Connect with us

Kerala

അന്താരാഷ്ട്ര അറബിക് വായനാ മത്സരം ഇന്ത്യയിലും

Published

|

Last Updated

തിരുവനന്തപുരം:വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളുമായി അന്താരാഷ്ട്ര അറബിക് വായനാ മത്സരം ഇന്ത്യയിലും. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം മുന്‍കൈയെടുത്ത് ആരംഭിച്ച മത്സരത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു കൂടി സംബന്ധിക്കാനാകും.
മത്സര പരിപാടിയുടെ ഇന്ത്യന്‍ ആസ്ഥാനമായി മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയെ തിരഞ്ഞെടുത്തതായി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 ഒക്‌ടോബറില്‍ ദുബൈ ഭരണാധികാരി ഉദ്ഘാടനം ചെയ്ത മത്സര പരിപാടികള്‍ ഈ മാസം മുതലാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. മെയ് അവസാനത്തില്‍ ദുബൈയില്‍ ഫൈനല്‍ നടക്കും. പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലാണ് മത്സരം. ഒരു വിദ്യാര്‍ഥി അറബി ഭാഷയിലുള്ള അമ്പത് പുസ്തകങ്ങളാണ് വായിക്കേണ്ടത്. വായിച്ച പുസ്തകങ്ങളെപ്പറ്റി രേഖപ്പെടുത്താന്‍ പ്രത്യേക റീഡിംഗ് പാസ്‌പോര്‍ട്ട് വിതരണം ചെയ്യും. ഒരു പാസ്‌പോര്‍ട്ടില്‍ പത്ത് പുസ്തകങ്ങളുടെ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. മത്സരത്തില്‍ സംബന്ധിക്കുന്ന സ്‌കുളുകളില്‍ നിന്ന് ഫൈനല്‍ റൗണ്ടില്‍ പത്ത് പേരെ തിരിഞ്ഞെടുക്കും. പിന്നീട് സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും മത്സരം. ഏപ്രില്‍ അവസാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പത്ത് വിജയികളെ തിരഞ്ഞെടുക്കും. ഇവര്‍ ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തില്‍ സംബന്ധിക്കും. ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥിക്ക് ഒന്നര ലക്ഷം അമേരിക്കന്‍ ഡോളറാണ് (ഏകദേശം ഒരു കോടി മൂന്ന് ലക്ഷം രൂപ) സമ്മാനം. ഏറ്റവും നല്ല സ്‌കൂള്‍, മികച്ച അധ്യാപകന്‍, സൂപ്പര്‍ വൈസര്‍ എന്നീ വിഭാഗങ്ങളിലും പ്രത്യേക സമ്മാനങ്ങളുണ്ട്. അധ്യാപകര്‍ക്കും സൂപ്പര്‍വൈസര്‍മാക്കുമായി മൂന്ന് ലക്ഷം ഡോളറിന്റെ (രണ്ട് കോടി അഞ്ച് ലക്ഷം രൂപ) സമ്മാനമാണ് നല്‍കുക. ഓരോ രാജ്യത്തിനും പ്രത്യേകമായി പ്രൈസുകളും 50 പുസ്തകങ്ങള്‍ വായിച്ച എല്ലാ കുട്ടികള്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും നല്‍കും. എല്ലാ ഇനത്തിലുമായി മുപ്പത് ലക്ഷം ഡോളറിന്റെ (ഇരുപത് കോടി അറുപത് ലക്ഷം രൂപ) സമ്മാനങ്ങളാണ് നല്‍കുക. അമ്പത് മില്ല്യന്‍ പുസ്തകങ്ങള്‍ മത്സര കാലയളവില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് വായിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഇന്ത്യന്‍ ഓഫീസ് മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ ആരംഭിച്ചു.
മത്സരത്തില്‍ സംബന്ധിക്കുന്നതിന് ംംം.മൃമയൃലമറശിഴരവമ ഹഹലിഴല.രീാ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള റീഡിംഗ് പാസ്‌പോര്‍ട്ടുകള്‍ മഅ്ദിന്‍ അക്കാദമിയില്‍ നിന്ന് വിതരണം ചെയ്യും. മഅ്ദിന്‍ അക്കാദമിയുടെ 20 ാം വാര്‍ഷികമായ വൈസനിയം ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഈ മത്സരത്തിന് ആതിഥ്യമരുളുന്നത്. വിവരങ്ങള്‍ക്ക്: 9061382356, 9142619890. ഇ മെയില്‍: മൃരശിറശമ@ാമറശി.ലറൗ.ശി. എ സൈഫുദ്ദീന്‍ ഹാജി (കണ്‍. വൈസനിയം), അബ്ബാസ് പനക്കല്‍ (കോ ഓര്‍ഡി., റീഡിംഗ് ചലഞ്ച്), ഉമര്‍ മേല്‍മുറി (കോ ഓര്‍ഡിനേറ്റര്‍, റീഡിംഗ് ചലഞ്ച്) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.