Connect with us

Kerala

ബി.ഡി.ജെ.എസ് ആരുമായും രഹസ്യചര്‍ച്ച നടത്തിയിട്ടില്ല: തുഷാര്‍ വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: ബി.ഡി.ജെ.എസ് ആരുമായും രഹസ്യചര്‍ച്ച നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പിയുമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റാരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഒരു മുന്നണിയുടെയും ഭാഗമാകാമെന്ന ഉറപ്പും നല്‍കിയിട്ടില്ല. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വെള്ളാപ്പള്ളി നടേശനെ പല രാഷ്ട്രീയ നേതാക്കളും കാണാറുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ ചെയര്‍മാനായി താന്‍ വന്നതിന് ശേഷം ആരുമായും ബി.ഡി.ജെ.എസ് ഇങ്ങനെയൊരു ചര്‍ച്ച നടത്തിയിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തിനു മുമ്പായി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ സുഭാഷ് വാസുവിനെ ഏല്‍പ്പിച്ചിരുന്നതാണെന്നും, ബിഡിജെഎസിന്റെ അധ്യക്ഷന്‍ താന്‍ തന്നെയാണെന്നും, പാര്‍ട്ടിക്കുള്ളില്‍ ഇതു സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പങ്ങളും നിലവില്‍ ഇല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.ഓഫിസിലിരിക്കാനോ എം.എല്‍.എയോ എം.പിയോ ആകാന്‍ താല്‍പര്യമുള്ള ആളല്ല താന്‍. പാര്‍ട്ടി ഉണ്ടാക്കിയതിലൂടെ സംഘടന വളര്‍ത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം സീറ്റുകളിലെങ്കിലും തങ്ങള്‍ മത്സരിക്കും. മൊത്തം സീറ്റിന്റെ അഞ്ച് ശതമാനം സീറ്റില്‍ മത്സരിച്ചാലേ ഇലക്ഷന്‍ കമീഷന്‍ ചിഹ്നം അനുവദിച്ച് തരികയുള്ളൂ എന്നതിനാലാണിത് എന്നും തുഷാര്‍ പറഞ്ഞു.

കേരളത്തിലെ രണ്ട് മുന്നണികളുമായും രഹസ്യചര്‍ച്ച നടത്തിയിരുന്നുവെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് തങ്ങള്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുന്നണി നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Latest