Connect with us

Wayanad

വേദന കടിച്ചിറക്കി പിഞ്ചുബാലന്‍

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും നടക്കേണ്ട ഇളം പ്രായത്തില്‍ തന്നെ മാറാ രോഗത്തിന്റെ പിടിയിലകപ്പെട്ട ബത്തേരി മാതമംഗലം മണ്ണൂര്‍കുന്ന് പണിയ പാടിയിലെ ഏഴ് വയസ്സുകാരന്‍ രാജേഷ് വേദന കടിച്ചിറക്കി വീടിന്റെ വരാന്തയില്‍ കാലിലെ വ്രണത്തില്‍ തുണികൊണ്ട് തുടച്ച് ഈച്ചയെ അകറ്റി ജീവിതം തള്ളി നീക്കുകയാണ്.

മൂന്ന് വയസ്സ് കഴിഞ്ഞപ്പോള്‍ ശരീരത്തിന്റെ പിന്‍ഭാഗത്ത് നട്ടെല്ലിന്റെ കീഴ് ഭാഗത്തുണ്ടായ ഒരു മുഴയാണ് ഈ ബാലന്റെ ജീവിതം തകര്‍ത്തത്. സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ല. പാടിയിലെ വേലു-രാധ ദമ്പതികളുടെ ഇളയമകനാണ് ഈ കുട്ടി. കാലിന്റെ ഉപ്പൂറ്റിക്ക് പഴുപ്പും വേദനയുമാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. രാജേഷ് അറിയാതെ തന്നെ മലമൂത്ര വിസര്‍ജനവൂം നടക്കും ഇക്കാരണത്താല്‍ കൂലിപണിക്ക് പോലും പോകാനാവാതെ അമ്മ രാധ രാജേഷിന് കാവലിരിപ്പാണ്. രോഗം എന്താണെന്ന് അറിയില്ലെന്നാണ് വേലുവും രാധയും പറയുന്നത്.

രാജേഷിന്റെ മൂത്ത സഹോദരി ഗീത പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയാണ്.
മണ്ണൂര്‍കുന്ന് പണിയപാടിയിലെ അഞ്ച് സെന്റ് ഭൂമിയില്‍ അഞ്ച്‌വീടുകളാണുളളത്, ആരോഗ്യവകുപ്പ് പ്രദേശത്ത് നടത്തുന്ന സൗജന്യ മെഡിക്കല്‍ക്യാമ്പിലെ സ്ഥിരസാന്നിധ്യമാണ് ഈ കുട്ടി. എങ്കിലും രോഗമെന്താണെന്ന് സ്ഥിരീകരിക്കുന്നതിനോ വിദഗ്ധ ചികിത്സക്കോ ഒരു പരിഹാരവും നിര്‍ദേശിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും വേലു പറയുന്നു. സന്നദ്ധ സംഘടനയായ ഏകല്‍വിദ്യാലയം പ്രവര്‍ത്തകരാണ് രാജേഷിന്റെ ദയനീയ അവസ്ഥ പുറം ലോകത്തെ അറിയിച്ചത്.

Latest