Connect with us

Kerala

കൊച്ചിയില്‍ ഗ്യാസ് ഇനി പൈപ്പിലൂടെ

Published

|

Last Updated

കൊച്ചി: കൊച്ചി നഗരത്തില്‍ പാചകവാതകം പൈപ്പ് ലൈനിലൂടെ നേരിട്ട് വീടുകളിലെത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതിക്ക് അടുത്ത ആഴ്ച തുടക്കം. കളമശേരി മെഡി. കോളജിന് കണക്ഷന്‍ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. മെഡി. കോളജിലെ കാന്റീനുകളിലും ഹോസ്റ്റലുകളിലുമായി ആറ് കണക്ഷനുകളാണ് നല്‍കുന്നത്. ആദ്യഘട്ട വാതക കണക്ഷന്‍ നല്‍കുന്നതിനുള്ള ജോലികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി.
ദ്രവീകൃത പ്രകൃതി വാതകമാണ് (എല്‍ എന്‍ ജി)സിറ്റി ഗ്യാസ് പദ്ധതി വഴി നല്‍കുന്നത്. ഓരോ ഘട്ടവും പൂര്‍ത്തിയാകുന്ന മുറക്ക് അതാത് പ്രദേശങ്ങളില്‍ പൈപ്പ് ലൈന്‍ വഴി പ്രകൃതിവാതക കണക്ഷന്‍ ലഭ്യമാക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊച്ചി നഗരത്തിലെ എല്ലാ മേഖലയിലും സിറ്റി ഗ്യാസ് ലഭ്യമാക്കാനാണ് പദ്ധതി. 10 ലക്ഷം കുടുംബങ്ങള്‍ക്കാണ് പാചക വാതകം എത്തുക. അദാനി ഗ്രൂപ്പും ഇന്ത്യന്‍ ഓയിലും ചേര്‍ന്ന സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐ ഒ എ ജിപി എല്‍) പദ്ധതിയുടെ ചുമതല.
പുതുവൈപ്പ് എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നാണ് പ്രകൃതിവാതകം വിതരണം ചെയ്യുന്നത്. നിലവില്‍ കൊച്ചിയിലെ പ്രമുഖ വ്യവസായശാലകള്‍ക്ക് എല്‍ എന്‍ ജി വിതരണം ചെയ്യുന്നതിനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) കിലോമീറ്ററുകള്‍ നീളമുള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പൈപ്പ്‌ലൈനുമായി ചെറിയ പൈപ്പുകള്‍ ബന്ധിപ്പിച്ചാണ് സിറ്റി ഗ്യാസ് പദ്ധതിയിലൂടെ പ്രകൃതിവാതകം വിതരണം ചെയ്യുന്നത്.
ഇപ്പോള്‍ ഉപയോഗിക്കുന്ന എല്‍പിജിയില്‍ നിന്ന് പി എന്‍ ജി അഥവാ പൈപ്പ്ഡ് ഗ്യാസിലേക്ക് മാറുമ്പോള്‍ ചെലവ് 40 ശതമാനം വരെ കുറയുമെന്നാണ് പ്രതീക്ഷ. ഇറക്കുമതി ചെയ്യുന്ന എല്‍ എന്‍ ജിക്ക് ഒരു യൂനിറ്റ് 19 ഡോളര്‍ ചെലവ് വരുമ്പോള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഗ്യാസിന് പുതുക്കിയ നിരക്ക് പ്രകാരം 8.4 ഡോളര്‍ മാത്രമേ വരുന്നുള്ളൂ.
എല്‍ പി ജി സിലിണ്ടര്‍ ലഭ്യതക്ക് തടസങ്ങളുണ്ടാകുന്നതു പതിവാണ്. പ്രകൃതി വാതക പൈപ്പ് ലൈന്‍ വരുന്നതോടെ പാചക വാതക ക്ഷാമം പഴങ്കഥയാകും. ടാപ്പ് തുറന്ന് ആവശ്യത്തിന് പാചകവാതകം ഉപയോഗിക്കാം. എല്‍ പി ജിയെ അപേക്ഷിച്ചു പ്രകൃതിവാതകത്തിനു കൂടുതല്‍ ഇന്ധനക്ഷമതയുണ്ട്. പൊട്ടിത്തെറി സാധ്യതയും കുറവാണ്. പ്രകൃതി വാതക പൈപ്പ് ലൈനുകള്‍ പോകുന്ന വഴിയില്‍ ഓരോ 150 മീറ്റര്‍ അകലത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടാകും. മൂന്നുതരം ഗ്യാസ് വിതരണം ചെയ്യാന്‍ കഴിയുന്ന പൈപ്പ് സംവിധാനമാണ് കൊച്ചിയില്‍ ഒരുക്കുന്നത്. പൈപ്പിലൂടെയുള്ള പാചക വാതകത്തിനു പുറമെ വാഹനങ്ങള്‍ക്കുള്ള കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് അഥവാ സി എന്‍ ജി വ്യവസായങ്ങള്‍ക്കുള്ള എല്‍ എന്‍ ജി എന്നിവയും നല്‍കും.
നിലവില്‍ ഗെയില്‍ സ്ഥാപിച്ചിട്ടുള്ള 45 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ ട്രങ്ക് ലൈനായി ഉപയോഗിക്കും. ഗെയ്‌ലിന്റെ ട്രങ്ക് ലൈനില്‍ നിന്നുള്ള വാതകം മര്‍ദം കുറച്ചു ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കാവുന്ന വാതകമായി മാറ്റുകയാണു ചെയ്യുന്നത്. ട്രങ്ക് ലൈനില്‍ നിന്ന് ചെറു പൈപ്പുകള്‍ സ്ഥാപിച്ചായിരിക്കും ഗാര്‍ഹികാവശ്യത്തിനുള്ള പ്രകൃതിവാതകം ലഭ്യമാക്കുക. ഉരുക്ക് നിര്‍മിതമായ പൈപ്പുകള്‍ വഴിയാണ് വീടുകളിലും ഫഌറ്റുകളിലും വാതകം എത്തിക്കുന്നത്.
പ്രകൃതി വാതക വിതരണത്തിനായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമതടസങ്ങളെല്ലാം നീങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest