താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കണം: നിയമസഭാ സമിതി

Posted on: February 18, 2016 9:19 am | Last updated: February 18, 2016 at 9:19 am

employmentതിരുവനന്തപുരം:താല്‍ക്കാലിക ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപോര്‍ട്ട് ചെയ്യണമെന്ന നിബന്ധന കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാസമിതി. പി എസ് സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത എല്ലാ തസ്തികകളിലെയും ഒഴിവുകളില്‍ കരാര്‍, ദിവസവേതന നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പെടെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും എല്ലാ താല്‍ക്കാലിക ഒഴിവുകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നത് സംബന്ധിച്ച് സര്‍ക്കാറിന്റെ പരിഗണനയിലുള്ള ബില്ലില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. ജോസഫ് വാഴക്കന്‍ ചെയര്‍മാനായ സമിതിയുടെ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവെച്ചു.
ഏകീകൃത മാതൃകയിലുള്ള സീനിയോറിറ്റി ലിസ്റ്റ് ഏതൊരാള്‍ക്കും മനസ്സിലാക്കുന്നവിധം എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും തയ്യാറാക്കി പ്രദര്‍ശിപ്പിക്കണം. സീനിയോറിറ്റി മറികടന്ന് ഉദ്യോഗാര്‍ഥികളെ നാമനിര്‍ദേശം ചെയ്യരുത്. ഒരാളെ ഒരിക്കല്‍ നിയമിച്ചുകഴിഞ്ഞാല്‍ അവരെ വീണ്ടും നിയമിക്കുന്ന പ്രവണതയുണ്ടാകുന്നതാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വിശ്വാസത്തകര്‍ച്ചക്ക് പ്രധാനകാരണമെന്ന് സമിതി വിലയിരുത്തി. അതിനാല്‍, സീനിയോറിറ്റി ലിസ്റ്റ് തുടര്‍ച്ചയായി പുതുക്കണമെന്ന് സമിതി ശിപാര്‍ശ ചെയ്തു.
നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥിയെ നിശ്ചിതകാലയളവ് കഴിയുമ്പോള്‍ പിരിച്ചുവിട്ടോയെന്ന് അന്വേഷിക്കുന്നതിനും ബന്ധപ്പെട്ട സ്ഥാപനത്തില്‍നിന്ന് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ നടപടിക്രമമുണ്ടാകണം. സീനിയോറിറ്റി സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപവത്കരിക്കണം.
സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗദായകര്‍ക്ക് നേരിട്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ നിലവിലുള്ള ലിസ്റ്റില്‍നിന്ന് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ സംവിധാനമുണ്ടാകണം. കൂടാതെ ഇപ്രകാരം നിയമനം ലഭിച്ചവര്‍ക്ക് നിശ്ചിതശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം യാതൊരുവിധ ചൂഷണത്തിനും വിധേയരാകാതിരിക്കുന്നതിനുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ കൊണ്ടുവരണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഓണ്‍ലൈന്‍ സേവനം യൂസര്‍ ഫ്രണ്ട്‌ലി ആകണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എസ് എം എസ് അലര്‍ട്ട് നല്‍കുന്നതിനും സംവിധാനമുണ്ടാകണം. വാട്ടര്‍ അതോറിറ്റിയിലെ പമ്പ് ഓപറേറ്റര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയില്‍ കൊണ്ടുവരണം.
കെ എസ് എഫ് ഇയിലെ നിയമനങ്ങള്‍ക്കായുണ്ടാക്കിയ കരാര്‍ കാലാവധി തീരുന്ന മുറക്ക് റദ്ദാക്കണം. ഈ നിയമനങ്ങളെല്ലാം പി എസ് സി അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കണം. നൈപുണ്യവികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്നും സമിതി റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍, വി ടി ബെല്‍റാം, അന്‍വര്‍ സാദത്ത്, ജി എസ് ജയലാല്‍, ആര്‍ രാജേഷ്, ടി വി രാജേഷ്, ബി സത്യന്‍, കെ എം ഷാജി എന്നിവരാണ് സമിതി അംഗങ്ങള്‍.