Connect with us

Wayanad

നിയന്ത്രണങ്ങളില്ല; നക്‌സല്‍ വര്‍ഗീസ് രക്തസാക്ഷി ദിനാചരണം ഇന്ന്

Published

|

Last Updated

മാനന്തവാടി: പോലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും കര്‍ശന പരിശോധനകളോ മറ്റു നിയന്ത്രണങ്ങളോ ഇല്ലാതെ നക്‌സല്‍ വര്‍ഗ്ഗീസിന്റെ രക്തസാക്ഷിത്വ ദിനാചരണത്തിന് കളമൊരുങ്ങുന്നു. ജില്ലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രൂപേഷ് പിടിയിലായതോടെയാണ് ഈ വര്‍ഷത്തെ വര്‍ഗീസ് രക്തസാക്ഷി ദിനത്തിന് കൂടുതല്‍ മുന്‍കരുതലുകളെടുക്കാന്‍ പോലീസ് മുതിരാത്തത്. ജില്ലയില്‍ പ്രത്യേകിച്ചും മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലും തണ്ടര്‍ബോള്‍ട്ടിന്റെയും, ആന്റി നക്‌സല്‍ സ്‌ക്വാഡിന്റെയും പഴുതടച്ച പരിശോധനകളും മുന്‍കരുതലുകളുമുണ്ടായിരുന്നു.
വര്‍ഗീസ് 1970 ഫെബ്രുവരി 18-നായിരുന്നു തിരുനെല്ലിയിലെ കമ്പമലയില്‍ പോലീസുകാരന്റെ വെടിയേറ്റ് മരിച്ചത്. അടിയാള വര്‍ഗത്തിന്റെ ജില്ലയിലെ ആദ്യത്തെ അവകാശ സമരത്തിന് നേതൃത്വം നല്‍കിയ വര്‍ഗീസ് വെള്ളമുണ്ടയിലെ മെച്ചപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു. പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പോലീസ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഏറ്റുമുട്ടലിലല്ല വര്‍ഗ്ഗീസ് മരിച്ചതെന്ന് വര്‍ഗീസിനെ വെടിവെച്ച ഹെഡ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് 1999-ല്‍ ഈ കേസ് സി.ബി.ഐ. ഏറ്റെടുത്തു. 2010-ല്‍ വെടിവെക്കാന്‍ നേതൃത്വം നല്‍കിയ ഐ.ജി. ലക്ഷ്മണയുള്‍പ്പടെ കുറ്റക്കാരാണെന്ന് കണ്ടെത്തിയുള്ള കോടതിവിധി വന്നു. എന്നാല്‍ ഏതാനും വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ലക്ഷ്മണയെ സര്‍ക്കാര്‍ മോചിപ്പിക്കുകയും ഇതിനെതിരെ വര്‍ഗ്ഗീസിന്റെ കുടുംബം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ജില്ലയിലെ കര്‍ഷകരെയും ആദിവാസികളെയും സംഘടിപ്പിച്ച് ജനകീയ യുദ്ധത്തിന് തുടക്കംകുറിച്ച വര്‍ഗീസിന്റെ സഹയാത്രികരെല്ലാം സായുധ വിപ്ലവത്തിന്റെ പാതയില്‍ നിന്നും മാറികഴിഞ്ഞു. വര്‍ഗീസ് ഉള്‍പ്പട്ട സി.പി.ഐ(എം.എല്‍) ആവട്ടെ പലവിഭാഗങ്ങളായി മാറി. വര്‍ഗീസിന്റെ അനുസ്മരണത്തില്‍ കൂടുതല്‍ തീവ്രത പുലര്‍ത്തുന്നത് പോരാട്ടം എന്ന സംഘടന മാത്രമാണ്. പശ്ചിമഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ പോരാളികളാണ് വര്‍ഗീസിന്റെ പാത പിന്തുടരുന്നവരെന്നും, ഇവരിലാണ് പ്രതീക്ഷയെന്നും വര്‍ഗീസ് അനുസ്മരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയില്‍ പോരാട്ടം വടക്കന്‍ മേഖല കൗണ്‍സില്‍ പറയുന്നു.
ഇന്ന്് വൈകിട്ട് നാലുമണിക്ക് തലപ്പുഴയിലാണ് പോരാട്ടം രക്തസാക്ഷിദിനം സംഘടിപ്പിക്കുന്നത്. സംസ്ഥാന ചെയര്‍മാന്‍ എം.എന്‍. രാമനുണ്ണി പങ്കെടുക്കുന്ന പരിപാടിയില്‍ ഞാറ്റുവേല സംഘം നടത്തുന്ന കലാ-സാംസ്‌കാരിക പ്രതിരോധവും ഉണ്ടായിരിക്കും. സി.പി.ഐ(എം.എല്‍) റെഡ് ഫഌഗ് നടത്തുന്ന രക്തസാക്ഷിദിനാചരണം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം.എസ്. ജയകുമാര്‍, സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍ എന്നിവര്‍ പങ്കെടുക്കും.
18ന് രാവിലെ തിരുനെല്ലി കൂമ്പാരക്കുനി വര്‍ഗീസ് പാറയിലും ഒഴുക്കന്മൂലയിലെ വര്‍ഗീസ് ശവകുടീരത്തിലും പതാക ഉയര്‍ത്തി പ്രഭാതഭേരി മുഴക്കും. സി.പി.ഐ(എം.എ)യുടെ നേതൃത്വത്തില്‍ വൈകിട്ട് പ്രകടനവും, പൊതുയോഗവും ഗാന്ധിപാര്‍ക്കില്‍ നടക്കും. കേന്ദ്ര കമ്മിറ്റിയംഗം പി.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്യും.

Latest