Connect with us

National

പാട്യാല ഹൗസ് കോടതിയില്‍ നടന്ന സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പാട്യാല ഹൗസ് കോടതിയില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കോടതികളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. കോടതി അസ്ഥിരമായാല്‍ ഭരണസംവിധാനം തകരുന്ന സ്ഥിതിയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിയ്ക്കണമെന്ന് അഭിഭാഷകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും കോടതി നല്‍കി. വിഷയം ഇനിയും വഷളാകരുത്. എല്ലാവരും മിതത്വം പാലിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കനയ്യ കുമാറിനും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ബി.ജെ.പി അനുഭാവികളായ അഭിഭാഷകര്‍ നടത്തിയ അക്രമം സംബന്ധിച്ച് കപില്‍ സിബല്‍, രാജീവ് ധവാന്‍, ദുഷ്യന്ത് ദവെ തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകര്‍ അംഗങ്ങളായ കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് ഉച്ചക്ക് രണ്ട് മണിക്ക് സുപ്രീംകോടതി പരിഗണിക്കും. ബി.ജെ.പി അനുഭാവിയും മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമായ വിക്രം ചൗഹാന്‍ എന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു അക്രമം.

അതേസമയം, കനയ്യ കുമാറിന് എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി പൊലീസ് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാമ്പസിനുള്ളില്‍ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി.

രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസി പ്രധാനമന്ത്രിയുടെ ഓഫിസിലെത്തി കഴിഞ്ഞ ദിവസം വിശദീകരിച്ചത്. ജെ.എന്‍.യുവില്‍ നടന്ന സംഭവങ്ങള്‍ക്ക് പുറത്തുനിന്ന് വ്യക്തമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും കനയ്യക്ക് ക്ലീന്‍ചിറ്റ് നല്‍കാനാവില്ലെന്നും ബസി വ്യക്തമാക്കിയിരുന്നു.