുമ്പോള്‍ സിക രോഗബാധയുണ്ടാക്കുന്ന കൊതുക് പെരുകുന്നതിനാല്‍ രോഗം വര്‍ധിക്കുന്നതിന് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ സിക വൈറസ് രോഗം മനുഷ്യരില്‍ സ്ഥരീകരിച്ചിട്ടില്ലെങ്കിലും ഈഡിസ് ഈജിപ്തി കൊതുകുകള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ഡിങ്കി പനിയും ചിക്കുന്‍ ഗുനിയയും മഞ്ഞപ്പനിയും ജപ്പാന്‍ ജ്വരവും കണ്ടെത്തിയ സ്ഥലങ്ങളില്‍ സിക പനിയും വരാന്‍ ഏറെ സാധ്യതകളുണ്ട്. ഈഡിസ് കൊതുകുകള്‍ പെരുകാനുള്ള അവസരം ഒഴിവാക്കുകയാണ് രോഗം തടയാനുള്ള ഏക മാര്‍ഗം. വെളിച്ചത്തോട് പ്രതികരിക്കുന്നതിനാല്‍ കൊതുകുകള്‍ രാവിലെ നേരം വെളുക്കുന്ന സമയങ്ങളിലും രാത്രി സന്ധ്യാ നേരത്തുമാണ് കൂടുതലായി പുറത്ത് കണ്ടുവരുന്നത്. ഈ സമയങ്ങളില്‍ കൊതുകുകടി കൊള്ളുന്നത് ഒഴിവാക്കണം. കണ്ണൊഴികെയുള്ള ഭാഗങ്ങള്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊതുക് കടിയില്‍ നിന്നു രക്ഷ നേടുന്നതിന് നല്ലതാണ്. കൊതുകിനെ കൊല്ലാന്‍ രാസകീടനാശിനികള്‍ ഉപയോഗിക്കുന്നത് ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അപകടകരമായതിനാല്‍ ഒഴിവാക്കുന്നതാണ് നല്ലത്. ക്ഷീണം അകറ്റാന്‍ വിശ്രമിക്കുന്നതും ഡീഹൈഡ്രോഷന്‍ തടയാന്‍ പാനീയങ്ങള്‍ ധാരാളം ഉപയോഗിക്കുന്നതും സിക രോഗികള്‍ക്ക് ആശ്വാസമായിരിക്കും. ആസ്പിരിന്‍, സ്റ്റിറോയിഡ് എന്നീ മരുന്നുകള്‍ കഴിക്കുന്നത് ഈ രോഗികള്‍ ഒഴിവാക്കണം. വൃത്തിയുള്ള ചുറ്റുപാടും കൊതുകു നിര്‍മാര്‍ജനവും കാര്യക്ഷമമായി നടത്തിയാല്‍ മാത്രമേ സിക വൈറസ് പനിയില്‍ നിന്ന് മോചനമാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here